കൊല്ലം: രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും ജനങ്ങളുടെ മുന്നേറ്റത്തെ പ്രതിഫലിപ്പിക്കുന്ന സംഭവങ്ങള്‍ക്കും മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട സമയമാണിതെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. രാഷ്‌ട്രനിര്‍മാണത്തില്‍ മാധ്യമങ്ങള്‍ ചരിത്രപരമായ പങ്കുവഹിച്ചിട്ടുണ്ടെങ്കിലും ഇന്ന് ചില മാധ്യമങ്ങള്‍ വികസന വിഷയങ്ങളില്‍ നിന്ന് അകന്നുപോകുന്ന പ്രവണതയാണ് കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളകൗമുദിയുടെ 115-ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. പത്മഭൂഷണ്‍ പുരസ്‌കാര ജേതാവും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.
”രാജ്യത്തിന്റെ വികാസവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇന്ന് പത്രങ്ങളുടെ ഒന്നാം പേജുകളില്‍ അപൂര്‍വമായാണ് കാണുന്നത്. സമൂഹത്തിന് പ്രചോദനമാകുന്ന നല്ല കാര്യങ്ങള്‍ പോലും പലപ്പോഴും തെറ്റായ രീതിയില്‍ അവതരിപ്പിക്കപ്പെടുകയോ വ്യാഖ്യാനിക്കപ്പെടുകയോ ചെയ്യുന്നു. മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതോടൊപ്പം രാജ്യത്തിന്റെ പുരോഗതിയും വികസനവും ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്വവും നിര്‍വഹിക്കണം,” ഗവര്‍ണര്‍ പറഞ്ഞു.
കഴിഞ്ഞ 115 വര്‍ഷമായി സാമൂഹിക പ്രതിബദ്ധതയോടെയും ദീര്‍ഘവീക്ഷണത്തോടെയും കേരളകൗമുദി പ്രവര്‍ത്തിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ പുരോഗതിക്കും രാഷ്‌ട്രത്തിന്റെ വികസനത്തിനും നല്‍കിയ സംഭാവനകളാണ് കേരളകൗമുദിയെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലൊന്നാക്കി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിലും പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റത്തിനായി പ്രവര്‍ത്തിക്കുന്നതിലും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. അത്തരം പൊതുസേവനങ്ങള്‍ക്കുള്ള ദേശീയ അംഗീകാരമായാണ് അദ്ദേഹത്തിന് പത്മഭൂഷണ്‍ ബഹുമതി ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ എസ്.എന്‍. ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതി നടേശനെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച ‘സംപ്രീതി’ എന്ന പുസ്തകം ഗവര്‍ണര്‍ പ്രകാശനം ചെയ്തു. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ച എട്ട് വ്യക്തികള്‍ക്ക് കേരളകൗമുദിയുടെ ആദരവും അദ്ദേഹം സമ്മാനിച്ചു.
എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അധ്യക്ഷത വഹിച്ചു. കേരളകൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി ഗവര്‍ണര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ബി.ബി. ഗോപകുമാര്‍ എം.എല്‍.എ, പ്രീതി നടേശന്‍ എന്നിവര്‍ സംസാരിച്ചു.
















