മുംബൈ: സിനിമകളിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഇംതിയാസ് അലിയുടെ പുതിയ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്‌ക്ക് വഴിവെക്കുന്നു. ബുർഖയും പർദയും ധരിക്കുന്നതിനെ അനുകൂലിച്ചുകൊണ്ട് സ്ത്രീകൾ പറയുന്ന “എനിക്ക് ഇതിൽ സൗകര്യപ്രദമാണ്” എന്ന നിലപാടിനോട് തനിക്ക് യോജിപ്പില്ലെന്ന് ഇംതിയാസ് അലി വ്യക്തമാക്കി. അഭിമുഖ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
“ബുർഖയിലും പർദയിലും ഞാൻ സുഖമായിരിക്കുന്നു എന്ന് ആരെങ്കിലും പറയുന്നത് എനിക്ക് ഇഷ്ടമല്ല. നിങ്ങൾ അങ്ങനെ കരുതുന്നുണ്ടെങ്കിൽ അതൊരു അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്. അത് ശരിയല്ല. അത്തരമൊരു ചിന്താഗതി നിങ്ങളുടെ മനസ്സിൽ നിങ്ങൾ ഇരയാക്കപ്പെട്ടു എന്നതിന്റെ സൂചനയാണ്,” ഇംതിയാസ് അലി പറഞ്ഞു.
എന്നാൽ അഭിമുഖം നടത്തുന്നയാൾ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഓരോ സമുദായത്തിനും അവരുടേതായ രീതികളും വിശ്വാസങ്ങളും ഉണ്ടാകാം, അത്തരം കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടേണ്ടതുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഇതിന് മറുപടിയായി ഇംതിയാസ് അലി പറഞ്ഞത്, ഇത് മറ്റുള്ളവരുടെ വീടുകളിൽ പോയി തടയുന്ന കാര്യമല്ലെന്നും, മറിച്ച് സമൂഹത്തിൽ മിതത്വം അനിവാര്യമാണെന്നുമാണ്. ഇന്നത്തെ കാലത്ത് ആളുകൾ തീവ്രമായ നിലപാടുകൾ സ്വീകരിക്കുന്നതായും, സംഭാഷണങ്ങൾ ബുദ്ധിമുട്ടേറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.












