മുസാഫറാബാദ്: പാക് ഭരണകൂടം തങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഉപരോധങ്ങളും അവസാനിപ്പിച്ചില്ലെങ്കില്‍ ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ലെന്ന് പാക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങള്‍. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സര്‍ദാര്‍ അമന്‍ ഖാന്റെ നേതൃത്വത്തില്‍ പിഒകെയില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിലാണ് ജനങ്ങള്‍ തങ്ങളുടെ നിലപാട് അറിയിച്ചത്. പ്രദേശവാസികള്‍ക്ക് അവശ്യസാധനങ്ങളും റേഷനും എത്തിക്കുന്നത് തടഞ്ഞുകൊണ്ട് പാക് അധികൃതര്‍ രണ്ടാഴ്ചക്കാലമായി ഏര്‍പ്പെടുത്തിയ ഭക്ഷ്യ ഉപരോധമാണ് ജനങ്ങളെ തെരുവിലിറക്കാന്‍ പ്രേരിപ്പിച്ചത്.
റാവല്‍ക്കോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് തടിച്ചുകൂടിയ പതിനായിരക്കണക്കിന് ജനങ്ങള്‍ പിഒകെ പാകിസ്ഥാന്റെ ഭാഗമല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. അവശ്യസാധനങ്ങളുടെ വിതരണം തടയുന്നത് ഇനിയും തുടര്‍ന്നാല്‍ ഇതര മാര്‍ഗങ്ങള്‍ തേടുമെന്നും പാക് സര്‍ക്കാരിന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി. സാധാരണക്കാരെ കൂട്ടമായി ശിക്ഷിക്കുന്ന നടപടിയാണ് പാക് സര്‍ക്കാരിന്റേതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ‘പിഒകെ ഒരിക്കലും പാകിസ്ഥാന്റെ ഭാഗമല്ല. ഞങ്ങള്‍ക്ക് പാകിസ്ഥാന്റെ ആവശ്യമില്ല, മറിച്ച് പാകിസ്ഥാനാണ് ഞങ്ങളെക്കൊണ്ട് ആവശ്യമുള്ളതെന്ന് പതിനായിരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സര്‍ദാര്‍ അമന്‍ ഖാന്‍ പറഞ്ഞു.
ജനങ്ങളെ പട്ടിണിക്കിട്ടാണ് ഈ പോക്കെങ്കില്‍ നിയന്ത്രണരേഖയിലെ ബാക്കി അതിര്‍ത്തികള്‍ കൂടി തുറക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങളോട് കൂടെ നില്‍ക്കാന്‍ പാകിസ്ഥാന് യാചിക്കേണ്ടി വരും’ അമന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അമന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള സമരനേതാക്കള്‍ക്കും അവാമി ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്കുമെതിരേ പാക് ഭരണകൂടെ ഭീകരവിരുദ്ധ നിയമങ്ങള്‍ ചുമത്തി കേസെടുത്തു. ഭീകരവിരുദ്ധ നിയമങ്ങള്‍ ഉപയോഗിച്ച് ജമ്മുകശ്മീര്‍ അവാമി ആക്ഷന്‍ കമ്മിറ്റിയെ (ജെഎഎസി) ഈ മാസം ആദ്യം പാക് ഭരണകൂടം നിരോധിച്ചിരുന്നു. ഇതിനുശേഷമാണ് സംഘടനയുടെ നേതൃത്വത്തില്‍ ഈദ്ഗാഹ് മൈതാനത്ത് ജനങ്ങള്‍ രാപകലില്ലാതെ ബഹുജന പ്രക്ഷോഭം ആരംഭിച്ചത്.











