
ഉച്ചയുറക്കത്തില്‍ നിന്നാണ് ഞാന്‍ ഞെട്ടിയത്. അടുത്ത മുറിയില്‍, ഫോണിനെ തഴുകി തളര്‍ന്ന് നെഞ്ചോട് ചേര്‍ത്ത് മകള്‍ എപ്പോഴോ ഉറങ്ങിപ്പോയിരുന്നു. പതുക്കെ ഒച്ചയുണ്ടാക്കാതെയാണ് അവളുടെ മുറിയിലേക്ക് കയറിയത്. കുറേ കാലമായി മനസ്സില്‍ കൊണ്ടുനടക്കുന്ന തോന്നലാണ്. പ്രായപൂര്‍ത്തിയായ മകളല്ലേ സാര്‍.. തിരിഞ്ഞും മറിഞ്ഞും നോക്കി. അടുത്താരുമില്ലെന്ന് ഉറപ്പിച്ച് ഒരു വിധം അവളുടെ നെഞ്ചോടു ചേര്‍ന്നു കിടന്ന ഫോണ്‍ കൈക്കലാക്കി.
പയറ്റിതെളിഞ്ഞ കള്ളനെപ്പോലെ, അറിയാവുന്ന തന്ത്രങ്ങളെല്ലാം ഉപയോഗിച്ച് ഞാന്‍ ഫോണിന്റെ ലോക്കുടച്ച് അകത്താകെ പരതി. അവളുടെ ഇന്‍ബോക്‌സിലെ ചാറ്റുകളും ഫയലുകളും വാരിവലിച്ചിട്ടു. ഒടുവില്‍ ഗ്യാലറിയില്‍ നിന്നും അവളുടെ കള്ളക്കാമുകനെ ഞാന്‍ കണ്ടെടുക്കുക തന്നെ ചെയ്തു. അവളോടൊപ്പം ചേര്‍ന്നു നില്‍ക്കുകയാണവന്‍. ഞെട്ടിപ്പോയി. ഞങ്ങളുടെ പറമ്പില്‍ തേങ്ങ പറിക്കുന്ന കുമാരന്റെ മോനാണ്. പെയിന്റ് പണിക്കാരന്‍! എന്റെ മകളാണെന്ന ബോധമെങ്കിലും വേണ്ടേ സാര്‍.
വടക്കെങ്ങാണ്ടോ നടന്ന ദുരഭിമാനക്കൊലയില്‍ പ്രതിക്ഷേധിച്ച് ടൗണില്‍ ചേര്‍ന്ന ധര്‍ണ്ണയില്‍ പ്രസംഗിക്കാന്‍ കൃത്യ സമയത്ത് എത്തേണ്ടതുകൊണ്ട്, അവളെ ഉണര്‍ത്താനോ ചോദ്യം ചെയ്യാനോ നിന്നില്ല. അവളുടെ മുറിയുടെ വാതില്‍ പുറത്തു നിന്നും താക്കോലിട്ട് പൂട്ടിയിട്ടാണ് ഇറങ്ങിയത്.
ഇഷ്ടപ്പെട്ട പെണ്ണിനെ പ്രണയിച്ച് വിവാഹം കഴിച്ച പയ്യനെ വെട്ടി നുറുക്കിയ കശ്മലര്‍ക്കെതിരെ പ്രതിക്ഷേധമാണെങ്ങും. ഞാന്‍ പോക്കറ്റില്‍ നിന്നു ഫോണെടുത്ത് എഫ്ബി തുറന്നു. പ്രണയത്തിനായി ജീവത്യാഗം ചെയ്ത ചെറുപ്പക്കാരനെയോര്‍ത്ത് സങ്കടപ്പെട്ട എന്റെ ഫേസ്ബുക്ക് സ്റ്റാറ്റസിന് കിട്ടിയ ലൈക്ക് അപ്പോഴേക്കും മുന്നൂറ് കഴിഞ്ഞിട്ടുണ്ട്. അറുത്തു വീഴ്‌ത്താനാവില്ല പ്രണയത്തെ എന്നായിരുന്നു ടാഗ് ലൈന്‍.
ജാതി, മത, സാമ്പത്തിക ഭേദങ്ങള്‍ മറന്ന് തങ്ങളുടെ മക്കളെ അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് പിടിച്ചു കൊടുക്കാന്‍ മാത്രം ആര്‍ദ്രഹൃദയമുള്ളവരായി പെട്ടെന്ന് നാട് മാറിയതായി തോന്നി. ചാനല്‍ ചര്‍ച്ചകളില്‍ പ്രണയം തുളുമ്പി. സോഷ്യല്‍ മീഡിയയാകെ പ്രണയ സുരഭിലം. ഇന്നു മുതല്‍ മാലോകരെല്ലാം പുണ്യസ്‌നാനം ചെയ്യപ്പെട്ട് വിശുദ്ധരാക്കപ്പെട്ടതായി പ്രഖ്യാപിച്ച് ഞാന്‍ വീട്ടിലെത്തി. പതുക്കെ വാതില്‍ തുറന്നപ്പോഴാണ് ഞാന്‍ ഞെട്ടിപ്പോയത്. മകളുടെ റൂമില്‍ അവളോടൊപ്പം പതുങ്ങിയിരിക്കുകയായിരുന്നു. ഓടിളക്കിയാണ് അകത്തു കടന്നത്. ഒറ്റവെട്ടേ വെട്ടിയുള്ളൂ.. സ്റ്റാറ്റസ് നോക്കണ്ടേ സാര്‍…
എന്റെ പോസ്റ്റിനിപ്പോഴും വന്നുകൊണ്ടിരിക്കുന്നുണ്ട് സന്മനസ്സുള്ള വിശുദ്ധരാക്കപ്പെട്ട ഒരുപാടുപേരുടെ ലൈക്കുകള്‍.
ഫോണിനെ നെഞ്ചോട് ചേര്‍ത്ത് മകള്‍ എപ്പോഴോ ഉറങ്ങിപ്പോയിരുന്നു