തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും കലാപം.
ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട് എംഎസ്‌സി കമ്പനിയുമായി അദാനി പോര്‍ട്ട് ധാരണാപത്രത്തിലെത്തിയത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ അറിവോടെയെന്നാരോപിച്ച് ഒരുവിഭാഗം രംഗത്തുവന്നു. തുറമുഖ വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന വി.ഡി. സതീശന്റെ സമ്മതമില്ലാതെ ഓഹരി വില്‍പന സംബന്ധിച്ചു ധാരണയിലെത്തില്ല. വിവരം മനപ്പൂര്‍വം മറച്ചുവച്ചെന്നാരോപിച്ച് കെപിസിസിക്കു കെ.സി. വേണുഗോപാല്‍ പരാതി നല്കി. ബജറ്റിനു മുമ്പേ അദാനി ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയോടു സംസാരിച്ചിരുന്നതായും പാര്‍ട്ടിയില്‍ ആരോപണമുയരുന്നു.
തീരദേശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ച വികസന പദ്ധതികള്‍ ഇരുകൂട്ടരും തമ്മിലെ ആശയവിനിമയ ഭാഗമായിരുന്നു. സംസ്ഥാനത്തെ ഒരു ആഗോള ഏകീകൃത തുറമുഖ നഗരമാക്കാനുള്ള ‘മിഷന്‍ സമുദ്ര’ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു.
കേരളത്തിന്റെ 600 കിലോമീറ്റര്‍ തീരപ്രദേശം, രണ്ട് അന്താരാഷ്‌ട്ര തുറമുഖങ്ങള്‍, 17 ചെറുകിട തുറമുഖങ്ങള്‍ എന്നിവയെ റോഡ്, റെയില്‍, ഉള്‍നാടന്‍ ജലപാതകളുമായി സംയോജിപ്പിച്ച് വികസിപ്പിക്കാനായിരുന്നു ലക്ഷ്യം. ഇതിലേക്കായി 300 കോടി രൂപ മാറ്റിവച്ചു. അദാനിയുടെ ആശയമാണ് മുഖ്യമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചതെന്നാണ് കോണ്‍ഗ്രസില്‍ ഉയരുന്ന ആരോപണം.
















