2026 ലോകകപ്പില്‍ നോര്‍വെയുടെ ഒരു കൗതുകകരമായ പ്രത്യേകതയാണ് 1994-ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ കളിച്ച മൂന്ന് മുന്‍ നോര്‍വീജിയന്‍ താരങ്ങളുടെ മക്കള്‍ ഇപ്പോള്‍ ദേശീയ ടീമിന്റെ പ്രധാന അംഗങ്ങളായിരിക്കുന്നത്. അതുകൊണ്ടുതന്നെ പലരും ഈ ടീമിനെ ‘രണ്ടാം തലമുറയുടെ നോര്‍വെ’ എന്ന് വിശേഷിപ്പിക്കുന്നു. 1994 ലോകപ്പില്‍ അല്‍ഫ്-ഇംഗെ ഹാലന്‍ഡ്, ഗോറന്‍ സോര്‍ലോത്ത്, എറിക് തോര്‍സ്റ്റ്വെഡ്റ്റ് എന്നിവര്‍ നോര്‍വെയെ പ്രതിനിധീകരിച്ചു. 32 വര്‍ഷങ്ങള്‍ക്കിപ്പുറം, വീണ്ടും അമേരിക്ക ആതിഥേയരായ ലോകകപ്പില്‍ അവരുടെ മക്കള്‍ നോര്‍വെയുടെ ജഴ്‌സിയണിഞ്ഞ് കളിക്കുന്നു എന്നത് ഫുട്‌ബോള്‍ ചരിത്രത്തിലെ മനോഹരമായ ഒരു യാദൃശ്ചികതയാണ്.
1. എര്‍ലിങ് ഹാലന്‍ഡ് അച്ഛന്‍: അല്‍ഫ് ഇംഗെ ഹാലന്‍ഡ്
ലോകഫുട്‌ബോളില്‍ ഇന്ന് എതിരാളികള്‍ ഏറ്റവും ഭയപ്പെടുന്ന സ്ട്രൈക്കര്‍മാരില്‍ ഒരാളായ എര്‍ലിങ് ഹാലന്‍ഡിന്റെ അച്ഛന്‍ അല്‍ഫ്-ഇംഗെ ഹാലന്‍ഡും നോര്‍വെയ്‌ക്കായി കളിച്ച പ്രമുഖ താരമായിരുന്നു. 1994 ലോകകപ്പില്‍ നോര്‍വെ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം പിന്നീട് ഇംഗ്ലണ്ടില്‍ ലീഡ്‌സ് യുണൈറ്റഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കുമായി കളിച്ചു.
മകന്റെ നേട്ടം അതിലും ഉയര്‍ന്നതാണ്. നോര്‍വെയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി മാറിയ ഹാലന്‍ഡ് 2026 ലോകകപ്പില്‍ ഇറാഖിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇരട്ടഗോള്‍ നേടി.
2. അലക്‌സാണ്ടര്‍ സോര്‍ലോത്ത് അച്ഛന്‍: ഗാരാന്‍ സോര്‍ലോത്ത്

അലക്‌സാണ്ടര്‍ സോര്‍ലോത്തിന്റെ അച്ഛന്‍ ഗോറന്‍ സോര്‍ലോത്തും 1994 ലോകകപ്പില്‍ നോര്‍വെയെ പ്രതിനിധീകരിച്ചിരുന്നു. ഫിഫയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ അലക്‌സാണ്ടര്‍ തന്നെ ഈ കുടുംബബന്ധത്തെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ കളിച്ചതിന്റെ അനുഭവങ്ങള്‍ അച്ഛന്‍ നിരന്തരം പങ്കുവെച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇപ്പോള്‍ ആ പാരമ്പര്യം തുടരുന്ന അലക്‌സാണ്ടര്‍, ഹാലന്‍ഡിനൊപ്പം നോര്‍വെയുടെ ആക്രമണനിരയിലെ പ്രധാന ആയുധമാണ്.
3. ക്രിസ്റ്റ്യന്‍ തോര്‍സ്റ്റ്വെഡ്റ്റ്‌സ് അച്ഛന്‍: എറിക് തോര്‍സ്റ്റ്വെഡ്റ്റ്

മൂന്നാമത്തെ താരം ക്രിസ്റ്റ്യന്‍ തോര്‍സ്റ്റ്വെഡ്റ്റാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ എറിക് തോര്‍സ്റ്റ്വെഡ്റ്റ് നോര്‍വെയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. 1994 ലോകകപ്പില്‍ നോര്‍വെയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായിരുന്നു അദ്ദേഹം. ക്രിസ്റ്റ്യന്‍ ഇന്ന് മധ്യനിരയിലെ പ്രധാന താരമായി മാറിയിരിക്കുകയാണ്.
















