ഡാളസ്: 86-ാം മിനിറ്റില്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡ് ഐവറികോസ്റ്റ് വല കുലുക്കിയപ്പോള്‍ നോര്‍വേ പ്രീ ക്വാര്‍ട്ടറില്‍. ബ്രസീലാണ് നോര്‍വേയുടെ അല്ലെങ്കില്‍ ഹാലന്‍ഡിന്റെ എതിരാളികള്‍. മൂന്ന് ഗോളുകള്‍ കണ്ട ഏറെക്കുറെ വിരസമായ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നോര്‍വേയുടെ വിജയം.
ലോകകപ്പിന്റെ ചരിത്രത്തില്‍ മൂന്നാം തവണയാണ് നോര്‍വേ അവസാന പതിനാറില്‍ ഇടംപിടിക്കുന്നത്. 1998ലായിരുന്നു അവസാനമായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. അതിനുശേഷം ഇതാദ്യമായാണ് അവര്‍ ലോകകപ്പിനെത്തുന്നത്. 39-ാം മിനിറ്റില്‍ അന്റോണിയോ നുസയിലൂടെ നോര്‍വേ മുന്നിലെത്തിയെങ്കിലും 74-ാം മിനിറ്റില്‍ അമദ് ഡിയാലോയിലൂടെ ഐവറികോസ്റ്റ് സമനില പിടിച്ചു.
പ്രീ-ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് മികച്ച മുന്നേറ്റങ്ങളോടെയാണ് ഇരുടീമുകളും മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റുകളില്‍ ഐവറി കോസ്റ്റായിരുന്നു ആധിപത്യം പുലര്‍ത്തിയത്. നോര്‍വേ ഗോള്‍മുഖത്ത് നിരവധി തവണ ഐവറികോസ്റ്റ് നിരന്തരം അപകടമുയര്‍ത്തി. മറുവശത്ത് ഹാളണ്ടും സോര്‍ലോത്തും അടങ്ങുന്ന നോര്‍വേ മുന്നേറ്റവും പതിയെ ആക്രമിച്ചുകളിച്ചു. 35-ാം മിനിറ്റില്‍ ഇമ്മാനുവല്‍ അഗ്ബദൗ ഗോളിനടുത്തെത്തിയെങ്കിലും നോര്‍വേ ഗോളിയെ കീഴടക്കാനായില്ല. പിന്നാലെ ഹാളന്‍ഡ് ഗോള്‍ ലക്ഷ്യമാക്കി ഷോട്ട് ഉതിര്‍ത്തെങ്കിലും ഐവറി ഗോളി യഹിയ ഫൊഫാന ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 39-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍. നോര്‍വേയുടെ വിങ്ങര്‍ അന്റോണിയോ നുസയാണ് സ്‌കോറര്‍. ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് താരം ഗോള്‍ നേടിയത്. ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് നുസ. ഈ ഗോളിന് ആദ്യപകുതി ഒരുഗോളിന് നോര്‍വേ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ തിരിച്ചടി ലക്ഷ്യമിട്ട് ഐവറികോസ്റ്റ് മികച്ച മുന്നേറ്റങ്ങള്‍ നടത്തി. പലതവണ എതിര്‍ പ്രതിരോധം അവര്‍ ഭേദിച്ചെങ്കിലും നോര്‍വെ ഗോളിയെ കീഴടക്കാനായില്. 55-ാം മിനിറ്റില്‍ ഐവറികോസ്റ്റിന് ലഭിച്ച മികച്ച അവസരത്തിനൊടുവില്‍ നിക്കൊളാസ് പെപ്പെ പോസ്റ്റിലേക്ക് ഉഗ്രന്‍ ഷോട്ടുതിര്‍ത്തെങ്കിലും നോര്‍വേ ഗോളി തട്ടിയകറ്റി. ഇതോടെ പകരക്കാരെ ഇറക്കി ഐവറികോസ്റ്റ് മുന്നേറ്റം ശക്തമാക്കി. അതിന് ഫലവുമുണ്ടായി. 74-ാം മിനിറ്റില്‍ അവര്‍ സമനില ഗോള്‍ കണ്ടെത്തി. പകരക്കാരനായി ഇറങ്ങിയ അമദ് ഡിയാലോയാണ് തകര്‍പ്പന്‍ ഗോളിലൂടെ സമനില ഗോള്‍ അടിച്ചത്. വലതുവിങ്ങില്‍ ബോക്സിനുള്ളില്‍ വെച്ച് നോര്‍വേ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയാണ് താരം ഗോളടിച്ചത്. അതോടെ സ്‌കോര്‍ 1-1. എന്നാല്‍ മത്സരം അവസാനിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് നോര്‍വേ ലീഡെടുത്തു. സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹാലന്‍ഡാണ് ഗോളടിച്ചത്. പാട്രിക് ബെര്‍ഗ് ഒരുക്കിയ അവസരത്തില്‍ നിന്നാണ് താരം ലക്ഷ്യം കണ്ടത്.
















