
മുംബൈ : മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ കുതിച്ചു പാഞ്ഞ ബിഎം ഡബ്യൂവിനുണ്ടായ ദുരന്തത്തിന്റെ ദൃശ്യങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മഹാരാഷ്‌ട്രയിലെ ബദ്‌ലാപൂരിലാണ് സംഭവം. പിറന്നാൾ ആഘോഷത്തിന് ശേഷം മൂന്ന് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ അതിവേഗ ഓട്ടപ്പാച്ചിലാണ് മിനിറ്റുകൾക്കുള്ളിൽ ദാരുണമായ അപകടമായി മാറിയത്
മുംബൈ-വഡോദര ഹൈവേയിൽ അമിതവേഗതയിൽ വന്ന ബിഎംഡബ്ല്യു കാർ ഡിവൈഡറിൽ ഇടിച്ചു കയറി കരണം മറിയുകയായിരുന്നു. അപകടത്തിൽ രണ്ട് പേർ ഉടൻ മരിച്ചു, മൂന്നാമന് ഗുരുതരമായി പരിക്കേറ്റു. ആഘാതം വളരെ ഗുരുതരമായതിനാൽ കാർ പൂർണ്ണമായും തകർന്നു.ശരീരഭാഗങ്ങൾ പ്രദേശത്ത് ചിതറിക്കിടക്കുകയായിരുന്നു. അപകടസമയത്ത് കാർ മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബദ്‌ലാപൂർ നിവാസിയായ യോഗേഷ് നേഗി (26), ബാന്ദ്ര നിവാസിയായ റെബേക്ക ജേക്കബ് (24) എന്നിവരാണ് മരിച്ചത് . യോഗേഷിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം . ബദ്‌ലാപൂർ വെസ്റ്റിൽ അദ്ദേഹം സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ചിരുന്നു. പാർട്ടിക്ക് ശേഷം, യോഗേഷും റെബേക്കയും കാറിന്റെ ഉടമ അംഗദും നിർമ്മാണത്തിലിരിക്കുന്ന എക്സ്പ്രസ് ഹൈവേയിൽ രാത്രി വൈകി ഡ്രൈവിനായി പോയി.
ടിറ്റ്‌വാലയിൽ നിന്ന് ബദ്‌ലാപൂരിലേക്ക് അമിതവേഗത്തിൽ പോകുകയായിരുന്ന ബിഎംഡബ്ല്യു കാർ എറഞ്ചദ് പ്രദേശത്തിന് സമീപം, വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചു. ആഘാതം വളരെ ശക്തമായതിനാൽ കാർ മറിഞ്ഞ് റോഡിലൂടെ തെന്നിമാറി. രണ്ട് തവണ കരണം മറിഞ്ഞ കാർ മൂന്നാമത്തെ തവണ, വലിയ ശബ്ദത്തോടെ നിലം പതിച്ചു. പ്രദേശവാസികൾ സംഭവസ്ഥലത്തെത്തിയപ്പോൾ കാർ പൂർണ്ണമായും തകർന്ന നിലയിൽ കണ്ടെത്തി.
യോഗേഷും റെബേക്കയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അംഗദ് എന്ന യുവാവിനെ ഗുരുതരമായ പരിക്കുകളോടെ താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി. അപകടസ്ഥലത്ത് നിന്ന് നിർണായക തെളിവുകൾ ശേഖരിച്ചുവരികയാണ്.പോലീസ് പറയുന്നതനുസരിച്ച്, അപകടത്തിൽ പരിക്കേറ്റ അംഗദ് ആണ് കാർ ഓടിച്ചിരുന്നത്.