പാലക്കാട്:ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ പിണറായിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം.പല മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്നും മത്സരിക്കാന്‍ യുവാക്കള്‍ ഉണ്ടായിട്ടും പരിഗണിച്ചില്ലെന്നും ആരോപണമുയര്‍ന്നു.
സഹകരണ നിയമനത്തിലും സര്‍ക്കാര്‍ ഉത്തരവുകളില്‍ വീഴ്ച ഉണ്ടായി.തൃത്താല,ഷൊര്‍ണൂര്‍ ബ്ലോക്ക് കമ്മിറ്റിയിലെ പ്രതിനിധികളാണ് പൊതു ചര്‍ച്ചയില്‍ വിമര്‍ശനമുന്നയിച്ചത്.
തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ല. തോല്‍വിയുടെ ഉത്തരവാദിത്തം സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്കും താഴെത്തട്ടിലുള്ള ഓരോ പ്രവര്‍ത്തകനും ഒരുപോലെയാണെന്നും പ്രതിനിധികള്‍ പറഞ്ഞു.
സഹകരണ നിയമനങ്ങളുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ചില സര്‍ക്കാര്‍ ഉത്തരവുകളില്‍ ഗുരുതര വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് പൊതുസമൂഹത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും പ്രതിനിധികള്‍ പറഞ്ഞു.
















