തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃത്വ സ്ഥാനം വേണമെന്ന ആവശ്യത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം.സിപിഐയെ ചര്‍ച്ചക്ക് ക്ഷണിച്ചിരിക്കുകയാണ് സിപിഎം. ഉഭയകക്ഷി ചര്‍ച്ച ഈ മാസം 14ന് നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചേരുന്നതിനിടെയാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. സിപിഐ നേതൃയോഗവും അതേദിവസം ചേരും.
പതിവില്‍ നിന്നും വ്യത്യസ്തമായി സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസായ എംഎന്‍ സ്മാരകത്തില്‍ വച്ചായിരിക്കും ചര്‍ച്ച.പ്രതിപക്ഷ ഉപനേതൃസ്ഥാനം കിട്ടിയേ തീരൂ എന്ന ഉറച്ച നിലപാടിലാണ് സിപിഐ. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കേരളത്തില്‍ ഒരുതവണ ഈ വിഷയത്തില്‍ സിപിഎമ്മും സിപിഐയും ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം സിപിഐ ഉന്നയിച്ചിരുന്നു. എന്നാല്‍ കീഴ്വഴക്കങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം ഈ ആവശ്യം നിരാകരിച്ചു. എന്നാല്‍ വിട്ടുവീഴ്ചയ്‌ക്കില്ലെന്ന് പറഞ്ഞ് നിയമസഭാകക്ഷി യോഗത്തിന് പോലും എത്താതെ മാറി നില്‍ക്കുകയാണ് സിപിഐ.















