Kerala

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: മഹാരാഷ്‌ട്രയിൽനിന്നു പയ്യന്നൂരിലേക്കു കാറിൽ വരികയായിരുന്ന മലയാളി ജ്വല്ലറി ഉടമയെയും കുടുംബത്തെയും ആക്രമിച്ച് 20 ലക്ഷം രൂപ വിലവരുന്ന 180 ഗ്രാം സ്വർണവും കാറുമായി കടന്ന കേസിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പ്രതികൾ അറസ്റ്റിൽ. കവർച്ചയിൽ നേരിട്ടു പങ്കെടുത്ത കണ്ണൂർ പാതിരിയാട് സ്വദേശി ആർ.കെ.നിമിൽ (37), പ്രതികൾക്കു സഹായമൊരുക്കിയ കുടക് ഹക്കാത്തൂർ സ്വദേശി ഇർഷാദ് (40), മടിക്കേരി സ്വദേശി മുസ്തഫ (49) എന്നിവരാണു പനമ്പൂർ പോലീസിന്റെ പിടിയിലായത്.

ഈ വൻ കവർച്ചാ ആസൂത്രണത്തിന് പിന്നിൽ മലയാളികൾ ഉൾപ്പെടെ ആകെ 15 പ്രതികളുണ്ടെന്നാണ് കർണാടക പോലീസ് വ്യക്തമാക്കി. മറ്റ് 13 പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണ്. കവർച്ചയ്‌ക്ക് ഉപയോഗിച്ച കാർ പോലീസ് കണ്ടെത്തി.

22 വർഷമായി പയ്യന്നൂരിൽ സ്ഥിരതാമസമാക്കിയ ജ്വല്ലറി ഉടമയും മഹാരാഷ്‌ട്രയിലെ സാംഗ്ലി സ്വദേശിയുമായ വികാസ് ധനവ‍ഡ്, ഭാര്യ രുപാലി, മകൻ വിപുൽ എന്നിവരെയാണു മൂന്നു കാറുകളിലെത്തിയ കവർച്ചസംഘം ആക്രമിച്ച് സ്വർണവും കാറുമായി കടന്നത്. ജൂൺ 29നു പുലർച്ചെ 2.15നു മംഗളൂരുവിലെ ബൈക്കംപാടിയിലായിരുന്നു സംഭവം. മഹാരാഷ്‌ട്രയിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. പ്രതികൾ കൊണ്ടുപോയ വികാസിന്റെ കാർ, സീറ്റുകൾ കീറിയ നിലയിൽ 30ന് ബണ്ട്വാൾ പച്ചിനടുക്കയിൽനിന്നു കണ്ടെത്തിയിരുന്നു.

പയ്യന്നൂരിൽ ജ്വല്ലറി നടത്തുന്ന വികാസ്, മഹാരാഷ്‌ട്രയിൽനിന്നു വലിയ അളവിൽ സ്വർണം കൊണ്ടുവരുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് കവർച്ച എന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ വിവാഹത്തിനായി കൊണ്ടുപോയ സ്വർണം മാത്രമാണു പ്രതികൾക്കു ലഭിച്ചത്. ഇത് പോലീസിനു കണ്ടെടുക്കാനായില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

Recent Posts