
ന്യൂഡൽഹി : ഇന്ത്യൻ വാഹനവിപണിയുടെയും, ഹരിയാനയുടെയും മുഖം മാറ്റാൻ കഴിയുന്ന പുത്തൻ തുടക്കവുമായി രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. രാജ്യത്തെ നാലാമത്തെ വാഹന നിർമ്മാണ പ്ലാന്റാണ് ഹരിയാനയിലെ ഖാർഖോഡയിൽ ആരംഭിച്ചിരിക്കുന്നത്.
35000 കോടി രൂപ നിക്ഷേപത്തിലാണ് ഈ പ്ലാന്റ് ഒരുങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സമീപകാലത്ത് ഇന്ത്യയിലെ വാഹന മേഖലയിലെ ഏറ്റവും വലിയ നിക്ഷേപമാണിതെന്നാണ് വിവരം. 2026-27 സാമ്പത്തിക വർഷത്തിൽ 5 ലക്ഷം വാഹങ്ങളുടെ ഉൽപാദന ശേഷി കൈവരിക്കാനാണ് നീക്കം . പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതോടെ, പ്രതിവർഷം 10 ലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സുസുക്കിയുടെ ഏറ്റവും വലിയ ഫോർ വീലർ നിർമ്മാണ കേന്ദ്രങ്ങളിലൊന്നായി ഖാർഖോഡ പ്ലാന്റ് മാറുമെന്ന് കമ്പനി അറിയിച്ചു.
2022 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഖാർഖോഡ പ്ലാന്റിന് തറക്കല്ലിട്ടത്.ഈ പ്ലാന്റിൽ പൂർണതോതിൽ വാഹന നിർമാണം ആരംഭിക്കുന്നതോടെ പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിക്കാനുള്ള മാരുതി സുസുക്കിയുടെ ലക്ഷ്യത്തിന് കൂടുതൽ കരുത്താകും.
ഈ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പൂർണതോതിൽ ആരംഭിക്കുന്നതോടെ മാരുതി സുസുക്കിയുടെ ഉത്പാദന ശേഷിയിൽ ഗണ്യമായ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഖാർഖോഡ പ്ലാന്റിൽ കോംപാക്റ്റ് എസ്‌യുവി ബ്രെസ്സയും ഇടത്തരം എസ്‌യുവി വിക്ടോറിസുമണ് നിർമ്മിക്കുന്നത്.
നിർമാണത്തിലെ കൃത്യത, ഉയർന്ന ഉത്പാദനക്ഷമത, തൊഴിലിടത്തെ സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഇൻഡസ്ട്രി 5.0 അടിസ്ഥാനമാക്കിയുള്ള നിർമാണവും എ.ഐ. അധിഷ്ഠിത സംവിധാനങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
800 ഏക്കർ സ്ഥലത്ത് നിർമിച്ച പ്ലാന്റിൽ നിലവിൽ രണ്ട് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. 21,000 തൊഴിലവസരങ്ങളാണ് ഈ പ്ലാന്റുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയും ഒരുങ്ങുന്നത്. സുസുക്കി സ്മാർട്ട് ഫാക്ടറി കൺസെപ്റ്റിലാണ് മാരുതി സുസുക്കിയുടെ ഈ പ്ലാന്റ്.