മയാമി: അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തിരകളെ മറികടന്ന് ഒരു അമ്മയുടെ പ്രാര്‍ത്ഥന യാത്ര തിരിക്കുകയാണ്. കേപ് വെര്‍ദെയിലെ ചെറിയ വീട്ടുമുറ്റത്ത് ഒരിക്കല്‍ മകന്റെ സ്വപ്‌നങ്ങള്‍ക്കായി മെഴുകുതിരി തെളിച്ച കൈകള്‍, ഇന്ന് ലോകകപ്പിന്റെ മഹാവേദിയിലേക്ക് പറന്നെത്തുകയാണ്. ഗാലറിയില്‍ ആയിരങ്ങള്‍ വൊസീഞ്ഞയുടെ പേര് വിളിച്ചുപാടുമ്പോള്‍, ആ ശബ്ദങ്ങള്‍ക്കിടയില്‍ ഏറ്റവും വിലപ്പെട്ട ഒരു സ്വരം കൂടിയുണ്ടാകും, അവനെ ആദ്യമായി പന്ത് തട്ടുന്നത് കണ്ട അമ്മയുടെ.
അങ്ങനെ ആ ആഗ്രഹവും സാധിച്ചു. കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വൊസീഞ്ഞയുടെ അമ്മ അന കാന്‍ഡിഡാ ഇവോറ ഞായറാഴ്ച ഉറുഗ്വേയ്‌ക്കെതിരായ കേപ് വെര്‍ദെയുടെയും തന്റെ മകന്റെയും കളി കാണാന്‍ അമേരിക്കയിലേക്ക് എത്തുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി സംസാരിച്ചതായും മിയാമിയില്‍ നടക്കുന്ന കേപ് വെര്‍ദെയുടെ അടുത്ത ഗ്രൂപ്പ് എച്ച് മത്സരത്തില്‍ ഇവോറയ്‌ക്ക് പങ്കെടുക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോട് അഭ്യര്‍ത്ഥിച്ചതായും ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് ബുധനാഴ്ച പറഞ്ഞു. എല്ലാ ഫീസുകളും ഒഴിവാക്കിയതായും ഇവോറയെ ഞായറാഴ്ചത്തെ മത്സരത്തിലേക്ക് എത്തിക്കുന്നതിനുള്ള യാത്രാ ക്രമീകരണങ്ങള്‍ ചെയ്യുന്നുണ്ടെന്നും ജെഫ്രീസ് പറഞ്ഞു. ഒരു അമ്മയ്‌ക്കും തന്റെ മകന്‍ ചരിത്രം സൃഷ്ടിക്കുന്നത് കാണാനുള്ള അവസരം നഷ്ടപ്പെടരുത്,’ ജെഫ്രീസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. കരുത്തരായ സ്‌പെയിനിനെതിരായ മത്സരത്തില്‍ നിര്‍ണായകമായ ഏഴ് സേവുകള്‍ നടത്തി കേപ് വെര്‍ദെയെ രക്ഷിച്ച താരമാണ് വൊസീഞ്ഞ. സാമ്പത്തിക പ്രശ്‌നങ്ങളും വിസ നിയന്ത്രണങ്ങളും നിമിത്തം തന്റെ പ്രകടനം നേരില്‍ കാണാന്‍ അമ്മയ്‌ക്ക് സാധിക്കാത്ത സാഹചര്യം അതീവ വിഷമത്തോടെയാണ് വൊസീഞ്ഞ മത്സരശേഷം പങ്കുവച്ചത്. ലോകം മുഴുവന്‍ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.
ഒരുകാലത്ത് പൊടിപടര്‍ന്ന മൈതാനങ്ങളില്‍ വീണു മുട്ടുപൊട്ടിയെത്തിയ കുഞ്ഞിനെ ആശ്വസിപ്പിച്ച അമ്മ, ഇന്ന് ലോകത്തെ വിസ്മയിപ്പിക്കുന്ന ഗോളിയുടെ അമ്മയായി അമേരിക്കയിലേക്ക് യാത്ര ചെയ്യുകയാണ്. മകന്റെ ഓരോ സേവും കാണുമ്പോഴും ടെലിവിഷന്‍ സ്‌ക്രീനിന് മുന്നില്‍ കണ്ണുനിറഞ്ഞിരുന്ന ആ അമ്മയ്‌ക്ക് ഇനി ആ നിമിഷങ്ങള്‍ നേരില്‍ കാണാം
















