
ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ വന്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ട ഏഴ് ഐഎസ്‌ഐ ഭീകരര്‍ പോലീസ് പിടിയിലായപ്പോള്‍ പുറത്തു വരുന്നത് നിര്‍ണായക വിവരങ്ങള്‍.
റെയില്‍വേ സ്റ്റേഷനുകള്‍, സൈനിക താവളങ്ങള്‍, ജനത്തിരക്കേറിയ പൊതുസ്ഥലങ്ങള്‍, പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പ്രമുഖ മതനേതാക്കളുടെ കേന്ദ്രങ്ങള്‍ മറ്റ് പ്രധാന കേന്ദ്രങ്ങള്‍ എന്നിവയുടെ ഫോട്ടോകള്‍, വീഡിയോകള്‍, ജിപിഎസ് വിവരങ്ങള്‍ എന്നിവ ശേഖരിച്ച് വിദേശത്തുള്ള ഹാന്‍ഡ്‌ലര്‍മാര്‍ക്ക് അയയ്‌ക്കാന്‍ പാകിസ്ഥാനില്‍ നിന്ന് നേരിട്ടാണ് ഭീകരര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നത്.
ഇതിന് പകരമായി 5000 മുതല്‍ 20,000 വരെ പ്രതിഫലം നല്‍കിയിരുന്നുവെന്നും പോലീസ് കണ്ടെത്തി. മേഖലയിലെ ചില പ്രമുഖ മതനേതാക്കളെ വധിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു.
അറസ്റ്റിലായവരില്‍ നാല് പേര്‍ പുല്‍വാമ സന്ദര്‍ശിച്ചിരുന്നുവെന്നും അവിടെ നിന്ന് ചില വിവരങ്ങള്‍ പാകിസ്ഥാനിലേക്ക് അയച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. ഭാവിയില്‍ വലിയൊരു ആക്രമണത്തിന് തയാറെടുപ്പുകള്‍ നടന്നുകൊണ്ടിരുന്നുവെന്ന സംശയവും പോലീസ് ഉന്നയിച്ചു. ഇതോടൊപ്പം പ്രതികള്‍ ദല്‍ഹിയില്‍ നിന്ന് ജമ്മു വരെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ക്കരികില്‍ സോളാര്‍- പവര്‍ഡ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നു. സൈന്യത്തിന്റെ നീക്കങ്ങളും സുരക്ഷാ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം.
ചില ക്യാമറകള്‍ ഇതിനോടകം സ്ഥാപിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. പാകിസ്ഥാനില്‍ നിന്ന് അത്യാധുനിക ആയുധങ്ങളും ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും ഡ്രോണുകള്‍ വഴിയാണ് പ്രതികള്‍ ഭാരതത്തിലേക്ക് കടത്തിയത്. പഞ്ചാബ് അതിര്‍ത്തിയില്‍ എത്തിക്കുന്ന ലഹരിമരുന്ന്, ആയുധ ശേഖരം എന്നിവ ഏറ്റുവാങ്ങി ദല്‍ഹിയിലെത്തിക്കുകയായിരുന്നു സംഘത്തിന്റെ രീതി. സാധാരണ ക്രിമിനല്‍ പശ്ചാത്തലമുള്ള ഭാരത യുവാക്കളെ സമൂഹമാധ്യമങ്ങളും എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്പുകളും വഴി സ്വാധീനിച്ചാണ് ഷെഹ്സാദ് ഭട്ടിയും അജ്മല്‍ ഗുജ്ജറും സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തത്. മൊബൈല്‍ റിപ്പയര്‍ ടെക്‌നീഷ്യന്മാര്‍, സിസിടിവി ഓപ്പറേറ്റര്‍മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവരെയാണ് കൂടുതലായി ലക്ഷ്യമിട്ടതെന്നാണ് അന്വേ
ഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.