
പത്തനംതിട്ട: ഉയരത്തില്‍ ജോലിചെയ്യുന്നവരുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇനി കൂടുതല്‍ കര്‍ശനമാക്കും. തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും ഹെല്‍മറ്റും സുരക്ഷാ ബെല്‍റ്റും നിര്‍ബന്ധമാക്കും. നിയമം പാലിക്കാതെ അപകടത്തില്‍പ്പെട്ടാല്‍ തൊഴില്‍ ഉടമയും കുടുങ്ങും. ഒപ്പം നഷ്ടപരിഹാരം ലഭിക്കുന്നതിനും തടസമാകും.
തെങ്ങില്‍ നിന്ന് വീഴുന്ന തൊഴിലാളിക്ക് ചികിത്സാ സഹായവും മരിക്കുന്നവരുടെ കുടുംബത്തിന് ധനസഹായവും ലഭിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കൃഷിവകുപ്പിന്റെയും പദ്ധതികള്‍ ഉണ്ട്. തൊഴിലുടമയില്‍ നിന്ന് നിയമപരമായ നഷ്ടപരിഹാരം ആവശ്യപ്പെടാനും അര്‍ഹതയുണ്ട്. നാളികേര വികസന ബോര്‍ഡ് മുഖേന നടപ്പാക്കിയ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ തൊഴിലാളി അംഗമായിരിക്കണമെന്ന നിബന്ധനയും കര്‍ശനമാക്കും. കേരമിത്ര പോലുള്ള സുരക്ഷിത തെങ്ങുകയറ്റ യന്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.
സുരക്ഷാ ക്രമീകരണം ഉണ്ടായിട്ടും അപകടമരണം സംഭവിച്ചാല്‍ ഏഴ് ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടും. പരിക്കേറ്റവര്‍ക്ക് ചികിത്സക്കായി രണ്ട് ലക്ഷം രൂപ വരെയും സഹായം ലഭിക്കും. നഷ്ടപരിഹാര നിയമപ്രകാരം തൊഴിലുടമയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാനും തൊഴിലാളിക്ക് അവകാശമുണ്ട്. അപകടത്തെത്തുടര്‍ന്ന് ഗുരുതര പരിക്കേല്‍ക്കുകയോ തൊഴില്‍ നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നോ, ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് മുഖേനയോ ധനസഹായത്തിന് അപേക്ഷിക്കാം. പക്ഷേ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിരിക്കണം.
ഉയരത്തിലുള്ള നിര്‍മാണജോലികള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പുതിയ തൊഴില്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഫാക്ടറീസ് ആക്ട് 1948, തൊഴില്‍ സുരക്ഷാ കോഡ് എന്നിവ പ്രകാരം മൂന്ന് മീറ്റര്‍ ഉയരത്തില്‍ ജോലി ചെയ്യുമ്പോള്‍ ഫുള്‍ ബോഡി സേഫ്റ്റി ഹാര്‍നെസ് (സുരക്ഷാ ബെല്‍റ്റ്), ഹെല്‍മറ്റ്, ആന്റി-സ്ലിപ്പ് കയ്യുറകള്‍ എന്നിവ നിര്‍ബന്ധമാണ്. താഴേക്കുവീണാല്‍ അപകടം ഒഴിവാക്കാന്‍ സേഫ്റ്റി നെറ്റുകളും ആങ്കര്‍ ലൈനുകളും ഉണ്ടാവണം.
ഉയരമുള്ള കെട്ടിടങ്ങള്‍ പണിയുമ്പോഴും ഈ നിയമങ്ങള്‍ പാലിച്ചിരിക്കണം. വന്‍കിട നിര്‍മാണങ്ങളില്‍ സേഫ്റ്റി ഉദ്യോഗസ്ഥന്റെ നിരീക്ഷണം ഉറപ്പാക്കണം. ഇതിനായി സര്‍ക്കാര്‍ അംഗീകൃത അക്രഡിറ്റഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും നിര്‍ദേശമുണ്ട്. ഇവരുടെ ശമ്പളം കരാറുകാരനൊ കെട്ടിട ഉടമയൊ നല്‍കണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മാണം നടക്കുന്നതെന്ന് വ്യക്തമാക്കുന്ന ഇവരുടെ സാക്ഷ്യപത്രം നിര്‍മാണത്തിന് ആവശ്യമാണ്.