Samskriti

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

Published by
ഡോ. എം.പി. മിത്ര

ജീവിതത്തിന്റെ സ്വാഭാവികവും അനിവാര്യവുമായ ഘട്ടമാണ് വാര്‍ദ്ധക്യം. ഈ ഘട്ടത്തില്‍ ശരീരധാതുക്കളുടെ ക്രമാനുഗതമായ ക്ഷയം, ശരീരപ്രവര്‍ത്തനങ്ങളുടെ മന്ദഗതി, പ്രതിരോധശേഷിയിലെ കുറവ്, ശക്തിക്ഷയം, മാംസ- പേശീബലക്കുറവ്, ദീര്‍ഘകാലരോഗ വര്‍ദ്ധന എന്നിവ സാധാരണമാണ്.

ആയുര്‍വേദം വാര്‍ദ്ധക്യത്തെ ‘ജര’ എന്നാണ് വിശേഷിപ്പിക്കുന്നത്. ജരാനരകള്‍ വാര്‍ദ്ധക്യത്തിന്റെ ലക്ഷണമാണ്. ക്ഷയിക്കുകയോ പഴകുകയോ ചെയ്യുന്നതിനെയാണ് ജര എന്നുപറയുന്നത്. വയോജന ആരോഗ്യസംരക്ഷണവും പുനരുജ്ജീവന ചികിത്സയും കൈകാര്യം ചെയ്യുന്ന ആയുര്‍വേദത്തിന്റെ പ്രത്യേകശാഖയാണ് ‘ജരാചികിത്സ’ അഥവാ’രസായനതന്ത്രം.’ ആധുനിക വൈദ്യശാസ്ത്രത്തിലെ ഏലൃശമേൃശര ങലറശരശില എന്ന ശാഖയുമായി ഇതിന് സാമ്യമുണ്ടെങ്കിലും, ആയുര്‍വേദത്തിലെ ജരാചികിത്സ അതിനേക്കാള്‍ വിശാലമാണ്. Gerontology, Healthy Ageing, Longevtiy Medicine എന്നീ ആശയങ്ങളെ ഏകോപിപ്പിച്ച് ആരോഗ്യപൂര്‍ണ്ണവും അന്തസ്സുറ്റതുമായ വാര്‍ദ്ധക്യം ലക്ഷ്യമിടുന്ന സമഗ്ര സമീപനമാണിത്. ആയുര്‍വേദസിദ്ധാന്ത പ്രകാരം വാര്‍ദ്ധക്യത്തില്‍ വാതദോഷ പ്രാബല്യംവര്‍ദ്ധിക്കുകയും അനുബന്ധ രോഗങ്ങള്‍ക്ക് സാധ്യത കൂടുകയും ചെയ്യുന്നു. ഇതിനൊപ്പം ശരീരത്തെ നിലനിര്‍ത്തുന്ന സപ്തധാതുക്കളുടെ അളവിലോ ഗുണത്തിലോ പ്രവര്‍ത്തനക്ഷമതയിലോ കുറവും പ്രകടമാകുന്നു. കൂടാതെ അഗ്നിമാന്ദ്യം, ഓജസ്സിന്റെ ക്ഷയം, മാനസികശേഷിക്കുറവ് എന്നിവയും കാണപ്പെടുന്നു.

അതുകൊണ്ടുതന്നെ ആയുര്‍വേദം വാര്‍ദ്ധക്യത്തെ രോഗാവസ്ഥയായി കാണാതെ, സ്വാഭാവികഘട്ടമായി അംഗീകരിച്ച് അതിനെ ആരോഗ്യകരമായി കൈകാര്യം ചെയ്യാനുള്ള മാര്‍ഗ്ഗനിര്‍ദേശമാണ് നല്‍കുന്നത്. രോഗശമനത്തില്‍ ഒതുങ്ങാതെ, ശരീരിക- മാനസിക പ്രവര്‍ത്തനശേഷി പരമാവധി നിലനിര്‍ത്തുക, ധാതുക്കളെ പോഷിപ്പിക്കുക, പ്രതിരോധശേഷി കൂട്ടുക, ആരോഗ്യകരമായ വാര്‍ദ്ധക്യം ഉറപ്പാക്കുക, ആയുസ്സും ജീവിതഗുണനിലവാരവും മെച്ചപ്പെടുത്തുക എന്നിവയാണ് ‘ജരാചികിത്സ’ യുടെ പ്രധാനലക്ഷ്യങ്ങള്‍. ‘ജീവിതത്തില്‍ വര്‍ഷങ്ങള്‍ കൂട്ടുകമാത്രമല്ല, കൂടുന്ന വര്‍ഷങ്ങളില്‍ സുഗമ ജീവിതം നിറയ്‌ക്കുക’ എന്ന ആശയത്തെ യാഥാര്‍ഥ്യമാക്കുന്ന സമഗ്ര ആരോഗ്യ ദര്‍ശനമാണ് ആയുര്‍വേദത്തിലെ ജരാചികിത്സ.

ആയുര്‍വേദത്തിലെ വാര്‍ദ്ധക്യധാരണ

ആയുര്‍വേദം മനുഷ്യജീവിതത്തെ മൂന്നുഘട്ടങ്ങളായി തിരിക്കുന്നു: ഒന്ന്- ബാല്യാവസ്ഥ.. ഈ സമയത്തു കൂടുതലും കഫ പ്രധാന രോഗങ്ങള്‍ക്കാണ് സാധ്യത. രണ്ട്-മധ്യാവസ്ഥ. പിത്ത പ്രധാന രോഗങ്ങള്‍ക്ക് കൂടുതല്‍ സാധ്യത. മൂന്ന്-വൃദ്ധാവസ്ഥ. ഇതില്‍ വാത പ്രധാന രോഗങ്ങള്‍ക്കാണ് കൂടുതല്‍ സാധ്യത. വൃദ്ധാവസ്ഥയില്‍ സാധാരണയായി, ദഹനശേഷി കുറയുക, ക്ഷീണവും ബലഹീനതയും ഉണ്ടാവുക, സന്ധിവേദനയോ മുറുക്കമോ രണ്ടുംകൂടിയോ അനുഭവപ്പെടുക, മാംസ- പേശികളുടെ ക്ഷയവും അതുമൂലം ചലനശേഷിക്കുറവ്, ശരീരത്തിലെ പലഭാഗങ്ങളിലും തരിപ്പും മരപ്പും അനുഭപ്പെടുക, ഓര്‍മ്മക്കുറവ്, ഉറക്കക്കുറവ്, ഉത്കണ്ഠയും മാനസിക അസ്വസ്ഥതകളും, പ്രതിരോധശേഷിക്കുറവ്, വിവിധ രോഗസാധ്യത കൂടുക എന്നിവയാണ് വയോധികര്‍ക്കു പൊതുവെ കാണപ്പെടുന്നമാറ്റങ്ങള്‍

വയോജനങ്ങളിലെ ആയുര്‍വേദ ചികിത്സാസിദ്ധാന്തങ്ങള്‍

1. നിദാനപരിഹാരം (കാരണം ഒഴിവാക്കല്‍)
രോഗങ്ങളും വാര്‍ദ്ധക്യവും വേഗത്തിലാക്കുന്ന ഘടകങ്ങള്‍ ഏതെന്നു മനസ്സിലാക്കി അത് ഒഴിവാക്കുക എന്നതാണ് ഏറ്റവും ഉചിത നടപടി. ക്രമരഹിതമായ ഭക്ഷണരീതിയാണ് തുടര്‍ന്നിരുന്നത് എങ്കില്‍ അത് ഒഴിവാക്കുക, അതിതീവ്രമായ ഉപവാസം ശീലിക്കുന്നവര്‍ അതില്‍ മിതത്വം വരുത്തുക, മാനസിക സമ്മര്‍ദ്ദവും ഉറക്കക്കുറവും ക്രമീകരിക്കുന്ന രീതിയില്‍ ജീവിതം ചിട്ടപ്പെടുത്തുക, ശാരീരിക അധ്വാനം കുറവെങ്കില്‍ അല്പം അധ്വാനം കൂട്ടുക, അമിതാധ്വാനികള്‍ അത് മിതപ്പെടുത്തുക,

പുകവലി, മദ്യപാനം, മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ പാടേനിര്‍ത്തുക മുതലായവ രോഗകാരണങ്ങളെ ഒരുപരിധി വരെ ഒഴിവാക്കാന്‍ സഹായിക്കും.

2. ആഹാര നിയന്ത്രണം
വയോജനാരോഗ്യത്തില്‍ ആഹാരത്തിന് വലിയപ്രാധാന്യവും പ്രസക്തിയും ഉണ്ട്. ചൂടുള്ള പുതിയ .ഭക്ഷണം, എളുപ്പം ദഹിക്കുന്ന ആഹാരപദാര്‍ഥങ്ങള്‍, മിതമായ അളവില്‍ നെയ്യ്, ശരീരത്തിന് അനുയോജ്യമെങ്കില്‍ പാല്‍, പാല്‍ ഉത്പന്നങ്ങള്‍, ചെറുപയര്‍, കഞ്ഞി, പച്ചക്കറിസൂപ്പ്, കാലാവസ്ഥാനുസൃതമായ പഴവര്‍ഗ്ഗങ്ങള്‍, വെളുത്തുള്ളി, ഇഞ്ചി എന്നിവ മിതമായി നിത്യേന കഴിക്കാം. ആവശ്യാനുസരണം വെള്ളവും കുടിക്കണം. അതിയായി വരണ്ടതോ തണുത്തതോ ആയ ഭക്ഷണം, ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളവ, എണ്ണയും മസാലയും കൂടിയ വിഭവങ്ങള്‍, പ്രോസസ്ഡ് ഫുഡ് എന്നിവ തീര്‍ത്തും ഒഴിവാക്കുകയാണ് ഉചിതം. വാതശമന ആഹാരക്രമം സ്വീകരിക്കാം.

3. വിഹാരം (ജീവിതശൈലി നിയന്ത്രണം)
ക്രമമായ ഉറക്കം, ലഘുവ്യായാമം, യോഗയും സ്ട്രെച്ചിംഗും, ധ്യാനവും പ്രാണായാമവും, ക്രമമായ നടത്തവും വിശ്രമവും, എണ്ണ തേച്ചുകുളിക്കലും (അഭ്യംഗം എന്ന് ആയുവേദം) ഉള്‍പ്പെട്ട ജീവിതക്രമം ശരീര-മാനസിക ആരോഗ്യത്തിന് സഹായകരമാണ്. ആയുര്‍വേദ ദിനചര്യയും ഋതുചര്യയും വയോജന ആരോഗ്യത്തിന് വളരെ സഹായകമാണ്.

വയോജനങ്ങളിലെ പഞ്ചകര്‍മ്മചികിത്സ

യോഗ്യരായ വയോജനങ്ങളില്‍ ലഘുവും ശ്രദ്ധാപൂര്‍വവുമായ പഞ്ചകര്‍മ്മ ചികിത്സകളാവാം

1. അഭ്യംഗം: (ആയുര്‍വേദ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം തെരഞ്ഞെടുത്ത തൈലങ്ങള്‍ കൊണ്ട് നിത്യേന തിരുമ്മി അരമണിക്കൂറിനു ശേഷം കുളിക്കുന്ന രീതി) രസരക്താദി ധാതുക്കള്‍ക്ക് പോഷണം നല്‍കും. വരള്‍ച്ചയും മുറുക്കവും കുറയ്‌ക്കും. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിയ്‌ക്കാനും സഹായിക്കും.

2. സ്വേദനം: ഇത് ശരീരത്തിന്റെ മുറുക്കം കുറയ്‌ക്കാനും ചലനശേഷി മെച്ചപ്പെടുത്താനും വേദനകള്‍ കുറയ്‌ക്കാനും ഉതകും. സന്ധിവാതവും നാഡീസംബന്ധ അസുഖങ്ങളും ഉള്ളവരില്‍ ഇത് മെച്ചപ്പെട്ട ഫലം നല്‍കും.

3.വസ്തി ചികിത്സ: വാതദോഷത്തിന് ഏ:റ്റവും ഉത്തമ ചികിത്സയാണ് വസ്തി. അനുവാസന വസ്തി, നിരൂഹ വസ്തി, മാത്രാ വസ്തി മുതലായവ ശരീരത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ പുറംതള്ളുന്നതിനും മലബന്ധം കുറയ്‌ക്കുന്നതിനും, സന്ധികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും തന്മുലം ശരീരപോഷണത്തിനും നാഡീവ്യവസ്ഥകള്‍ക്ക് ദൃഢത ഉണ്ടാക്കാനും സഹായകമാണ്. ക്ഷീണിതരായ വയോജനങ്ങളില്‍ മാത്രാവസ്തി ഏറെ പ്രയോജനകരമാണ്.

4. ശിരോധാര: രോഗാവസ്ഥയ്‌ക്ക് അനുസൃതമായി മരുന്നുകള്‍ തെരെഞ്ഞെടുത്ത് അനുയോജ്യ ദ്രാവകത്തില്‍ ലയിപ്പിച്ച് അതുകൊണ്ടു നെറ്റിയില്‍ തുടര്‍ച്ചയായി ധാരചെയ്യുന്ന ചികിത്സയാണിത്. ഈ ചികിത്സകൊണ്ട് നാഡീവ്യവസ്ഥ ശാന്തമാക്കാം. ഉറക്കം മെച്ചപ്പെടുത്താം. ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്‌ക്കാം. ഓര്‍മ്മക്കുറവ് ലഘൂകരിക്കാം. മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുവാനും കഴിയും.