ന്യൂദല്‍ഹി:എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ നടത്തുന്ന സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പനയില്‍ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ് അതോറിറ്റി (എഫ്എസ്എസ്എഐ) നോട്ടീസ് നല്‍കി. റെഡ് ബുള്‍ എനര്‍ജി ഡ്രിങ്ക്,പെപ്‌സികോയുടെ അഡ്രിനാലിന്‍ റഷ് എനര്‍ജി ഡ്രിങ്ക്, റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ കാമ്പാ എനര്‍ജി ഡ്രിങ്ക് ,ഗോള്‍ഡ് ബൂസ്റ്റ്, സ്റ്റിംഗ് എനര്‍ജി ഡ്രിങ്ക്, ഹെല്‍ എനര്‍ജി, കോക്കകോളയുടെ പിന്തുണയുള്ള മോണ്‍സ്റ്റര്‍ എനര്‍ജി എന്നീ പാനീയങ്ങള്‍ക്കാണ് നോട്ടീസ് അയച്ചത്.
എനര്‍ജി ഡ്രിങ്ക് എന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ബ്രാന്‍ഡിംഗ് എന്നാണ് എഫ്എസ്എസ്‌ഐ ചൂണ്ടിക്കാട്ടുന്നത്.പാക്കേജ്ഡ് എനര്‍ജി ഡ്രിങ്കുകള്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുമ്പോഴും അവയുടെ ഫലപ്രാപ്തിയെക്കുറിച്ചും പാര്‍ശ്വഫലങ്ങളെക്കുറിച്ചും ആശങ്കകളുണ്ട്. ഈ സാഹചര്യത്തില്‍, എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത പ്രമുഖ പാനീയ ബ്രാന്‍ഡുകള്‍ക്കാണ് നോട്ടീസ്. എനര്‍ജി ഡ്രിങ്ക് ശരീരത്തിനും മനസിനും ഉന്മേഷം നല്‍കുന്നു, ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നു എന്നീ അവകാശവാദങ്ങള്‍ അനുവദനീയമല്ലെന്ന് എഫ്എസ്എസ്എഐ പറയുന്നു. നോട്ടീസിന് സ്ഥാപനങ്ങള്‍ നല്‍കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ അടുത്ത നടപടികളിലേക്ക് എഫ്എസ്എസ്എഐ കടക്കും.















