തിരുവനന്തപുരം: ആലപ്പുഴ തോട്ടപ്പള്ളിയിലെ പൊഴിയിലെ മണൽ നീക്കലും ധാതുമണൽ സംസ്‌കരണവും സംബന്ധിച്ച നടപടികളിൽ അഴിമതിയുണ്ടോ എന്നറിയാൻ ഓഡിറ്റിങ് നടത്തുമെന്നും തുടർ പ്രവർത്തനങ്ങൾക്കായി വിദഗ്‌ദ്ധ സമിതിയെ പഠനത്തിന് നിയോഗിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. ജി. സുധാകരൻ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു.
കേരള പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ, കേന്ദ്ര സ്ഥാപനമായ ഐആർ എന്നിവയാണ് ഇപ്പോൾ ധാതുമണൽ സംസ്‌കരണം നടത്തുന്നത്. ഈ സ്ഥാപനങ്ങൾ സർക്കാരിന് റോയൽറ്റി ഇനത്തിൽ യഥാക്രമം 8.7 കോടിരൂപയും 4.76 കോടി രൂപയും നൽകിയിട്ടുണ്ട്. ധാതുമണൽ ഖനനം സംസബന്ധിച്ച പരാതികൾ പരിശോധിക്കും. നടപടികൾ അടിയന്തരമായി കൈക്കൊള്ളും. ക്രമക്കേടു നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കും. വിദഗ്‌ദ്ധ സമിതിയെ നിയോഗിക്കും, വിശദമായ ഓഡിറ്റിങ് നടത്തും. പരിസ്ഥിതി ആഘാതം സംബന്ധിച്ച പഠനം നടത്തിയാവും തുടർ നടപടികൾ എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
അഴിമതിയുടെ നിധി: സുധാകരൻ
കരിമണൽ ഖനനം സംബന്ധിച്ച് 25 വർഷത്തെ നടപടികൾ അന്വേഷിക്കണമെന്ന് ജി. സുധാകരൻ എംഎൽഎ സബ്മിഷനിൽ ആവശ്യപ്പെട്ടു.
അവിടെ കരിമണൽ ശേഖരണം നടക്കുന്നുണ്ട്. നമ്മുടെ നാടിന്റെ സ്വത്ത് അവിടത്തുകാർക്ക് പ്രയോജനമില്ലാത്ത തരത്തിലാണ് വിനിയോഗിക്കുന്നത്. ചിലർ ചാക്കിൽ മണൽ വാരി വിൽക്കുന്നുണ്ട്. അഞ്ഞൂറോളം സഹകരണ സ്ഥാപനങ്ങൾ മണൽ വാരി കമ്പികൾക്ക് കൊടുക്കുന്നുണ്ട്. അന്യ സംസ്ഥാനങ്ങളിലേക്ക് മണൽ കടത്തുന്നുണ്ട്. അഴിമതിയുടെ നിധിയാണ് അവിടത്തെ കരിമണൽ ഇടപാട്. കഴിഞ്ഞ 25 വർഷത്തെ ഇടപാടുകൾ അന്വേഷിക്കണം. ഖനനം നിർത്തിവെക്കണം, വിദഗ്‌ദ്ധ സമിതി പരിശോധിക്കണം. വ്യോമയാന ആവശ്യങ്ങൾക്കു മുതൽ അണുശക്തിക്കുവരെയുള്ള ധാതുക്കൾ ലഭ്യമായ മണ്ണാണ് അവിടത്തേത്. അത് പ്രത്യേക കമ്പനി സ്ഥാപിച്ച് നമ്മൾതന്നെ സംസ്‌കരിച്ചാൽ കേരളത്തിന്റെ കടങ്ങളിൽനിന്നെല്ലാം മുക്തമാകാനാവും, രാജ്യത്തിന്റെ സമ്പത്ത് വർദ്ധിപ്പിക്കാം. കന്നനി തോട്ടപ്പള്ളിയിൽത്തന്നെ ആയിരിക്കണം, സുധാകരൻ പറഞ്ഞു.
















