ന്യൂദല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച വെബ്സൈറ്റ് ഇന്നലെ രാത്രി മുതല്‍ നിലവില്‍ വന്നു.
https://www.irctc.co.in/eticket/ എന്ന ലിങ്ക് വഴി സൈറ്റ് സന്ദര്‍ശിക്കാം. നിലവിലുള്ള വെബ്സൈറ്റിന്റെ ഹോംപേജിലും ഈ ബീറ്റാ പതിപ്പിലേക്കുള്ള ലിങ്ക് നല്‍കിയിട്ടുണ്ട്.
മുന്‍ സൈറ്റില്‍ ഉണ്ടായിരുന്ന’അനാവശ്യ കാപ്ചകളും പോപ്-അപ്പുകളും മിന്നിമറയുന്ന ഗ്രാഫിക്സുകളും ഉള്‍പ്പെടെ ടിക്കറ്റ് ബുക്കിങ്ങിനിടെ ശ്രദ്ധതിരിക്കുന്ന ഘടകങ്ങളെല്ലാം ഒഴിവാക്കി. സ്ലീപ്പര്‍, എസി ത്രീ ടയര്‍, എസി ടു ടയര്‍ തുടങ്ങി എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരുമിച്ച് കാണാനാകുമെന്നതും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങളുടെ എണ്ണം കുറച്ചതും ബുക്കിങ് വേഗത്തിലാക്കാന്‍ സഹായിക്കും. പുതിയ വെബ്സൈറ്റിന്റെ രൂപവും പ്രവര്‍ത്തനരീതിയും നേരിട്ടറിയാനും അതിലെ സവിശേഷതകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്.
കഴിഞ്ഞ മാസമാദ്യം ജയ്‌പൂരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സന്ദര്‍ശിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ റെയില്‍വേ മന്ത്രിയോട് വെബ്സൈറ്റില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഐആര്‍സിടിസിയും സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസും (സിആര്‍ഐഎസ്) ചേര്‍ന്ന് വെബ്സൈറ്റിന്റെ ബീറ്റ വേര്‍ഷന്‍ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. 2002ലാണ് ഐആര്‍സിടിസി ആദ്യമായി വെബ്സൈറ്റ് ആരംഭിച്ചത്.











