Football

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബോസ്റ്റണ്‍: കളിയുടെ അന്‍പത്തിയൊന്‍പത് മിനിറ്റുവരെ ഒരു പെനാല്‍റ്റിയടക്കം ഫ്രാന്‍സിന്റെ നിരവധി ഉറച്ച ഗോള്‍ അവസരങ്ങളെ ഹിമാലയം കണക്കെ പ്രതിരോധിച്ച മൊറോക്കോ ഗോളി യാസിന്‍ ബൗനോയ്‌ക്ക ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പിഴച്ചത് രണ്ട് തവണ മാത്രം. 60-ാം മിനിറ്റില്‍ എംബപ്പെയ്‌ക്കും 66-ാം മിനിറ്റില്‍ ഡെംബലെയ്‌ക്കും മുന്നില്‍. ഈ രണ്ട് ഗോളുകള്‍ മതിയായിരുന്നു ഫ്രാന്‍സിന് തുടര്‍ച്ചയായ മൂന്നാം സെമിഫൈനലും ചരിത്രത്തില എട്ടാം സെമി സ്ഥാനവും ഉറപ്പിക്കാന്‍. 26-ാം മിനിറ്റില്‍ ഫ്രാന്‍സിന് ലഭിച്ച പെനാല്‍റ്റി കിക്കെടുത്തത് നായകന്‍ എംബപ്പെ. എന്നാല്‍ എംബപ്പെയുടെ കിക്ക് മൊറോക്കന്‍ ഗോളി യാസിന്‍ ബൗനോ ഇടത്തോട്ട് ഡൈവ് ചെയ്ത് പന്ത് കയ്യിലൊതുക്കി. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലില്‍ ഏറ്റുമുട്ടിയപ്പോഴും 2-0നാണ് മൊറോക്കോയെ ഫ്രാന്‍സ് തോല്‍പ്പിച്ചത്. തോല്‍വിയോടെ തുടര്‍ച്ചയായ രണ്ടാം സെമി എന്ന ആഫ്രിക്കന്‍ കരുത്തരുടെ സ്വപ്നം പൊലിയുകയായിരുന്നു. സ്പെയിന്‍ – ബല്‍ജിയം പോരാട്ടത്തില്‍ വിജയികളാകും സെമിയില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍.

ഇന്നലെ മൊറോക്കോയ്‌ക്കെതിരെ ഗോളടിച്ചതോടെ ഈ ലോകകപ്പില്‍ എംബപ്പെയുടെ ആകെ ഗോള്‍ എണ്ണം എട്ടായി. എന്നാല്‍ കൂടുതല്‍ അസിസ്റ്റുകള്‍ സ്വന്തം പേരിലുള്ളതിനാല്‍ മെസ്സിയെ മറികടന്ന് ഗോള്‍ഡന്‍ ബൂട്ട് മത്സരത്തില്‍ എംബാപ്പെ ഒന്നാം സ്ഥാനത്തെത്തി. കൂടാതെ ലോകകപ്പിലാകെ ഗോളെണ്ണം 20 ആയി. 20 കളികളില്‍ നിന്നാണ് എംബപ്പെ ലോകകപ്പില്‍ 20 ഗോളടിച്ചത്. ലയണല്‍ മെസ്സിക്കു ശേഷം ലോകകപ്പില്‍ 20 ഗോള്‍ തികയ്‌ക്കുന്ന രണ്ടാമത്തെ താരമാണ് എംബാപ്പെ. 31 കളികളില്‍ നിന്ന് 21 ഗോളുകളാണ് മെസ്സിക്കുള്ളത്. കൂടാതെ ആറ് മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീം എന്ന നേട്ടവും ഫ്രാന്‍സ് സ്വന്തമാക്കി.

എംബാപ്പെയും ഡെംബലെയുമടങ്ങുന്ന ഫ്രാന്‍സിന്റെ സൂപ്പര്‍ ആക്രമണ നിരയെ നേരിടാന്‍ അമിത പ്രതിരോധത്തിലേക്ക് പോയതാണ് മൊറോക്കോയ്‌ക്ക് തിരിച്ചടിയായത്. സ്‌ട്രൈക്കര്‍ ഇസ്മായേല്‍ സൈബാരിയുടെ അഭാവവും മൊറോക്കോയ്‌ക്ക് തിരിച്ചടിയായി. ഫ്രാന്‍സിനെതിരായ പരാജയത്തോടെ 35 മത്സരങ്ങള്‍ നീണ്ട മൊറോക്കോയുടെ അപരാജിത കുതിപ്പിനും അവസാനമായി.

ഇരുടീമുകളും 4-2-3-1 ശൈലിയിലാണ് ഇന്നലെ മൈതാനത്തിറങ്ങിയത്. എന്നാല്‍ കളിയുടെ തുടക്കം മുതല്‍ ഫ്രാന്‍സിന്റെ ആധിപത്യമായിരുന്നു കണ്ടത്. എട്ട് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉള്‍പ്പെടെ 22 ഷോട്ടുകളാണ് എംബാപ്പെയും കൂട്ടരും മൊറോക്കോ പോസ്റ്റിലേക്ക് തൊടുത്തത്. ആദ്യപകുതിയില്‍ മാത്രം നാല് ഓണ്‍ ടാര്‍ഗറ്റ് അടക്കം 13 തവണയാണ് എതിര്‍ പോസ്റ്റ് ലക്ഷ്യം വച്ച് ഫ്രഞ്ച് താരങ്ങള്‍ ഷോട്ട് ഉതിര്‍ത്തത്. അതേസമയം മൊറോക്കോയ്‌ക്ക് ഒരു ഓണ്‍ ടാര്‍ഗറ്റ് അടക്കം അഞ്ച് ഷോട്ടുകള്‍ മാത്രമാണ് പായിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ആദ്യപകുതിയില്‍ മൊറോക്കോയ്‌ക്ക് ഒറ്റഷോട്ടുപോലും പായിക്കാനായില്ല. കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ഫ്രാന്‍സ് ഗോളിനടുത്തെത്തി. ഒരു കോര്‍ണറില്‍ നിന്നു വന്ന പന്ത് ദയോത് ഉപമേകാനോ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും യാസിന്‍ ബൗനോ
ഉജ്ജ്വലമായി രക്ഷപ്പെടുത്തി. ഇതിന് തൊട്ടുമുന്‍പ് എംബാപ്പെയുടെ നല്ലൊരു ഷോട്ട് മൊറോക്കോ ഗോളി ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. തുടര്‍ന്നും ഇരച്ചുകയറിയ ഫ്രാന്‍സിന് അനുകൂലമായി 25-ാം മിനിറ്റില്‍ പെനാല്‍റ്റി.

ബോക്സിനുള്ളില്‍ എംബാപ്പെയെ വീഴ്‌ത്തിയ ഉടന്‍ അര്‍ജന്റീനക്കാരനായ റഫറി ഫകുണ്ടോ ടെല്ലോ പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി. കിക്കെടുക്കാന്‍ തയ്യാറായി എംബാപ്പെയും നിന്നു. പിന്നീടാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. റഫറി പെനാല്‍റ്റി എടുക്കാന്‍ അനുവദിക്കാതെ വാര്‍ പരിശോധനയ്‌ക്കായി കാത്തുനിന്നു. സാധാരണയായി വ്യക്തമായ ഒരു ഫൗളില്‍ വാര്‍ പരിശോധന സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവസാനിക്കാറുണ്ടെങ്കിലും ഇന്നലെ റഫറിയും വാറും തമ്മിലുള്ള ചര്‍ച്ച നീണ്ടുപോയി. ഇതോടെ കിക്കെടുക്കാന്‍ എംബാപ്പെയ്‌ക്ക് മൂന്ന് മിനിറ്റിലേറെ കാത്തുനില്‍ക്കേണ്ടിവന്നു. ഇതാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. തുടര്‍ന്ന് എംബാപ്പെ എടുത്ത ദുര്‍ബലമായ കിക്ക് മൊറോക്കോന്‍ ഗോളി അനായാസം കയ്യിലൊതുക്കുകയും ചെയ്തു.

ഫ്രഞ്ച് മധ്യനിരയും മുന്നേറ്റനിരയും ആദ്യപകുതിയില്‍ മുഴുവന്‍ മൊറോക്കോയ്‌ക്ക് ഭീഷണിയായി അവരുടെ ബോക്സിന് മുന്നില്‍ തമ്പടിച്ചു. എബാപ്പെയും ഡെംബെലെയും ഒലീസെയും ഡുവെയുമെല്ലാം തുടര്‍ച്ചയായി മൊറോക്കന്‍ പ്രതിരോധം തകര്‍ത്തപ്പോള്‍ ഗോള്‍കീപ്പറുടെ അസാമാന്യ പ്രകടനമാണ് മൊറോക്കോയെ രക്ഷിച്ചത്. ഇതിനിടെ ലൂക്കാസ് ഡിഗ്‌നെയുടെ ഒരു ലോങ് റേഞ്ച് ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചതും ഫ്രാന്‍സിന് ലീഡിന് തിരിച്ചടിയായി. ഇടതുവിങ്ങില്‍ക്കൂടി പന്തുമായി കുതിച്ചുകയറിയ ഡിസയര്‍ ഡൗവും വലതുവിങ്ങില്‍ക്കൂടി പറന്ന ഡംബലെയും നടത്തിയ നീക്കങ്ങളാണ് കൂടുതല്‍ അപകടകരമായത്. എങ്കിലും ആദ്യപകുതി ഗോള്‍ വീഴാതെ അവസാനിപ്പിക്കാന്‍ മൊറോക്കോയ്‌ക്കായി.

രണ്ടാം പകുതി തുടങ്ങിയപ്പോള്‍ ചില ആക്രമണങ്ങളുടെ മിന്നലാട്ടങ്ങള്‍ മൊറോക്കോ താരങ്ങള്‍ കാഴ്ചവച്ചെങ്കിലും അതൊന്നും ഫ്രഞ്ച് പ്രതിരോധത്തിന് ഭീഷണിയായില്ല. 56-ാം മിനിറ്റില്‍ ബോക്‌സിലേക്കുള്ള മൈക്കല്‍ ഒലീസെയുടെ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച പന്ത് എംബാപ്പെ പുറത്തേക്കടിച്ച് കളഞ്ഞു. 60-ാം മിനിറ്റില്‍ ഫ്രാന്‍സ് കാത്തിരുന്ന ഗോളെത്തി. ഇടതുവിങ്ങില്‍ക്കൂടി നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഡിസയര്‍ ഡൗ എംബാപ്പെക്ക് നല്‍കി. പന്ത് ലഭിക്കുമ്പോള്‍ നാല് മൊറോക്കോ താരങ്ങള്‍ എംബപ്പെക്ക് ചുറ്റിലുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കിടയിലൂടെ എംബപ്പെ തൊടുത്ത നല്ലൊരു ഷോട്ട് മുഴുനീളെ പറന്ന മൊറോക്കന്‍ ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍ കയറി.

66-ാം മിനിറ്റില്‍ ഫ്രാന്‍സ് ഗോള്‍പട്ടിക തികച്ചു. ഏറെക്കുറെ മൈതാന മധ്യത്തില്‍ നിന്ന് പന്തുമായി ഒറ്റയ്‌ക്ക് കുതിച്ച് ബോക്സിന് തൊട്ടുപുറത്തുനിന്ന് ഡെംബലെ പായിച്ച കിടിലന്‍ ഷോട്ട് യാസിന്‍ ബൗനുവിനെ കീഴടക്കി വലയില്‍ കയറുകയായിരുന്നു. ഈ ലോകകപ്പില്‍ ഡെംബലെയുടെ അഞ്ചാം ഗോളാണിത്. ഏറെക്കുറെ വിജയമുറപ്പിച്ചതോടെ 77-ാം മിനിറ്റില്‍ എംബാപ്പെയെയും ഡിസയര്‍ ഡൗവിനെയും കോച്ച് പിന്‍വലിച്ചു. ഇതിനിടെ ഒരു ഗോള്‍ മടക്കാന്‍ മൊറോക്കോ താരങ്ങള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും കരുത്തുറ്റ ഫ്രഞ്ച് പ്രതിരോധം പിളര്‍ത്തി വല കുലുക്കാന്‍ അവര്‍ക്കായില്ല. ഇതോടെ ഫ്രാന്‍സ് സെമിയിലേക്ക് മുന്നേറിയപ്പോള്‍ മൊറോക്കോയ്‌ക്ക് പുറത്തേക്കുള്ള വഴിയും തുറന്നു.

എംബാപ്പെയുടെ കണങ്കാലിന് പരിക്ക്, ആശങ്ക

ബോസ്റ്റണ്‍: മൊറോക്കോയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലിനിടെ കിലിയന്‍ എംബാപ്പെയുടെ കണങ്കാലില്‍ പരിക്ക്. ഇത് ഫ്രഞ്ച് ക്യാംപിന് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. മത്സരത്തിന്റെ 76-ാം മിനിറ്റില്‍ മൊറോക്കോ താരവുമായുള്ള ഒരു ഏറ്റുമുട്ടലിനിടെ എംബാപ്പെയുടെ വലത് കണങ്കാലിന് ശക്തമായ ആഘാതമേറ്റിരുന്നു. ചികിത്സയ്‌ക്കായി കളി കുറച്ചുനേരം നിര്‍ത്തിവെച്ചു. വീണ്ടും കളിക്കാന്‍ ശ്രമിച്ചെങ്കിലും അസ്വസ്ഥത തുടര്‍ന്നതോടെ 77-ാം മിനിറ്റില്‍ കോച്ച് ദെഷാംസ് അദ്ദേഹത്തെ പിന്‍വലിച്ചു. പകരക്കാരനായി ജീന്‍-ഫിലിപ്പ് മാറ്റേറ്റയെ ഇറക്കി. മത്സരശേഷം പ്രതികരിച്ച എംബാപ്പെ, പരിക്ക് ഗുരുതരമാണെന്ന് സൂചിപ്പിച്ചില്ല.

നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് പരിക്ക് ഗുരുതരമാണെന്ന സൂചനയില്ല. ഫ്രാന്‍സിന്റെ മെഡിക്കല്‍ സംഘം അടുത്ത ഒരു ദിവസത്തിനുള്ളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി സെമിഫൈനലിനുള്ള അദ്ദേഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കും. അദ്ദേഹം കളിക്കുമെന്നു തന്നെയാണ് നിലവിലെ സൂചന.

Recent Posts