ന്യൂദല്‍ഹി:വേള്‍ഡ് ഡയറക്ടറി ഓഫ് മോഡേണ്‍ മിലിറ്ററി എയര്‍ക്രാഫ്റ്റ് 2026ല്‍ പ്രസിദ്ധീകരിച്ച രാജ്യങ്ങളുടെ എയര്‍ ഫോഴ്സുകളെ അടിസ്ഥാനമാക്കിയുള്ള ഗ്ലോബര്‍ എയര്‍ പവറില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ വ്യോമസേന. ചൈനയുടെ വ്യോമസേനയ്‌ക്ക് നാലാം സ്ഥാനം മാത്രമേയുള്ളൂ. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ യഥാക്രമം അമേരിക്കന്‍ എയര്‍ഫോഴ്സും റഷ്യന്‍ എയര്‍ഫോഴ്സും ആണ്.
യുദ്ധവിമാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്‍പിലാണ് ചൈനയെങ്കിലും എന്തുകൊണ്ടാണ് ഇന്ത്യ ചൈനയെ പിന്തള്ളുന്നത്?. ചൈനയില്‍ 3700 യുദ്ധവിമാനങ്ങളുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ പക്കല്‍ 1700 യുദ്ധവിമാനങ്ങളേ ഉള്ളൂ. എന്നിട്ടും എങ്ങിനെ ഇന്ത്യ ചൈനയെ പിന്തള്ളുന്നു? ആഗോളറാങ്കിംഗില്‍ ആഗോള മോഡേണ്‍ എയര്‍ പവര‍് എന്നാല്‍ യുദ്ധവിമാനങ്ങളുടെ എണ്ണം മാത്രമല്ല കണക്കാക്കുന്നത്. വ്യോമശക്തി അഥവാ എയര്‍ പവര്‍ എന്നത് ഒരു സമ്പൂര്‍ണ്ണ സംവിധാനത്തിന്റെ വിലയിരുത്തിലാണ്. ഇവിടെ പൈലറ്റുമാരുടെ ലോകോത്തര പരിശീലനം, യഥാര്‍ത്ഥ യുദ്ധമുഖങ്ങളിലെ പരിചയസമ്പത്ത്, മിസൈലുകളുടെ ഗുണനിലവാരം, റഡാര്‍ കവറേജ്, വ്യോമപ്രതിരോധ ശൃംഖല, ലോജിസ്റ്റിക്സിന്റെ കരുത്ത്, മെയിന്‍റനന്‍സിന്റെ വേഗത, ഏത് നിമിഷവും യുദ്ധസജ്ജമാകാനുള്ള കഴിവ് ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ ചൈനയേക്കാള്‍ മുന്‍പിലാണ്.
രാജ്യങ്ങളുടെ എയര്‍ ഫോഴ്സുകളെ അടിസ്ഥാനമാക്കിയുള്ള ഗ്ലോബര്‍ എയര്‍ പവര്‍ റാങ്ക് ലിസ്റ്റ്:

ഇന്ത്യന്‍ വ്യോമസേന എന്നത് വെറുതെ പരേഡ് ചെയ്യാനുള്ള ഒരു വ്യോമശക്തിയല്ല. പകരം യുദ്ധദൗത്യങ്ങള്‍ നടപ്പാക്കാന്‍ ശേഷിയുള്ള ഒരു യഥാര്‍ത്ഥ ഫോഴ്സാണ്. പടിഞ്ഞാറ് പാകിസ്ഥാന്‍, വടക്ക് ചൈന, ലഡാക്കുള്‍പ്പെടെയുള്ള ദുഷ്കരമായ ഉയര്‍ന്ന ഭൂപ്രദേശങ്ങള്‍, രാജസ്ഥാനിലെ കത്തുന്ന മരുഭൂമി, അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും- ഇങ്ങിനെ ഒരേ സമയം വ്യത്യസ്ത ഭൗമസാഹചര്യങ്ങളില്‍ വിദഗ്ധമായി പ്രവര്‍ത്തിക്കാനും എന്ത് യുദ്ധദൗത്യങ്ങളും നടപ്പാക്കാനും കഴിവുള്ള ശക്തിയാണ് ഇന്ത്യന്‍ വ്യോമസേന.
ബാലക്കോട്ട് എയര്‍ സ്ട്രൈക്ക്, ഓപ്പറേഷന്‍ സിന്ദൂര്‍, ലഡാക്കില്‍ പ്രതിസന്ധിഘട്ടത്തില്‍ അതിവേഗം വിന്യസിക്കാനുള്ള കഴിവ്, അതിര്‍ത്തികളില്‍ ലോംഗ് റേഞ്ച് പട്രോളിംഗ് തുടങ്ങി യുദ്ധസാഹചര്യങ്ങളില്‍ അതിശക്തമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് ഇന്ത്യന്‍ വ്യോമസേനയ്‌ക്കുണ്ട്. ഇതാണ് ചൈനയയുടെ എയര്‍ഫോഴ്സിനേക്കാള്‍ ഇന്ത്യന്‍ വ്യോമസേനയെ മുന്നില്‍ നിര്‍ത്തുന്നത്.
ചൈനയ്‌ക്ക് അഞ്ചാം തലമുറ യുദ്ധവിമാനമായ ജെ20 ഉണ്ട്. ഇന്ത്യയ്‌ക്ക് അഞ്ചാം തലമുറ യുദ്ധവിമാനമില്ല. പിന്നെ എങ്ങിനെ ഇന്ത്യന്‍ വ്യോമസേന ചൈനീസ് വ്യോമസേനയേക്കാള്‍ മുന്നിലെത്തും? യുദ്ധവിമാനങ്ങളില്‍ എത്രയെണ്ണം പ്രവര്‍ത്തനസജ്ജമാണ്, അതിന്റെ എഞ്ചിനുകള്‍ എത്രത്തോളം പ്രവര്‍ത്തന ക്ഷ്മമാണ്, യുദ്ധവിമാനങ്ങളിലെ ആയുധങ്ങള്‍ എത്രത്തോളം ശക്തമാണ്, ഈ യുദ്ധവിമാനങ്ങളെ സഹായിക്കാന്‍ ആകാശത്ത് പറക്കുന്ന റഡാറുകളായ അവാക്സ്, മിഡ് എയര്‍ ടാങ്കറുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍ എന്നിവ എത്രത്തോളം ശക്തമാണ് എന്നത് പ്രധാനമാണ്. റഫാല്‍ യുദ്ധവിമാനം ഇന്ത്യയുടെ മുന്‍നിര യുദ്ധവിമാനമാണ്. പ്രസിഷന്‍ സ്ട്രൈക്കിനും വ്യോമാധിപത്യത്തിനുമുള്ള മുന്‍നിര ആയുധമാണ്. സുഖോയ് 30എംകെഐ ശത്രുവിന്റെ നെഞ്ചില്‍ ദീര്‍ഘദൂര ആക്രമണം നടത്താനുള്ള വ്യോമസേനയുടെ നട്ടെല്ലാണ്. മിറാഷ്, തേജസ്സ് യുദ്ധവിമാനങ്ങളും ശക്തമാണ്. അതുപോലെ ബ്രഹ്മോസ്, അസ്ത്ര ഉള്‍പ്പെടെയുള്ള മാരകമായ മിസൈല്‍ നിരകളും ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്നു.
















