India

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹൈദരാബാദ്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ തെലങ്കാന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DSP) സങ്കീറെഡ്ഡി ഭീം റെഡ്ഡി അഴിമതി വിരുദ്ധ ബ്യൂറോയുടെ  പിടിയിലായി. സർവീസ് കാലയളവിൽ വഴിവിട്ട മാർഗങ്ങളിലൂടെ ഏകദേശം 300 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് ഡിഎസ്പിയെ എസിബി ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്. നിലവിൽ ഹൈദരാബാദിലെ പോലീസ് കമ്പ്യൂട്ടർ സർവീസസ് വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹത്തെ തിങ്കളാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

സര്‍വീസില്‍ ഉണ്ടായിരുന്ന കാലത്ത് വിഴിവിട്ട രീതിയിലൂടെയും മാര്‍ഗങ്ങളിലൂടെയും സ്വത്ത് സമ്പാദിച്ചതായി അഴിമതി വിരുദ്ധ ബ്യൂറോ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തെലങ്കാനയിലും കര്‍ണാടകയിലുമായി സങ്കിറെഡ്ഡിയുടെ വസതിയിലും ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി ബന്ധപ്പെട്ട 15 സ്ഥലങ്ങളിലും എസിബി ഒരേസമയം റെയ്ഡ് നടത്തിയിരുന്നു.

കണ്ടെത്തിയ വസ്തുവകകൾ

  • ഹൈദരാബാദിലെ ഇബ്രാഹിംബാഗിലെ വെസ്സല്ല മെഡോസില്‍ ഒരു വില്ല,
  • ടെലികോം നഗറില്‍ ഒരു റെസിഡന്‍ഷ്യല്‍ ഹൗസ്
  • ടെലികോം നഗറിലെ സായ് പ്രഭ റെസിഡന്‍സിയിലെ ഒരു ഫ്‌ലാറ്റ്
  • ഗച്ചിബൗളിയിലെ ക്രാന്തി സിയോണ്‍ അപ്പാര്‍ട്ട്‌മെന്റിലെ ഒരു ഫ്‌ലാറ്റ്
  • മണികൊണ്ടയിലെ ലാന്‍കോഹില്‍സ് റോഡില്‍ 500 ചതുരശ്ര യാര്‍ഡുള്ള വാണിജ്യ സമുച്ചയത്തില്‍ ഓഹരി പങ്കാളിത്തം
  • മണികൊണ്ട മാരിച്ചെട്ട് ജംഗ്ഷന് സമീപം 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു വാണിജ്യ സ്ഥലം
  • തെല്ലാപൂരിലെ അഭിനന്ദ റെസിഡന്‍സിയില്‍ രണ്ട് റെസിഡന്‍ഷ്യല്‍ ഫ്‌ലാറ്റുകള്‍
  • പ്രഗതി റിസോര്‍ട്ടിലെ 500 ചതുരശ്ര യാര്‍ഡുള്ള ഒരു തുറന്ന പ്ലോട്ട്
  • സഹീരാബാദിലെ സംഗറെഡ്ഡിയില്‍ 3.5 ഏക്കര്‍ കൃഷിഭൂമി
  • കര്‍ണാടകയില്‍ 600 ഏക്കര്‍ കൃഷിഭൂമി
  • കര്‍ണാടകയില്‍ മറ്റൊരു 38 ഏക്കര്‍ കൃഷിഭൂമി
  • ബെംഗളൂരുവിലെ ദേവനഹള്ളിയില്‍ 1 ഏക്കര്‍ സ്ഥലം
  • നാഗോളിലെ കാമിനേനി ആശുപത്രിക്ക് സമീപം 200 ചതുരശ്ര യാര്‍ഡ് വിസ്തൃതിയുള്ള ഒരു തുറന്ന പ്ലോട്ട്
  • പട്ടാഞ്ചേരിയിലെ ജിപിആര്‍ ഹൗസിംഗ് സൊസൈറ്റിക്ക് സമീപം 400 ചതുരശ്ര യാര്‍ഡ് വിസ്തീര്‍ണ്ണമുള്ള ഒരു തുറന്ന പ്ലോട്ട്
  • പട്ടാഞ്ചേരുവില്‍ 200 ചതുരശ്ര യാര്‍ഡ് വിസ്തൃതിയുള്ള ഒരു തുറന്ന പ്ലോട്ട്
  • വികാരാബാദിലെ മോമിന്‍പേട്ടില്‍ 1,000 ചതുരശ്ര യാര്‍ഡ് വിസ്തൃതിയുള്ള സ്ഥലം
  • വികാരാബാദിലെ മോമിന്‍പേട്ടില്‍ രണ്ടേക്കര്‍ കൃഷിഭൂമി
  • ശ്രീ രാഘവേന്ദ്ര റോക്ക് സാന്‍ഡ് മിനറല്‍സില്‍ 75,00,000 രൂപയുടെ നിക്ഷേപം
  • മുച്ചിന്തല ഗ്രാമത്തിലെ സിസി കുന്തയില്‍ കൃഷിഭൂമി കണ്ടെത്തി.

കൂടാതെ, ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് ഏകദേശം 3.60 ലക്ഷം രൂപയും കണ്ടെടുത്തു. ഏകദേശം രണ്ട് കിലോഗ്രാം ഭാരമുള്ള സ്വര്‍ണ്ണാഭരണങ്ങളും 20 കിലോഗ്രാം ഭാരമുള്ള വെള്ളി ആഭരണങ്ങളും കണ്ടെത്തി.ഡിഎസ്പിയുടെ വസതിയിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബിനാമികളുടെയും വീടുകൾ ഉൾപ്പടെ തെലങ്കാനയിലെയും കർണാടകയിലെയും 16 ഓളം തന്ത്രപ്രധാന സ്ഥലങ്ങളിൽ എസിബി ഒരേസമയം വൻ പരിശോധന നടത്തിയിരുന്നു.

ഈ റെയ്ഡിനിടയിൽ ഭീം റെഡ്ഡി സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു രഹസ്യ ഡയറി പോലീസിന് ലഭിച്ചതാണ് കേസിൽ വലിയ വഴിത്തിരിവായത്. തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ അഴിമതിയിലൂടെ കൈക്കലാക്കിയ കോടിക്കണക്കിന് രൂപയുടെ സ്വത്തു വിവരങ്ങൾ ഭീം റെഡ്ഡി ഈ ഡയറിയിൽ കൃത്യമായി കുറിച്ചിട്ടുണ്ടായിരുന്നു.തന്റെ യഥാർത്ഥ സ്വത്തുക്കൾ, വിദേശ നിക്ഷേപങ്ങൾ, കടബാധ്യതകൾ, വിവിധ ബിനാമികളുടെ പേരുകൾ എന്നിവയെല്ലാം ഡിഎസ്പി ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. ഇതിനുപുറമേ, ഈ ഡയറിയുടെ പേജുകൾ സ്കാൻ ചെയ്ത പകർപ്പുകൾ സുരക്ഷയ്‌ക്കായി വാട്‌സ്ആപ്പ് (WhatsApp) വഴി ഇദ്ദേഹം തന്റെ രണ്ട് മക്കൾക്കും അയച്ചു കൊടുത്തിരുന്നതായും സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി.

 

Recent Posts