
അറ്റ്ലാന്റ: ഒരിക്കല്‍ ഇത് ഒരു ഫുട്ബോള്‍ മത്സരം മാത്രമായിരുന്നില്ല. രണ്ട് രാജ്യങ്ങളുടെ അഭിമാനവും രണ്ട് ഭൂഖണ്ഡങ്ങളുടെ വികാരവും ഏറ്റുമുട്ടിയ ഒരു യുദ്ധമായിരുന്നു. 1966-ല്‍ ലണ്ടന്റെ ആകാശത്ത് ഉയര്‍ന്ന വിവാദങ്ങള്‍, 1986-ല്‍ മെക്സിക്കോയുടെ സൂര്യപ്രകാശത്തില്‍ മറഡോണയുടെ ഇടതുകാലില്‍ നിന്ന് ജനിച്ച ചരിത്രം, ‘ഹാന്‍ഡ് ഓഫ് ഗോഡ്’ ലോകഫുട്ബോളിന്റെ നിഘണ്ടുവില്‍ കറുപ്പായി പതിഞ്ഞ നിമിഷം, സെന്റ്-എറ്റിയെന്നിലെ പെനാല്‍റ്റി നാടകവും ബെക്കാമിന്റെ കണ്ണീരും… ഓരോ അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടവും ഒരു മത്സരത്തേക്കാള്‍ വലിയൊരു കഥയാണ്. ഇപ്പോള്‍ ആ കഥയ്‌ക്ക് മറ്റൊരു അധ്യായം കൂടി എഴുതപ്പെടുകയാണ്. അമേരിക്കന്‍ മണ്ണില്‍ ലോകകപ്പിന്റെ സെമിഫൈനല്‍ വേദിയില്‍ വീണ്ടും മുഖാമുഖം. ഒരു വശത്ത് ലോകകിരീടം നെഞ്ചോട് ചേര്‍ത്തുനില്‍ക്കുന്ന അര്‍ജന്റീന. മറുവശത്ത് അറുപത് വര്‍ഷത്തോളമായി ലോകകിരീടത്തിന്റെ ദാഹവുമായി കാത്തിരിക്കുന്ന ഇംഗ്ലണ്ട്. വിജയിക്കുന്നവര്‍ക്ക് ഫൈനലിന്റെ കവാടം തുറക്കും. ഇനി ചരിത്രമല്ല സംസാരിക്കുക; തൊണ്ണൂറ് മിനിറ്റോ, ഒരുപക്ഷേ അതിലും കൂടുതലോ നീളുന്ന പോരാട്ടമായിരിക്കും. മത്സരം രാത്രി 12.30ന് അറ്റ്ലാന്റ സ്റ്റേഡിയത്തില്‍.
അപരാജിതരുടെ നേര്‍ക്കുനേര്‍ പോരാട്ടം
നിലവിലെ ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഈ ലോകകപ്പില്‍ ഇതുവരെ തോല്‍വിയറിയാതെ മുന്നേറിയ ടീമാണ്. ആറു മത്സരങ്ങളില്‍ നിന്ന് 17 ഗോളുകള്‍ നേടിയ അവര്‍ ആക്രമണത്തില്‍ ഏറ്റവും അപകടകാരികളിലൊരാളായി മാറിയിട്ടുണ്ട്. ലയണല്‍ മെസിയുടെ നേതത്വത്തിലുള്ള ആക്രമണനിരയില്‍ ഹൂലിയന്‍ അല്‍വാരസും ലൗത്താരോ മാര്‍ട്ടിനസും മുന്‍പന്തിയില്‍ തീ പാറിക്കുമ്പോള്‍, എന്‍സോ ഫെര്‍ണാണ്ടസും അലക്സിസ് മാക് അലിസ്റ്ററും മധ്യനിരയെ നിയന്ത്രിക്കുന്നു.
ഇംഗ്ലണ്ടിന്റെ കുതിപ്പും അത്രതന്നെ ശക്തമാണ്. ഹാരി കെയ്നിന്റെ നേതൃത്വത്തില്‍ 15 ഗോളുകള്‍ നേടിയ അവര്‍, വഴങ്ങിയത് വെറും അഞ്ച് ഗോളുകള്‍. ബെല്ലിങ്ങാമിന്റെ ഊര്‍ജവും സാക്കയുടെ വേഗവും ഇംഗ്ലണ്ടിനെ ഈ ടൂര്‍ണമെന്റിലെ ഏറ്റവും സമതുലിതമായ ടീമുകളിലൊന്നാക്കി മാറ്റിയിരിക്കുന്നു.
മത്സരം തീരുമാനിക്കുക മധ്യനിരയോ, മുന്നേറ്റമോ?
പോരാട്ടത്തിന്റെ വിധി മധ്യനിരയില്‍ എഴുതപ്പെടാന്‍ സാധ്യത കൂടുതലാണ്. എന്‍സോ ഫെര്‍ണാണ്ടസും മാക് അലിസ്റ്ററും ചേര്‍ന്ന് അര്‍ജന്റീനയ്‌ക്ക് പന്തിന്റെ നിയന്ത്രണം ഉറപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍, ഡെക്ലാന്‍ റൈസും ജൂഡ് ബെല്ലിങ്ങാമും അതിനെ ചെറുക്കും. മുന്നേറ്റനിരയില്‍ ഹാരി കെയ്നും ജൂലിയന്‍ അല്‍വാരസും തമ്മിലുള്ള ഗോളടി മത്സരം കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. അതേസമയം സാക്ക ഇംഗ്ലണ്ടിന്റെ ആക്രമണത്തിന് ചിറകേകുമ്പോള്‍, ലൗത്താരോയുടെ ബോക്സിലെ സാന്നിധ്യം അര്‍ജന്റീനയുടെ പ്രധാന ആയുധമാകും.
ചരിത്രം ആരെ വിളിക്കും?
ലോകകപ്പില്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും ആറ് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ മൂന്ന് ജയങ്ങള്‍ അര്‍ജന്റീനക്കും രണ്ട് ജയങ്ങള്‍ ഇംഗ്ലണ്ടിനുമാണ്. ഒന്നില്‍ സമനില. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ വൈരങ്ങളില്‍ ഒന്നായ ഈ പോരാട്ടത്തില്‍ കണക്കുകള്‍ക്ക് അപ്പുറം മാനസിക കരുത്തും സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള കഴിവും നിര്‍ണായകമാകും. നിലവിലെ ചാമ്പ്യന്മാര്‍ക്ക് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ എന്ന സ്വപ്‌നമാണ് മുന്നിലുള്ളത്. ഇംഗ്ലണ്ടിന് 1966-ന് ശേഷം ആദ്യ ലോകകപ്പ് ഫൈനല്‍ എന്ന ലക്ഷ്യവും. അതുകൊണ്ടുതന്നെ ഈ സെമിഫൈനല്‍ വെറും ഒരു മത്സരമല്ല; തലമുറകളുടെ ഓര്‍മ്മകളും ദേശീയ അഭിമാനവും ഫുട്ബോള്‍ ചരിത്രവും ഒത്തുചേരുന്ന ഒരു വേദിയാണ്.
സെമിയിലേക്കുള്ള വഴി
അര്‍ജന്റീന
നിലവിലെ ലോകചാമ്പ്യന്മാര്‍ എന്ന സമ്മര്‍ദത്തോടെയാണ് അര്‍ജന്റീന അമേരിക്കന്‍ മണ്ണില്‍ കാലെടുത്തുവെച്ചത്. എന്നാല്‍ ഓരോ മത്സരവും കഴിയുന്തോറും ലയണല്‍ സ്‌കലോണിയുടെ ശിഷ്യര്‍ തങ്ങള്‍ കിരീടം നിലനിര്‍ത്താന്‍ എന്തുകൊണ്ട് പ്രധാന അവകാശികളാണെന്ന് തെളിയിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ആക്രമണ ഫുട്ബോളും മധ്യനിരയിലെ ആധിപത്യവും കൊണ്ട് എതിരാളികളെ കീഴടക്കിയ അര്‍ജന്റീന, നോക്കൗട്ട് റൗണ്ടുകളിലും അതേ മികവ് തുടരുകയായിരുന്നു.
അര്‍ജന്റീന 3, അള്‍ജീരിയ -0
അര്‍ജന്റീന 2, ഓസ്ട്രിയ-0
അര്‍ജന്റീന 3, ജോര്‍ദാന്‍ 1
ഗ്രൂപ്പില്‍ മൂന്ന് ജയങ്ങളുമായി ഒന്നാം സ്ഥാനക്കാരായി നോ
ക്കൗട്ടിലേക്ക്
റൗണ്ട് ഓഫ് 32
അര്‍ജന്റീന 3-2 കേപ് വെര്‍ദെ
കേപ് വെര്‍ദെ അപ്രതീക്ഷിത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ജൂലിയന്‍ അല്‍വാരസിന്റെയും ലൗട്ടാരോ മാര്‍ട്ടിനസിന്റെയും മികവില്‍ അര്‍ജന്റീന രക്ഷപ്പെട്ടു.
റൗണ്ട ഓഫ് 16
അര്‍ജന്റീന 3-2 ഈജിപ്ത്
ആക്രമണ-പ്രത്യാക്രമണങ്ങളാല്‍ സമ്പന്നമായ മത്സരത്തില്‍ നിര്‍ണായക നിമിഷങ്ങളില്‍ ചാമ്പ്യന്മാരുടെ നിലവാരം പുറത്തെടുത്താണ് അര്‍ജന്റീന അവസാന എട്ടിലെത്തിയത്.
അര്‍ജന്റീന 3-1 സ്വിറ്റ്സര്‍ലന്‍ഡ്
ടൂര്‍ണമെന്റിലെ ഏറ്റവും സമ്പൂര്‍ണ പ്രകടനങ്ങളിലൊന്നായിരുന്നു ഇത്. മധ്യനിരയില്‍ പൂര്‍ണ ആധിപത്യം നേടിയ അര്‍ജന്റീന അനായാസം സെമിയിലേക്ക് മുന്നേറി.
ഇംഗ്ലണ്ട്
ഗാരത്ത് സൗത്ത്ഗേറ്റിന് ശേഷം പുതിയ പരിശീലകന്റെ കീഴില്‍ കൂടുതല്‍ ആക്രമണാത്മക ശൈലി സ്വീകരിച്ച ഇംഗ്ലണ്ട് ഈ ലോകകപ്പില്‍ ഓരോ മത്സരത്തിലും വളര്‍ന്നുവരുന്ന ടീമായാണ് കാണപ്പെട്ടത്. ഹാരി കെയിന്റെ അനുഭവസമ്പത്തും ബെല്ലിങ്ങാമിന്റെ മധ്യനിര നിയന്ത്രണവും സാക്കയുടെ വേഗതയും ഇംഗ്ലണ്ടിനെ സെമിവരെ എത്തിച്ചു.
ഗ്രൂപ്പ് ഘട്ടം
ഇംഗ്ലണ്ട് 4-2 ക്രൊയേഷ്യ
ഇംഗ്ലണ്ട് 0-0 ഘാന
ഇംഗ്ലണ്ട് 2-0 പനാമ
രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് എല്‍ ജേതാക്കളായാണ് ഇംഗ്ലണ്ട് നോക്കൗട്ട് റൗണ്ടിലെത്തിയത്.
റൗണ്ട് ഓഫ് 32
ഇംഗ്ലണ്ട് 2 കോംഗോ 1
പ്രതീക്ഷിച്ചതിലും കടുത്ത പോരാട്ടമായിരുന്നെങ്കിലും ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി.
റൗണ്ട് ഓഫ് 16
ഇംഗ്ലണ്ട് 3-2 മെക്സിക്കോ
ടൂര്‍ണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നില്‍ ഹാരി കെയ്നും ബെല്ലിങ്ങാമും ഇംഗ്ലണ്ടിനെ രക്ഷിച്ചു.
ഇംഗ്ലണ്ട് 2-1 നോര്‍വേ
സംഘടിതമായ പ്രതിരോധവും നിര്‍ണായക ഫിനിഷിംഗും ഇംഗ്ലണ്ടിന് അവസാന നാലിലേക്കുള്ള ടിക്കറ്റ് സമ്മാനിച്ചു.