തിരുവനന്തപുരം: ബിജെപി മുസ്ലീം വിരുദ്ധരാണെന്ന തെറ്റായ പ്രചാരണം നടത്തി വോട്ട് നേടാനുള്ള രാഷ്‌ട്രീയ നീക്കമാണ് മുസ്ലീ ലീഗും ഇടതുപക്ഷവും വഖഫ് ബോർഡ് വിഷയത്തിൽ പയറ്റുന്നതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ്. മുസ്ലിം ലീഗ് സമുദായത്തിനുള്ളിൽ തെറ്റിദ്ധാരണ പരത്തി രാജ്യത്ത് വർഗീയത വളർത്താൻ ശ്രമിക്കുന്നു. അത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
60 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസ് സർക്കാരിന് കഴിയാതിരുന്ന മുത്തലാഖ് നിരോധനം നടപ്പിലാക്കി, മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാരാണെന്നും അഡ്വ ഷോൺ ജോർജ് പറഞ്ഞു. വഖഫ് ബോർഡിൽ മുസ്ലിം ഇതര അംഗത്തെ താൻ നിയമിച്ചിട്ടില്ലെന്ന പിണറായി വിജയന്റെ വാദം പച്ചക്കള്ളമാണെന്ന് ഷോൺ ജോർജ് ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്നും കേരളം ഇന്ത്യയുടെ ഭാഗമാണെന്ന കാര്യം അവർ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എടുക്കുന്ന നിലപാടുകളെ വർഗീയവത്കരിച്ച് സമുദായത്തിനുള്ളിൽ തെറ്റിദ്ധാരണ പരത്തി പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമാകാൻ ഈ രാജ്യത്ത് വർഗീയത വളർത്താൻ മുസ്ലീം ലീഗ് ശ്രമിക്കരുത്. ഈ രാജ്യത്തൊരു നിയമമുണ്ടെങ്കിൽ അത് കേരളത്തിലെന്നല്ല ഏത് സംസ്ഥാനത്താണെങ്കിലും നടപ്പിലാക്കിയെ പറ്റു.
രാജ്യത്ത് ഏതൊക്കെ തരത്തിൽ വർഗീയത വളർത്താമോ, അതെല്ലാം ചെയ്യുകയാണ് സി.പി.എമ്മും മുസ്ലിം ലീഗുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമ്പല കമ്മിറ്റിയിൽ മുസ്ലിംകളെ ഉൾപ്പെടുത്തുമോയെന്ന ചോദ്യത്തിന് ബിജെപിക്ക് വ്യക്തമായ ഉത്തരമുണ്ടെന്നും എന്നാൽ വഖഫ് ബോർഡിനെ അമ്പല കമ്മിറ്റിയുമായി താരതമ്യം ചെയ്യാനാകില്ലെന്നും ഷോൺ ജോർജ് പറഞ്ഞു.
വഖഫ് ബോർഡ് കൈകാര്യം ചെയ്യുന്നത് മുസ്ലിം സമുദായത്തിന്റെ മാത്രം സ്വത്തുക്കളല്ല. മറ്റ് സമുദായങ്ങളുമായി ബന്ധപ്പെട്ട സ്വത്തുക്കളും വഖഫ് ബോർഡിന് കീഴിലുള്ള തർക്കവിഷയങ്ങളിലുണ്ട്. അതുകൊണ്ട് തന്നെ മഹൽ കമ്മിറ്റിയുടെ ഘടനയും വഖഫ് ബോർഡിന്റെ നിയമപരമായ ഘടനയും ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
–
















