
പാണ്ഡവരുടെ അജ്ഞാതവാസ കാലത്താണ് വിരാടരാജാവും ഉത്തരയും മഹാഭാരത കഥയുടെ ഭാഗമാകുന്നത്. മത്സ്യ ദേശത്തെ വിരാട രാജാവിന്റെ മകളായിരുന്നു ഉത്തര.
വിശാലമനസ്‌കനായിരുന്നു വിരാട രാജാവ്. പാണ്ഡവരാണെന്ന് അറിയാതെ അവിടെ എത്തിച്ചേര്‍ന്ന അഞ്ചു പുരുഷന്‍മാര്‍ക്കും ഒരു സ്ത്രീക്കും രാജധാനിയില്‍ വിവിധ ജോലികള്‍ നല്‍കി അദ്ദേഹം അഭയം കൊടുത്തു. യുധിഷ്ഠിരനെ കൊട്ടാര സുഹൃത്തായും ഭീമനെ അന്നശാലയുടെ അധ്യക്ഷനായും അര്‍ജുനനെ ഉത്തരയുടെ നൃത്തഗുരുവായും നകുലനെ കുതിരലായത്തിന്റെ അധികാരിയായും സഹദേവനെ ഗോശാലയുടെ അധികാരി ആയും അദ്ദേഹം നിയമിച്ചു. പാഞ്ചാലി ആവട്ടെ രാജാവിന്റെ പട്ടമിഹിഷി ആയ സുദേഷ്ണയുടെ തോഴി എന്ന നിലയിലയാണ് വിരാട രാജധാനിയില്‍ കഴിഞ്ഞത്. കങ്കന്‍, വലലന്‍, ബൃഹന്നള, ഗ്രന്ഥികന്‍, അരിഷ്ടനേമി, മാലിനി എന്നീ പേരുകളിലാണ് യഥാക്രമം പാണ്ഡവരും പാഞ്ചാലിയും വേഷ പ്രച്ഛന്നരായി വിരാട രാജധാനിയില്‍ അജ്ഞാതവാസം നയിച്ചത്.
വിരാട രാജാവിന് സുദേഷ്ണയില്‍ ഉണ്ടായ മൂന്നു മക്കളില്‍ ഇളയവളാണ് ഉത്തര. ഉത്തരയുടെ നൃത്താധ്യാപകനായിട്ടാണ് അര്‍ജുനനന്‍ ബൃഹന്നള എന്ന പേരില്‍ അവിടെ കഴിഞ്ഞത്.
ഈ അജ്ഞാതവാസം ഒരു വര്‍ഷം തികയാറായപ്പോഴാണ് കൗരവര്‍ സൈന്യത്തോടൊപ്പം വിരാട രാജാവിന്റെ ഗോക്കളെ കൂട്ടത്തോടെ അപഹരിച്ചത്. ഗോക്കളെ തിരിച്ചു പിടിക്കുന്നതിനായി വിരാട രാജാവിന്റെ മകനായ ഉത്തരനെ സഹായിക്കുവാന്‍ പാണ്ഡവരും പോയി. അര്‍ജുനന്റെ അസ്ത്രവീര്യത്താല്‍ ഗോസമ്പത്ത് തിരിച്ചു പിടിച്ചു. നടന്ന കാര്യങ്ങള്‍ രാജധാനിയില്‍ പറയരുതെന്നും ഗോക്കളെയത്രയും തിരിച്ചുപിടിച്ചത് സ്വന്തം പോരാട്ടവീര്യത്തിലാണെന്നേ പറയാവൂ എന്നും അര്‍ജ്ജുനന്‍ ഉത്തരനെ ചട്ടംകെട്ടി. അതിനു പിറ്റേന്ന് അജ്ഞാതവാസത്തിന്റെ ഒരു വര്‍ഷ സമയപരിധി അവസാനിച്ചു.
പാണ്ഡവര്‍ രാജകീയ വേഷത്തില്‍ വിരാട രാജസദസ്സിലേക്ക് എത്തി. ഒരു വര്‍ഷക്കാലം പകിട കളിച്ച് രാജാവിനെ സന്തോഷിപ്പിച്ച കങ്കനെയും പാചകക്കാരനായി നിന്ന ഭീമനേയും അശ്വരക്ഷകനായി നിന്ന നകുലനേയും ഗോരക്ഷകനായി നിന്ന സഹദേവനെയും അര്‍ജുനന്‍ പരിചയപ്പെടുത്തിക്കൊടുത്തു. രാജകുമാരിയുടെ നൃത്താധ്യാപികയായി നിന്ന ബൃഹന്നള താന്‍തന്നെയെന്നും അര്‍ജുനന്‍ സ്വയം വെളിപ്പെടുത്തി. അറിയാതെയാണെങ്കിലും താന്‍ സ്വന്തം കൊട്ടാരത്തില്‍ അഭയം നല്‍കിയത് സാക്ഷാല്‍ പാണ്ഡവര്‍ക്കും പാഞ്ചാലിക്കും ആണെന്ന് തിരിച്ചറിഞ്ഞ വിരാടരാജാവ്, കൗമാരം വിട്ടിട്ടില്ലാത്ത മകള്‍ ഉത്തരയെ അര്‍ജുനനു വധുവായി നല്‍കി അവരെ പ്രീതിപ്പെടുത്താന്‍ തീരുമാനിച്ചു. രാജകുമാരിയുടെ നൃത്താധ്യാപകനായ തനിക്ക് ഉത്തരയെ മകളായി മാത്രമേ കാണുവാന്‍ കഴിയൂ എന്നും അതിനാല്‍ തന്റെ മകനായ അഭിമന്യുവിന്റെ ഭാര്യയായി ഉത്തരയെ സ്വീകരിക്കാം എന്നും അര്‍ജ്ജുനന്‍ പറഞ്ഞു. ഇവിടെ പക്വതയാര്‍ന്ന ഒരു പിതാവായി അര്‍ജുനന്‍ മാറുന്നു. ഒരു ധര്‍മ്മിഷ്ടനു ചേരുന്ന താണ് അര്‍ജുനന്റെ അഭിപ്രായം. ഈ നിര്‍ദ്ദേശമാണ് ശരിയെന്നു വിരാട രാജാവിനും തോന്നി. ശ്രീകൃഷ്ണന്റെ മരുമകനും ദേവപുത്ര തുല്യനുമായ അഭിമന്യുവിന് വധുവായി ഉത്തരയെ നല്‍കാന്‍ രാജാവും സന്നദ്ധനായി.
വനവാസം വിജയകരമായി പൂര്‍ത്തിയാക്കിയ പാണ്ഡവന്മാരെ കാണുന്നതിനും അഭിമന്യു -ഉത്തരമാരുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും ശ്രീകൃഷ്ണനും ബലഭദ്രനും യാദവമുഖ്യരും രാജാക്കന്മാരും സമ്മാനാദികളുമായി എത്തി. എല്ലാവരെയും സാക്ഷിയാക്കി സൗഭദ്രനായ അഭിമന്യു ഉത്തരയെ വിവാഹം ചെയ്തു. വിരാടം ഒരു ഉത്സവ നഗരിയായിത്തീര്‍ന്നു.
വെറും 16 വയസ്സു മാത്രം പ്രായമുള്ള കുമാരനായിരുന്നു അന്ന് അഭിമന്യു. അതനു ചേരുന്ന പ്രായമേ ഉത്തരക്കും ഉണ്ടായിരുന്നുള്ളൂ. കൗരവ പാണ്ഡവ യുദ്ധം ആരംഭിക്കുമ്പോള്‍ അവരൊന്നിച്ച് ജീവിതം ആരംഭിച്ചിട്ട് ഏഴോ എട്ടോ മാസമേ ആയിരുന്നുള്ളൂ.
യുദ്ധത്തില്‍ ഭീഷ്മര്‍ ശരശയ്യയിലായി. കൗരവസൈന്യത്തിന്റെ സര്‍വ്വ സൈന്യാധിപനായി ദ്രോണര്‍ ചുമതല ഏറ്റെടുത്തു. ധൃതരാഷ്‌ട്രരുടെ അഭ്യര്‍ത്ഥനപ്രകാരം ദ്രോണര്‍ പത്മവ്യൂഹം ചമച്ചു. ത്രിഗര്‍ത്ത രാജാവിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ നേരിടാന്‍ യുദ്ധക്കളത്തിന്റെ മറ്റൊരു ഭാഗത്തേക്ക് അര്‍ജുനന്‍ പോയി. ധര്‍മ്മപുത്രരുടെ ആവശ്യപ്രകാരം ആണ് കുമാരനായ അഭിമന്യു പത്മവ്യൂഹം തകര്‍ക്കാന്‍ പോയത്. താന്‍ പത്മവ്യൂഹം തകര്‍ക്കുമെന്ന് അഭിമന്യു പ്രതിജ്ഞ ചെയ്തു. സുബ്രഹ്‌മണ്യന്‍ അസുരപ്പടയെ പ്രഹരിച്ചത് പോലെ അഭിമന്യു ഒറ്റയ്‌ക്ക് ശത്രു സൈന്യനിരയില്‍ വന്‍ നാശം വരുത്തി. ശല്യര്‍ പോലും മോഹലസ്യപ്പെട്ടു. ശല്യസഹോദരന്‍ കൊല്ലപ്പെട്ടു. ദുശാസനനും കര്‍ണ്ണനും ദുര്യോധനനും എല്ലാം അഭിമന്യുവിന്റെ മുന്‍പില്‍ പരാജയപ്പെട്ടു. പക്ഷം മറന്ന് ദ്രോണര്‍ അഭിമന്യുവിനെ പുകഴ്‌ത്തി. കൗരവസേന ചിതറി. അഭിമന്യുവിനെ സഹായിക്കാനായി എത്തിയ ഭീമസേനനെയും മറ്റും സൈന്ധവ രാജാവായ ജയദ്രഥന്‍ തടഞ്ഞു. സംഭ്രാന്തരായ ദ്രോണാദി ശത്രുക്കള്‍ ഒന്നിച്ച് അഭിമന്യുവിനെ എതിര്‍ത്തു. അവര്‍ ആദ്യം സൂതനെ വധിച്ചു തേര് തകര്‍ത്തു. ദ്രോണര്‍, കര്‍ണന്‍ , കൃപര്‍, ദ്രൗണി ശല്യര്‍, കൃതവര്‍മ്മാവ് തുടങ്ങി ചുറ്റും ശത്രുക്കളാല്‍ വലയപ്പെട്ട് നിലത്തു നിന്ന അഭിമന്യുവിനെ പിന്നില്‍ നിന്ന് തലയ്‌ക്ക് ഗദ കൊണ്ട് അടിച്ചു വീഴ്‌ത്തിയത് ദുശ്ശാസന പുത്രനാണ്. അവിടെ യുദ്ധ നിയമങ്ങള്‍ കാറ്റില്‍ പറന്നു. പലരും ചേര്‍ന്ന് ഒരു കുമാരനെ കൊന്നു.
അഭിമന്യുവിനെ സഹായിക്കാന്‍ ശ്രമിച്ച പാണ്ഡവ സൈന്യത്തെ തടഞ്ഞത് രുദ്രവരം നേടിയ ജയദ്രഥന്‍ ആയിരുന്നു. അതുകൊണ്ടാണ് പിറ്റേന്ന് സൂര്യാസ്തമയത്തിന് മുന്‍പ് ജയദ്രഥനെ കൊല്ലുമെന്ന് അര്‍ജുനന്‍ പ്രതിജ്ഞ ചെയ്തതും ശ്രീകൃഷ്ണ സഹായത്താല്‍ പ്രതിജ്ഞ നിറവേറ്റിയതും.
പാഞ്ചാലി സഹോദരനായ ധൃഷ്ടദ്യുമ്‌നന്‍ ദ്രോണാചാര്യരുടെ തലയറുത്ത വിവരം അറിഞ്ഞ ദ്രോണ പുത്രനായ അശ്വത്ഥാമാവ്, പിതൃ നഷ്ടത്തില്‍ കോപാക്രാന്തനായി പാണ്ഡവര്‍ക്കെതിരെ ബ്രഹ്‌മാസ്ത്രം പ്രയോഗിച്ചു. ഉത്തരയുടെ വയറ്റില്‍, ആറുമാസം മാത്രം വളര്‍ച്ചയുള്ള ഗര്‍ഭസ്ഥ ശിശുവിനെ ബ്രഹ്‌മാസ്ത്ര തേജസ്സ് ബാധിച്ചു
അഭിമന്യുവിന്റെ തേജസ്സാര്‍ന്ന മുഖം നോക്കി കരയുന്ന ഉത്തരയെ കണ്ട് ഗാന്ധാരിയുടെ ദുഃഖംപോലും ഇരട്ടിയായി. ബാലയും മാന്യയുമാണ് ഉത്തരയെന്ന് ഗാന്ധാരി പറയുന്നുണ്ട്. യുദ്ധം മൂലം ഉത്തരയുടെ ജീവിത സങ്കല്പം തന്നെ പാഴായിപ്പോയി. ശ്രീകൃഷ്ണനും സാത്യകിയും സത്യകനും അഭിമന്യുവിന് ശ്രാദ്ധം ചെയ്തു. ശ്രീകൃഷ്ണനും വ്യാസനും ഉത്തരയെ ആശ്വസിപ്പിക്കാന്‍ എത്തി. ഉത്തരയുടെ ഗര്‍ഭസ്ഥശിശു ബ്രഹ്‌മാസ്ത്ര തേജസ്സാല്‍ നിര്‍ജ്ജീവമായെന്ന് അറിഞ്ഞാണ് വ്യാസന്‍ എത്തിയത്. എന്നിട്ടും ഉത്തരയുടെ മകനായി പിറക്കുന്നവന്‍ പാണ്ഡവര്‍ക്ക് വേണ്ടി ഭൂമിപാലനം ചെയ്യും ധര്‍മ്മിഷ്ഠനായ രാജാവാകും എന്ന് ആശ്വസിപ്പിക്കുകയാണ് ക്രാന്ത ദര്‍ശിയായ വ്യാസന്‍ ചെയ്തത്. കൃഷ്ണാനുഗ്രഹത്താല്‍ വ്യാസമഹര്‍ഷിയുടെ വാക്കുകള്‍ സത്യമാവുകയും ചെയ്തു.
യുദ്ധശേഷം അശ്വമേധത്തിനായി മരുത്തന്‍ എന്ന രാജാവ് സംരക്ഷിച്ചുവച്ച ധനം എടുത്ത് ധര്‍മ്മജാദികള്‍ ഹസ്തിനപുരത്തേക്ക് വന്നപ്പോള്‍, പാഞ്ചാലി ഉത്തര, പൃഥ എന്നിവരെയും ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട മറ്റു ക്ഷത്രിയ സ്ത്രീകളെയും കണ്ട് ആശ്വസിപ്പിക്കാന്‍ യുയുധാനന്‍, സാരണന്‍, ബലദേവന്‍ എന്നിവരോടൊപ്പം ശ്രീകൃഷ്ണനും അവിടെയെത്തിയിരുന്നു. വിദുരര്‍, യുയുത്സു എന്നിവരോടൊപ്പം ശ്രീകൃഷ്ണന്‍ അവിടെ തുടര്‍ന്നു. ആ സമയത്താണ് വ്യാസഭഗവാന്റെ ആശീര്‍വാദം സത്യമാകുമാറ് ഉത്തരയ്‌ക്ക് മകന്‍ പിറന്നത്. അശ്വത്ഥാമാവിന്റെ ബ്രഹ്‌മാസ്ത്രപ്രയോഗത്താല്‍ മൃതനായാണ് കുഞ്ഞു പിറന്നത്. സുഭദ്രയും പാഞ്ചാലിയും കുന്തിയും മറ്റു ബന്ധു സ്ത്രീകളും ആര്‍ത്തു കരയുന്നത് കേട്ട് ശ്രീ കൃഷ്ണന്‍ അന്തപുരത്തിലേക്ക് ചെന്നപ്പോള്‍, ഭര്‍ത്താവും മകനും ഇല്ലാതെ ജീവിച്ചിരുന്നിട്ട് കാര്യമില്ല, സ്വസ്തികെട്ടവളാണ് താനെന്ന് ജീവനില്ലാത്ത മകനെ മടിയില്‍ വച്ച് കരള്‍ തകര്‍ന്ന് ഉത്തര ദുഃഖത്തോടെ വിലപിക്കുന്നത് കേട്ട ശ്രീകൃഷ്ണന്‍ കുഞ്ഞിനെ ബ്രഹ്‌മാസ്ത്ര പ്രഭാവത്തില്‍ നിന്ന് രക്ഷിക്കുവാന്‍ തീരുമാനിച്ചു. ആചമനം ചെയ്തുവന്ന് ശുദ്ധനായി ശ്രീകൃഷ്ണന്‍ ബ്രഹ്‌മാസ്ത്ര പ്രഭാവത്തെ സംഹരിച്ചതോടെ കുഞ്ഞ് ജീവന്റെ തുടിപ്പറിയിച്ചു കരഞ്ഞു.അസ്ത്രം ജ്വലിച്ചു കൊണ്ട് ബ്രഹ്‌മപാര്‍ശ്വം ഗമിച്ചു. കരഞ്ഞു കൊണ്ടിരുന്ന സ്ത്രീകള്‍ എല്ലാം അതോടെ ഉത്സാഹത്തിമിര്‍പ്പിലായി. ഉത്തര കുഞ്ഞിനോടൊപ്പം ശ്രീകൃഷ്ണനെ യഥാവിധി പ്രണമിച്ചു. കുലം പരിക്ഷയിച്ച് ജാതനായ ഇവന് പരീക്ഷിത്ത് എന്ന പേര് ഉത്തമമാണെന്ന് ശ്രീകൃഷ്ണന്‍ തന്നെയാണ് പറഞ്ഞത്. ഇങ്ങനെ പാണ്ഡവ വംശത്തിന്റെ നിലനില്‍പ്പിന് ആധാരനായ പരീക്ഷിത്തിന് ജന്മം നല്‍കിയ വനിതയാണ് ഉത്തര.