India

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയാറായിട്ടും നേപ്പാള്‍ മോഡല്‍ കലാപനീക്കവുമായി കോക്രോച്ച് ജനതാപാര്‍ട്ടി. പാര്‍ലമെന്റ് മാര്‍ച്ചിന്റെ മറവില്‍ അഴിച്ചുവിട്ടത് വ്യാപക അക്രമം. ദുരൂഹത ഉയര്‍ത്തി ഖാലിസ്ഥാന്‍ വിഘടനവാദികളുടെയും തീവ്രവാദ സ്വാഭവ സംഘടനകളുടെയും തീവ്ര ഇടത് സംഘടനകളുടെയും സാന്നിധ്യം. യുവാക്കളെ സമരത്തിനെത്തിക്കാന്‍ പ്രത്യേക ഫണ്ടിങ്. ദല്‍ഹിയെ യുദ്ധക്കളമാക്കാന്‍ ലക്ഷ്യമിട്ടുള്ള കലാപനീക്കം

പൊളിഞ്ഞതോടെ പോലീസിന് നേരെ അക്രമം അഴിച്ചുവിട്ടു. പോലീസ് വാഹനങ്ങള്‍ തകര്‍ത്തു. കുരുമുളക് സ്പ്രേ പ്രയോഗവും കല്ലേറും ചെരുപ്പേറും. അക്രമത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്ക്. അക്രമം അതിരുവിട്ടപ്പോള്‍ സമരപന്തലടക്കം പൊളിച്ചുമാറ്റി പോലീസ്.

ക്രോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തില്‍ തീവ്ര- വിഘടനവാദ സംഘടനാ സാന്നിദ്ധ്യം ദുരൂഹത ഉയര്‍ത്തുന്നു. ഖാലിസ്ഥാന്‍ വിഘടവാദികള്‍, തീവ്ര ഇടത് സംഘടനകള്‍ തുടങ്ങിയവയുടെ പിന്തുണയോടെയായിരുന്നു അക്രമസമരംമെന്നാണ് പുറത്തുവരുന്ന വിവരം. ദേശീയ പതാകയുമായി നേപ്പാള്‍ മോഡല്‍ കലാപം എന്നാക്രോശിച്ചാണ് അക്രമം അഴിച്ചുവിട്ടത്. ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍, നിരന്തരം രാജ്യവിരുദ്ധ പരമാര്‍ശം നടത്തുന്ന നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവരുടെ സമരപന്തലിലെ സാന്നിധ്യവും ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ സമരം പൂര്‍ണമായി അക്രമത്തിലേക്ക് നീങ്ങിയത് സിപിഎം ദേശീയ നേതാക്കളായ എം.എ. ബേബി, ബൃന്ദാ കാരാട്ട് എന്നിവര്‍ സമരപന്തലിലേക്ക് എത്തിയശേഷമാണ്.

ജമ്മു കശ്മീര്‍, ഖാലിസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടായ അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും സമാനമായ രീതിയിലായിരുന്നു ഇന്നലത്തെ അക്രമം. മാത്രമല്ല യുവാക്കളെ കൂട്ടമായി സമരത്തിലേക്ക് എത്തിക്കാനുള്ള ചെലവ് പ്രത്യേക സംഘങ്ങള്‍ വഴി നല്‍കിയിട്ടുണ്ടെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ഇത് സിജെപി സമരത്തിന് വിദേശ സഹായം അടക്കം ലഭ്യമാകുന്നു എന്ന ആരോപണത്തെ ബലപ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച രാത്രിമുതല്‍ എത്തിയ അക്രമിസംഘങ്ങള്‍ സമരപന്തലുള്ള ജന്തര്‍ മന്തറിലേക്ക് എത്താതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ജന്തര്‍മന്തറില്‍ നിന്ന് ഒരുവിഭാഗം പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. നിരോധനാജ്ഞ നിലനില്‍കുന്നതിനാല്‍ പ്രതിഷേധമാര്‍ച്ച് കേരളാഹൗസിന് സമീപം പോലീസ് തടഞ്ഞു. പിന്നാലെ മരങ്ങളിലും വാഹനങ്ങള്‍ക്ക് മുകളിലും തമ്പടിച്ച അക്രമികള്‍ ചുടുകട്ടകളും കല്ലും പോലീസിന് നേരെ വലിച്ചെറിയുകയായിരുന്നു. രൂക്ഷമായ കല്ലേറില്‍ പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇതോടെ അക്രമികളെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശി.

ഇതിനിടെ സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയാറാകുന്നില്ലെന്ന സിജെപിയിടെ ആരോപണം പൊളിച്ച് രാജ്യാസഭാ കക്ഷി നേതാവും ആരോഗ്യമന്ത്രിയുമായ ജെ.പി. നഡ്ഡ സമരക്കാരെ കണ്ടു. മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കി. പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. എന്നിട്ടും പ്രതിഷേധക്കാര്‍ റാഫിമാര്‍ഗിലേക്ക് എത്തി. ബാരിക്കേഡുകള്‍ തകര്‍ത്തു. പോലീസിനും സിആര്‍പിഎഫിനും നേരെ ഹെല്‍മറ്റും ബാഗും ചെരുപ്പും കല്ലും തുടങ്ങി കൈയില്‍കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു. പോലീസിന് നേരെ കുരുമുളക് സ്പ്രേ അടിച്ചു. ലാത്തി പിടിച്ച് വാങ്ങി കോണ്‍ഗ്രസ് മുന്‍ മന്ത്രി രേണുകാ ചൗധരിയും റാഫിമാര്‍ഗിലെ അക്രമങ്ങള്‍ക്ക് ഒത്താശയേകി. ബാരിക്കേഡുകള്‍ വ്യാപകമായി മറിച്ചിട്ട് പോലീസിന് നേരെ തിരിഞ്ഞതോടെ നിരവധി തവണ കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടിവന്നു.

കലാപം ലക്ഷ്യമിട്ടുള്ള വ്യാപക അക്രമത്തിലേക്ക് സമരക്കാര്‍ നീങ്ങിയതോടെ ജന്തര്‍മന്തറിലെ സമരപ്പന്തല്‍ പൂര്‍ണമായും പോലീസ് പൊളിച്ചുനീക്കി. പ്രതിഷേധം മുന്‍നിര്‍ത്തി പലയിടത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജന്‍പഥ്, രാജീവ് ചൗക്ക്. പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, സേവാതീര്‍ത്ഥ് എന്നിവിടങ്ങളിലെ മെട്രോഗേറ്റും അടച്ചിട്ടിരുന്നു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി നഗരത്തില്‍ ഇന്റര്‍നെറ്റ് നിയന്ത്രണവും ഏര്‍പ്പെടുത്തി. ആറ് മണിക്കൂറോളം നീണ്ട കലാപനീക്കം നടക്കാതെ വന്നതോടെ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെയും സോനം വാങ്ചൂക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ജന്തര്‍ മന്തറില്‍ മറ്റൊരിടത്ത് സമരം തുടരുകയാണ്. അക്രമികള്‍ നഗരത്തിന്റെ പലിയിടങ്ങളിലായി തമ്പടിച്ചിട്ടുള്ളതിനാല്‍ ദല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

 

Recent Posts