ന്യൂഡൽഹി: ഫെബ്രുവരിയിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഔദ്യോഗിക വിലാപയാത്രയിലും സംസ്‌കാര ചടങ്ങുകളിലും പങ്കെടുക്കാൻ ഇന്ത്യൻ രാഷ്‌ട്രീയ നേതാക്കൾക്ക് ഔദ്യോഗിക ക്ഷണം . ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവരെ ഇറാൻ ഭരണകൂടം നേരിട്ട് ചടങ്ങിലേക്ക് ക്ഷണിച്ചതായാണ് റിപ്പോർട്ട്.
2026 ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. യുദ്ധസാഹചര്യങ്ങൾ കാരണം പലതവണ മാറ്റിവെച്ച ചടങ്ങുകളാണ് അടുത്ത ആഴ്ച ഇറാനിൽ നടക്കുന്നത്.1989 മുതൽ 2026 വരെ ദീർഘകാലം ഇറാനെ നയിച്ച ഖമേനിയുടെ മൃതദേഹം ജൂലൈ 9-ന് മഷ്ഹദിലെ ഇമാം റെസ തീർത്ഥാടന കേന്ദ്രത്തിലാണ് അടക്കം ചെയ്യുക. ഇതിന് മുന്നോടിയായി ജൂലൈ 6, 7 തീയതികളിൽ ടെഹ്‌റാനിലും കോമിലും പൊതുദർശന ചടങ്ങുകൾ നടക്കും. ഷിയാ മുസ്‌ലിം കലണ്ടറിലെ പരമ്പരാഗത വിലാപ കാലമായ മുഹറം മാസത്തിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ചൈന, റഷ്യ, പാകിസ്ഥാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ ഭരണത്തലവന്മാരെയും ഇറാൻ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റ, ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്‌നൈൻ എന്നിവർ ടെഹ്‌റാനിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഭരണഘടനാ പദവി വഹിക്കുന്ന ഇന്ത്യയിലെ പ്രമുഖ ഷിയാ കമ്മ്യൂണിറ്റി അംഗം എന്ന നിലയിലാണ് സയ്യിദ് അതാ ഹസ്‌നൈനെ ഔദ്യോഗിക സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന.
















