
ന്യൂയോര്‍ക്ക്: ലോകകപ്പില്‍ ഇനി വമ്പന്‍ പോരാട്ടങ്ങള്‍. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് നോക്കൗട്ടിലേക്ക് കടന്നതോടെയാണ് സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് അരങ്ങൊരുങ്ങിയത്. ഇന്ന് രാത്രി 10.30ന്് ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ ഏഷ്യന്‍ കരുത്തരായ ജപ്പാനെ നേരിടും. നാളെ പുലര്‍ച്ചെ രണ്ടണ്ടിന് ജര്‍മനിയും പരാഗ്വെയും ഏറ്റുമുട്ടും. 6.30ന് നെതര്‍ലന്‍ഡ്‌സിന് എതിരാളികള്‍ മൊറോക്കോയാണ്. ജൂലൈ ഒന്നിന്
ഫ്രാന്‍സ് സ്വീഡനെയും മൂന്നിന് പോര്‍ച്ചുഗല്‍ ക്രൊയേഷ്യയെയും റൗണ്ട് ഓഫ് 32ലെ സൂപ്പര്‍ പോരാട്ടങ്ങളില്‍ നേരിടും.
ഇന്നലെ 23-ാം ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചു. ഗ്രൂപ്പ് ജെയില്‍ നിന്ന് ജോര്‍ദാനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന 9 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലെത്തി. രണ്ടാം സ്ഥാനക്കാരായി ഓസ്ട്രിയ നാല് പോയിന്റോടെ നോക്കൗട്ടിലേക്ക് മുന്നേറി. അതേ പോയിന്റുള്ള അള്‍ജീരിയ മികച്ച മൂന്നാം സ്ഥാനക്കാരായാണ് നോക്കൗട്ട് റൗണ്ടിലെത്തിയത്. ഇന്നലെ ഓസ്ട്രിയയും അള്‍ജീരിയയും 3-3ന് സമനില പാലിച്ചു.
ഗ്രൂപ്പ് കെയില്‍ നിന്ന് നേരത്തെ നോക്കൗട്ടില്‍ പ്രവേശിച്ച കൊളംബിയക്ക് പിന്നാലെ അഞ്ച് പോയിന്റുമായി പോര്‍ച്ചുഗലും മികച്ച മൂന്നാം സ്ഥാനക്കാരായി നാല് പോയിന്റുമായി കോംഗോയും അവസാന 32-ല്‍ എത്തി. ഗ്രൂപ്പിലെ അവസാന കളികളില്‍ കൊളംബിയ പോര്‍ച്ചുഗലുമായി സമനില പാലിച്ചപ്പോള്‍ ഉസ്ബക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് മികച്ച മൂന്നാം സ്ഥാനക്കാരായി കോംഗോ നോക്കൗട്ട് റൗണ്ടിലെത്തിയത്.
ഗ്രൂപ്പ് കെയില്‍ അവസാന കളിയില്‍ പാനമയെ 2-0ന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായും ഘാനയെ 2-1ന് പരാജയപ്പെടുത്തി ആറ് പോയിന്റുമായി ക്രൊയേഷ്യയും നോക്കൗട്ടിലെത്തി. അവസാന കളിയില്‍ തോറ്റെങ്കിലും നാല് പോയിന്റുമായി മികച്ച മൂന്നാം സ്ഥാനക്കാരായി ഘാനയും അവസാന 32-ലെ ഒരു ടീമായി.