ന്യൂജേഴ്സി: വിനിഷ്യസ്-ഹാലന്‍ഡ് പോരാട്ടം, ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബ്രസീലും നോര്‍വേയും നാളെ പുലര്‍ച്ചെ 1.30ന് ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ പോരാടുമ്പോള്‍ ആരാധകര്‍ നോക്കിക്കാണുന്നത് ഇരുവരുടെയും പോരാട്ടമാണ്. ബ്രസീല്‍ ഏഷ്യന്‍ കരുത്തരായ ജപ്പാനെ 2-1ന് കീഴടക്കിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. അതേസമയം നോര്‍വേ ഇതേ സ്‌കോറിന് ആഫ്രിക്കന്‍ കരുത്തരായ ഐവറികോസ്റ്റിനെ കീഴടക്കിയും അവസാന 16-ല്‍ ഇടംപിടിച്ചു.
4-3-3 ശൈലിയില്‍ തന്നെയാകും ബ്രസീല്‍ നോര്‍വേയ്‌ക്കെതിരെയും ഇറങ്ങുക. ജപ്പാനെതിരായ മത്സരത്തില്‍ പരിക്കേറ്റ് പുറത്തുപോയ പക്വേറ്റ കളിക്കാനിറങ്ങില്ല. അങ്ങനെയായാല്‍ പക്വേറ്റയ്‌ക്ക് പകരം മധ്യനിരയില്‍ ഡാനിലോ സാന്റോസ് ഇടംപിടിച്ചേക്കും. നേരത്തെ പരിക്കിന്റെ പിടിയിലായ റഫീഞ്ഞയും ഇറങ്ങില്ല. സൂപ്പര്‍ താരം നെയ്‌മര്‍ ആദ്യ ഇലവനില്‍ ഇറങ്ങുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. എന്നാല്‍, ഈ സമയമാകുമ്പോള്‍ നെയ്‌മര്‍ ആദ്യ ഇലവനിലെത്തുമെന്നായിരുന്നു കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുടെ നിലപാട്. ജപ്പാനെതിരായ കളിയില്‍ ഗോളടിച്ചില്ലെങ്കിലും ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെയായി നാല് ഗോളടിച്ച വിനീഷ്യസ് ജൂനിയറിലും മൂന്നെണ്ണം സ്വന്തമാക്കിയ മാത്യൂസ് കുഞ്ഞയിലുമാണ് ബ്രസീലിന്റെ പ്രതീക്ഷകള്‍. മധ്യനിരയില്‍ കളി മെനയുന്ന കാസെമിറോയും പകരക്കാരനായി ഇറങ്ങിയ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുമാണ് ജപ്പാനെതിരെ ഗോളടിച്ച് ബ്രസീലിന് വിജയം സമ്മാനിച്ചത്. മികച്ച പ്രതിരോധവും ബ്രസീലിന് സ്വന്തമാണ്. എന്നാല്‍ ഹാലന്‍ഡ് അടങ്ങുന്ന നോര്‍വേ മുന്നേറ്റത്തെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടുന്നതില്‍ ബ്രസീല്‍ പ്രതിരോധം വിജയിച്ചാല്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. ജപ്പാനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം മിന്നുന്ന പ്രകടനം നടത്തി വിജയം സ്വന്തമാക്കിയ ബ്രസീലിന് മധ്യനിരയില്‍ ഇപ്പോഴും ചെറിയ പ്രശ്നങ്ങളുണ്ട്. അതെല്ലാം പരിഹരിച്ചായിരിക്കും കോച്ച് കാര്‍ലോ ആഞ്ചലോട്ടി ഇന്ന് ടീമിനെ മൈതാനത്തിറക്കുക. വിനീഷ്യസും റയാനും കുഞ്ഞയുമടങ്ങുന്ന മുന്നേറ്റനിരയെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടുക എന്നതാണ് നോര്‍വേജീയന്‍ പ്രതിരോധത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.
നാലാം ലോകകപ്പ് കളിക്കാനിറങ്ങിയ നോര്‍വേ മൂന്നാം തവണയാണ് പ്രീ ക്വാര്‍ട്ടര്‍ കളിക്കുന്നത്. 1998 ലോകകപ്പിനുശേഷം ആദ്യമായി ലോകകപ്പ് കളിക്കാനിറങ്ങി പ്രീ ക്വാര്‍ട്ടറില്‍ എത്തിയവരാണ് അവര്‍. 4-3-3 ശൈലിയിലാകും നോര്‍വേ ബ്രസീലിനെതിരെയും ഇറങ്ങുക. ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരിലൊരാളായ എര്‍ലിങ് ഹാലന്‍ഡിന്റെ കാലുകളിലാണ് അവരുടെ മുഴുവന്‍ പ്രതീക്ഷകളും. ഈ ലോകകപ്പില്‍ ഇതുവരെ നാല് കളികളില്‍ നിന്ന് അഞ്ച് ഗോളടിച്ച് മിന്നുന്ന ഫോമിലാണ് ഹാലന്‍ഡ്. ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ എംബാപ്പെയ്‌ക്കും മെസിക്കും തൊട്ടുപിന്നിലാണ് താരം. ഹാലന്‍ഡിനൊപ്പം മുന്നേറ്റത്തില്‍ അന്റോണിയോ നുസ, അലക്സാണ്ടര്‍ സോര്‍ലോത്ത് എന്നിവരും ഇറങ്ങും. മധ്യനിരയില്‍ കളി മെനയുക മാര്‍ട്ടിന്‍ ഒഡെഗാര്‍ഡും പാട്രിക് ബെര്‍ഗ്, സാന്‍ഡര്‍ ബെര്‍ജുമായിരിക്കും. കരുത്തുറ്റ പ്രതിരോധനിരയും അവര്‍ക്കുണ്ട്. ഗോള്‍വലയ്‌ക്കു മുന്നില്‍ നൈലാന്‍ഡും പ്രതിരോധത്തില്‍ ഹോംഗ്രെന്‍ പെഡേഴ്സന്‍, ക്രിസ്റ്റഫര്‍ അജര്‍, ഡേവിഡ് മോളര്‍ വുള്‍ഫ്, ടോര്‍ബ്ജോ ഹെഗ്ഗെം എന്നിവരും ഇറങ്ങാനാണ് സാധ്യത.
എന്നാല്‍ മുന്‍ കണക്കുകള്‍ വെച്ചുനോക്കുമ്പോള്‍ ബ്രസീലിന് അത്ര സുഖകരമല്ല. നോര്‍വെയ്‌ക്കെതിരേ ചരിത്രത്തില്‍ ഇതുവരെ ജയിക്കാന്‍ ബ്രസീലിനായിട്ടില്ല. മുന്‍പ് കളിച്ച നാലില്‍ രണ്ട് സമനിലയും രണ്ട് തോല്‍വിയുമാണ് ബ്രസീല്‍ വഴങ്ങിയത്. 2006ലാണ് ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയത്. അന്ന് 1-1ന് സമനിലയില്‍ പിരിഞ്ഞു. അതുകൊണ്ടുതന്നെ ബ്രസീലിനെതിരെ ഇതുവരെ തോറ്റിട്ടില്ല എന്നത് നോര്‍വേക്ക് ചെറിയ മുന്‍തൂക്കം നല്‍കുന്നുണ്ട്.
സാധ്യതാ ഇലവന്‍
ബ്രസീല്‍: അലിസണ്‍, ഡാനിലോ ലൂയിസ്, മാര്‍ക്വിനോസ്, ഗബ്രിയേല്‍, ഡഗ്ലസ് സാന്റോസ്, ബ്രൂണോ ഗ്വിമാരസ്, കാസിമിറോ, ഡാനിലോ സാന്റോസ്, റയാന്‍, വിനീഷ്യസ് ജൂനിയര്‍, കുഞ്ഞ.
നോര്‍വേ: നൈലാന്‍ഡ്, ഹോംഗ്രെന്‍ പെഡേഴ്സന്‍, ക്രിസ്റ്റോഫര്‍ അജര്‍, ടോര്‍ബ്ജോ ഹെഗ്ഗെം, മോളര്‍ വുള്‍ഫ്, മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്, പാട്രിക് ബെര്‍ഗ്, സാന്‍ഡര്‍ ബെര്‍ജ്, അന്റോണിയോ നുസ, എര്‍ലിംഗ് ഹാളഡ്, അലക്സാണ്ടര്‍ സോര്‍ലോത്ത.
















