World

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വാഷിംഗ്ടൺ: കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് അമേരിക്കയിൽ ഒരേസമയം മൂന്ന് വൻ പ്രകൃതിദുരന്തങ്ങൾ കനത്ത നാശം വിതയ്‌ക്കുന്നു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുകപടലങ്ങൾ ആകാശത്തെ മൂടിയപ്പോൾ, തെക്കൻ ടെക്സാസിൽ പ്രളയവും പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ അതിവേഗം പടരുന്ന പുതിയ കാട്ടുതീയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.

വടക്കുപടിഞ്ഞാറൻ പസഫിക് മേഖലയിൽ മിന്നലാക്രമണങ്ങളെ തുടർന്ന് ഒറ്റരാത്രികൊണ്ട് 17 പുതിയ തീപിടുത്തങ്ങൾ ഉൾപ്പെടെ നിലവിൽ 15 സംസ്ഥാനങ്ങളിലായി 68 വൻ കാട്ടുതീയാണ് ആളിപ്പടരുന്നത്.കാട്ടുതീയെ തുടർന്ന് അമേരിക്കയിലെ മൂന്നിലൊന്ന് ജനസംഖ്യ വരുന്ന ജനങ്ങൾക്ക് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വായു ഗുണനിലവാര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഷിക്കാഗോ, ഡെട്രോയിറ്റ്, മിനിയാപൊളിസ് തുടങ്ങിയ നഗരങ്ങളിൽ വായുമലിനീകരണം ലോകത്തിലെ തന്നെ ഏറ്റവും മോശം നിലയിലെത്തിയതിനെ തുടർന്ന് പാർക്കുകളും ബീച്ചുകളും താൽക്കാലികമായി അടച്ചുപൂട്ടി.

കാട്ടുതീ അടിച്ചമർത്താൻ 17,400-ലധികം അഗ്നിശമന സേനാംഗങ്ങളെയും 140 ഹെലികോപ്റ്ററുകളെയും സൈനിക വിമാനങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ 37.2 ലക്ഷം ഏക്കർ വനഭൂമിയാണ് രാജ്യത്ത് കത്തിയമർന്നത്.മറുവശത്ത്, ടെക്സാസിലെ ഹിൽ കൺട്രി മേഖലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത പ്രളയത്തിൽ രണ്ട് പേർ മരണപ്പെട്ടു.

ചിലയിടങ്ങളിൽ 60 സെന്റീമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. നദികളിലെ ജലനിരപ്പ് ഇനിയും ഉയരുമെന്ന് ടെക്സാസ് ഗവർണർ ഗ്രെഗ് ആബട്ട് മുന്നറിയിപ്പ് നൽകി. അന്തരീക്ഷ താപനില ഉയരുന്നതാണ് ഒരേസമയം കടുത്ത വരൾച്ചയ്‌ക്കും കാട്ടുതീയ്‌ക്കും, അതേസമയം തന്നെ വൻ തോതിലുള്ള അന്തരീക്ഷ ബാഷ്പീകരണത്തിലൂടെ കനത്ത പ്രളയത്തിനും കാരണമാകുന്നതെന്ന് മിഷിഗൺ സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.

 

Recent Posts