Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

Published by
മുരളി പാറപ്പുറം

ര്‍ഷം 1997. ചങ്ങമ്പുഴയുടെ ജന്മനാടായ ഇടപ്പള്ളിയില്‍ തപസ്യ കലാസാഹിത്യവേദിയുടെ ഒരു ചിത്രകലാ ക്യാമ്പ് നടക്കുകയാണ്. കാട്ടൂര്‍ നാരായണപിള്ള, എം. വി. കൃഷ്ണന്‍ എന്നിങ്ങനെയുള്ള വരിഷ്ട കലാകാരന്മാര്‍ നേതൃത്വം കൊടുക്കുന്നു. ഇപ്പോഴത്തെ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറും അന്ന് തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായ ആര്‍. സഞ്ജയനാണ് മുഖ്യ സംഘാടകന്‍. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ശില്‍പ്പകലാ വിഭാഗം മേധാവിയായി വിരമിച്ച് എറണാകുളം പേരണ്ടൂരില്‍ താമസമാക്കിയ എം. വി. കൃഷ്ണന്‍, മികവുറ്റ ശില്‍പ്പിയും ജലച്ചായത്തില്‍ ചിത്രരചന നടത്തുകയും ചെയ്യുന്ന കാട്ടൂര്‍ നാരായണപിള്ള തുടങ്ങിയവരാണ് ക്ലാസെടുക്കുന്നവര്‍. കാട്ടൂരിന്റെ ശിക്ഷ്യനും ഇപ്പോള്‍ ത്രിപ്പൂണിത്തുറയില്‍ താമസിക്കുകയും ചെയ്യുന്ന പ്രശസ്ത ശില്‍പ്പി എം.എല്‍.രമേശ്, പെന്‍സില്‍ ഡ്രോയിങ്ങില്‍ വിസ്മയം തീര്‍ക്കുമായിരുന്ന പെരുമ്പാവൂരുകാരന്‍ സുകുമാരന്‍ തുടങ്ങിയവര്‍ ക്യാംപ് അംഗങ്ങള്‍. ക്യാമ്പില്‍ മറ്റൊരാളും ആചാര്യസ്ഥാനത്ത് ഉണ്ടായിരുന്നു- കവി പി. നാരായണക്കുറുപ്പ്.

ചിത്രകലാരംഗത്തോ ശില്‍പ്പകലാ രംഗത്തോ അല്ലാത്തയാളാണല്ലോ, പിന്നെയെങ്ങനെ… എന്നൊരു സംശയം എനിക്ക് ഉണ്ടാകാതിരുന്നില്ല. ജന്മഭൂമി പത്രത്തില്‍നിന്ന് ചിത്രകലാ ക്യാമ്പ് കാണാനെത്തിയതായിരുന്നു ഞാന്‍. അവിടെ ചെന്നപ്പോഴാണ് ഒരു റിപ്പോര്‍ട്ട് കൊടുക്കണമെന്ന് സഞ്ജയേട്ടന്‍ പറഞ്ഞത്. ചിത്രകലയെക്കുറിച്ച് കാര്യമായൊന്നും അറിയാത്ത ഞാന്‍ വളരെ ചെറിയ ഒരു വാര്‍ത്ത തയ്യാറാക്കി. അതില്‍ കാട്ടൂര്‍ നാരായണപിള്ളയുടെയും എം.വി.കൃഷ്ണന്റെയും പ്രസംഗ ശകലങ്ങളും ഉണ്ടായിരുന്നു. തിരിച്ചുപോരുന്നതിനു മുന്‍പേ റിപ്പോര്‍ട്ട് കുറുപ്പ് സാറിനെ ഒന്നു കാണിച്ചേക്കെന്ന സഞ്ജയേട്ടന്റെ നിര്‍ദ്ദേശം അനുസരിച്ചു. എം.വി. കൃഷ്ണനും കാട്ടൂരും ശില്‍പ്പകലയെക്കുറിച്ച് പറഞ്ഞത് ഞാന്‍ തെറ്റായി ധരിച്ചിരുന്നു. അവിടെ കുറുപ്പ് സാര്‍ ചില തിരുത്തലുകള്‍ വരുത്തി. ഈ കവിയുടെ ധിഷണ ചിത്രകലയും ശില്‍പ്പകലയും ഉള്‍പ്പെടെ കലയുടെ പല മേഖലകളിലും വ്യാപിക്കുന്ന ഒന്നാണെന്ന് പിന്നീടാണറിയുന്നത്.

നവതിയും കടന്ന് നമുക്കൊപ്പം ജീവിച്ച കുറുപ്പ് സാറിന്റെ വിയോഗം കലാസാഹിത്യ സാംസ്‌കാരിക രംഗത്ത് ഒരു വിടവല്ല, ശൂന്യതതന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. എഴുത്തുകാരന്‍ എന്ന നിലയില്‍ ഈ മേഖലകളിലെ സംഭാവന അത്രയ്‌ക്ക് വലുതാണ്. കവിയുടെ മുദ്ര ആഴത്തില്‍ പതിഞ്ഞുകിടക്കുന്നതിനാല്‍ കലാസാഹിത്യത്തിന്റെ മറ്റ് മേഖലകളില്‍ ഈ പ്രതിഭാധനന് ഉണ്ടായിരുന്ന അറിവുകളെക്കുറിച്ച് ലോകം വേണ്ടതുപോലെ തിരിച്ചറിഞ്ഞില്ല. ഷേക്‌സ്പിയര്‍ സമ്പൂര്‍ണ കൃതികളുടെ മലയാള വിവര്‍ത്തനം നടന്നത് മലയാളത്തിന്റെ ആചാര്യ സ്ഥാനം അലങ്കരിക്കുന്ന മറ്റൊരാളുടെ നേതൃത്വത്തിലാണ്. പക്ഷേ ആ വിവര്‍ത്തനത്തിന്റെ ഏറിയ പങ്കും നിര്‍വഹിച്ചത് കുറുപ്പ് സാറായിരുന്നു. ഇതുപോലെ കവിതക്കു പുറമെ മറ്റെന്തൊക്കെയാണ് ഈ കവിയുടെ സാഹിത്യ സംഭാവനകളെന്ന് വേണ്ടത്ര തിരിച്ചറിയപ്പെട്ടില്ല. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വിശ്വവിജ്ഞാന കോശം, സര്‍വവിജ്ഞാന കോശം എന്നിവയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കവിയും കവിതയും (രണ്ട് ഭാഗങ്ങള്‍), വൃത്ത പഠനം, കാവ്യ ബിംബം, ഭാഷാവൃത്തപഠനം, തനതു കവിത, തനതു നാടകം, കവിതയിലെ റിയലിസം, ഈശ്വരന്റെ സ്വന്തം നാട് (യാത്രാവിവരണം), ഉണ്ണായിവാര്യര്‍ (ഇംഗ്ലീഷിലുള്ള ജീവചരിത്രവും കാവ്യ പഠനവും), ബ്ലാക്ക് മണി (നോവല്‍), ഝാന്‍സി റാണി (ആട്ടക്കഥ), ജര്‍മന്‍ നാടകകൃത്തായ ഗോയ്‌ഥെയുടെ ഫൗസ്റ്റ് (വിവര്‍ത്തനം), ജവഹര്‍ലാല്‍ നെഹ്രു (ജീവചരിത്രം)എന്നിങ്ങനെയുള്ള കൃതികളെക്കുറിച്ചൊന്നും കുറുപ്പുസാറിന്റെ മരണശേഷം പോലും പരാമര്‍ശിക്കപ്പെട്ടില്ല. ഈ കൃതികളൊന്നും എണ്ണം കൂട്ടാന്‍ വേണ്ടി എഴുതിയതല്ല. ഓരോ വിഷയത്തിലും ആഴത്തിലുള്ള അറിവിന്റെ നിദര്‍ശനമായിരുന്നു.

എഴുത്തിന്റെ മേഖലയില്‍ എണ്ണംപറഞ്ഞ നിരവധി പുരസ്‌കാരങ്ങള്‍ കുറുപ്പ് സാറിന് ലഭിച്ചിട്ടുണ്ടെങ്കിലും അര്‍ഹിക്കുന്ന അംഗീകാരം അകന്നുനിന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിന് ജൂറിയില്‍ ഭൂരിപക്ഷമുണ്ടായിട്ടും സാഹിത്യ ബാഹ്യമായ ചില കാരണങ്ങളാല്‍ ലഭിക്കാതെ പോയി. ദേശീയതയുടെ പക്ഷത്തേക്ക് വന്നപ്പോള്‍ അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ലഭിക്കാതെ പോകുമെന്ന് സുഹൃത്തുക്കള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ കുറുപ്പ് സാര്‍ തെരഞ്ഞെടുത്തത് നേരിന്റെ പാതയാണ്. ഇതൊക്കെ പരിഗണിച്ചാണ് രാഷ്‌ട്രം പത്മശ്രീ നല്‍കി ആദരിച്ചത്.

തീര്‍ച്ചയായും കവിതയായിരുന്നു കുറുപ്പ് സാറിന്റെ തട്ടകം. ‘അപൂര്‍ണ്ണതയുടെ സൗന്ദര്യം’ എന്ന കവിത പോലെ പണിക്കുറ തീര്‍ന്നതായിരുന്നു കുറുപ്പ് സാറിന്റെ കവിതകള്‍. ദശപുഷ്പങ്ങള്‍ എന്ന തെരഞ്ഞെടുത്ത കവിതാസമാഹാരം വായിക്കുന്നവര്‍ ഇത് തിരിച്ചറിയും. സുന്ദര കോമള പദാവലികള്‍ കൊണ്ട് സഹൃദയരേ കോരിത്തരിപ്പിക്കുകയോ പുറംമോടിയുള്ള വാക്കുകള്‍ താളത്തിലടുക്കി നീട്ടിയും കുറുക്കിയും പാടി കേള്‍വിക്കാരെ കയ്യിലെടുക്കുന്നതോ അല്ല കവിതയെന്ന് ആദ്യ കവിത മുതല്‍ തിരിച്ചറിഞ്ഞ കവിയായിരുന്നു കുറുപ്പു സാര്‍.

എന്താണ് കവിതയെന്ന് നന്നായി അറിയാവുന്നതിനാല്‍ കാല്‍പ്പനികതയുടെ കടലാസ് പൂക്കള്‍ വെട്ടിയൊട്ടിച്ച് കാവ്യമൊരുക്കുന്നതിനെ വിമര്‍ശിക്കാന്‍ കുറുപ്പ് സാറിന് മടിയുണ്ടായിരുന്നില്ല. ആരാധകരുടെ വാഴ്‌ത്തുപാടുകളാല്‍ അംഗീകാരത്തിന്റെ കൊടുമുടിയില്‍ കയറിനില്‍ക്കുന്നയാളാണെങ്കിലും വിമര്‍ശിക്കാനുള്ള ധൈര്യം കുറുപ്പ് സാറിനുണ്ടായിരുന്നു. അസഹ്യമായിരുന്നു ഈ വിമര്‍ശനമെങ്കിലും മറുപടികളുണ്ടായില്ല. കവിതയുടെ പെരുന്തച്ചനോട് ഏറ്റുമുട്ടിയാല്‍ വീതുളിയുടെ മൂര്‍ച്ചയറിയും.

നര്‍മബോധം കുറുപ്പ് സാറിന് സഹജമായിരുന്നു. കവിതയിലും ഗദ്യത്തിലും സംഭാഷണങ്ങളില്‍ പോലും നര്‍മം തെളിഞ്ഞു വിളങ്ങി. നിലവാരമില്ലാത്ത തമാശകളായിരുന്നില്ല അവയൊന്നും. ദാര്‍ശനികമായ മനസ്സില്‍ നിന്ന് ഉറവെടുക്കുന്ന ചിരിയുടെ വിശുദ്ധൗഷധമായിരുന്നു. ഭാഷയിലെ അവഗാഹവും പ്രയോഗങ്ങളുമായുള്ള ചിരപരിചയവും ചേരുമ്പോള്‍ ചിരി വിടരും.

ഒരു സംഭവം ഓര്‍മ്മവരുന്നു. തപസ്യയുടെ ഒരു വാര്‍ഷിക സമ്മേളനം കഴിഞ്ഞ് മടങ്ങിപ്പോകാന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുകയാണ്. പതിവുപോലെ യാത്രക്കാരുടെ ശ്രദ്ധയ്‌ക്കുള്ള അറിയിപ്പുകള്‍ മൂന്ന് ഭാഷകളില്‍ താളത്തില്‍ ഒഴുകിയെത്തുന്നു. ട്രെയിന്‍ നമ്പറും മറ്റും പറഞ്ഞശേഷം ഹിന്ദിയിലുള്ള അറിയിപ്പ് അവസാനിക്കുന്നത് ‘ആനെ കി സംഭാവന ഹെ’ എന്നാണല്ലോ. ഇത് കേട്ടതോടെ കുറുപ്പ് സാറിന്റെ പ്രതികരണം ഇങ്ങനെ: ‘വണ്ടി വരണമെങ്കില്‍ നമ്മള്‍ സംഭാവന കൊടുക്കണമെന്ന്.’ എങ്ങനെ ചിരിക്കാതിരിക്കും. ഒപ്പമുണ്ടായിരുന്ന സംസ്‌കാര്‍ ഭാരതി ദേശീയ ഉപാദ്ധ്യക്ഷന്‍ സി.ജി. രാജഗോപാല്‍ സാറും ആ ചിരിയില്‍ പങ്കുചേര്‍ന്നു. പലപ്പോഴും സഹയാത്രികനായിരുന്നതിനാല്‍ രാജഗോപാല്‍ സാറിന് ഇത് പുതിയ കാര്യമായിരുന്നില്ല. കുറുപ്പ് സാറിനൊപ്പമാണ് യാത്രയെങ്കില്‍ അതൊരു ചിരിവണ്ടിയായി മാറും.
മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക് എന്നൊരു പുസ്തകം പി. പരമേശ്വരന്‍ എഴുതിയിട്ടുണ്ടല്ലോ. പരമേശ്വര്‍ജിയുമായി ദല്‍ഹിയില്‍ വച്ചുതന്നെ ബന്ധമുണ്ടായിരുന്ന കുറുപ്പ് സാറിന്റെ ധൈഷണിക ജീവിതത്തിനും ഇങ്ങനെയൊരു മാറ്റം സംഭവിച്ചതായി വിലയിരുത്താവുന്നതാണ്. തപസ്യയുടെ പ്രവര്‍ത്തനത്തിലേക്കും നേതൃത്വത്തിലേക്കും വരുന്നതിനു മുന്‍പുതന്നെ ഈ മാറ്റത്തിന് തുടക്കം കുറിച്ചിരുന്നു. കമ്മ്യൂണിസ്റ്റു ചിന്താഗതിക്കും ഇടതുപക്ഷ രാഷ്‌ട്രീയത്തിനും മേല്‍ക്കൈ ഉണ്ടായിരുന്ന കേരളത്തില്‍ ഭാരതീയ സംസ്‌കാരത്തിനും ദേശീയ ശക്തികള്‍ക്കുമൊപ്പം നിലയുറപ്പിക്കാനും, കലാസാഹിത്യ രംഗത്ത് തപസ്യയുടെ ശബ്ദമായി മാറാനും കുറുപ്പ് സാറിന് കഴിഞ്ഞിരുന്നു.

ചിരിച്ച കവികളേയും കരഞ്ഞ തത്ത്വജ്ഞാനികളെയുമാണ് പാശ്ചാത്യ ലോകത്തിന് പരിചയം. ഭാരതത്തിലും കവികള്‍ ചിരിച്ചിരുന്നെങ്കിലും ഇവിടെ തത്ത്വജ്ഞാനികള്‍ കരഞ്ഞവരല്ല. പ്രപഞ്ചത്തിന്റെ അപാരതയോര്‍ത്ത് വിസ്മയിക്കാനും ചിരിക്കാനുമാണ് ഭാരതം പഠിപ്പിച്ചത്. കരയാത്ത തത്വജ്ഞാനിയായിരുന്നു പി. നാരായണ കുറുപ്പ്. അകത്തും പുറത്തും ചിരിച്ച കവിയാണ്. അകത്തായിരുന്നു കൂടുതല്‍ ചിരിച്ചത്. ആ ചിരിക്ക് ഒരു ദാര്‍ശനിക വിതാനമുണ്ടായിരുന്നു. കുറുപ്പുസാറിന്റെ കവിതകളിലൂടെ കടന്നുപോകുന്നവര്‍ക്ക് ഇനിയും ആ ചിരി കേള്‍ക്കാം.

Recent Posts