
തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ആറേക്കര്‍ ഭൂമി ലഭ്യമാക്കണമെന്ന് ശിവഗിരി മഠം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അധികാരമേറ്റ ശേഷം ആദ്യമായി ശിവഗിരിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന് മുന്നിലാണ് മഠം ഈ ആവശ്യം ഉന്നയിച്ചത്. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ ഉള്‍പ്പടെയുള്ള സന്യാസിമാരുമായി മുഖ്യമന്ത്രി സംസാരിച്ചു. തുടര്‍ന്ന് സമാധി മന്ദിരത്തിലെത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.
ശിവഗിരിയെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള തീര്‍ഥാടന കേന്ദ്രമായി ഉയര്‍ത്തുന്നതിനാവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിന്നീട് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദൈവദശകത്തിലെ മൂന്ന് പദ്യങ്ങള്‍ സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമായി പ്രഖ്യാപിക്കുക, ശിവഗിരി മഠത്തിന്റെ പോഷകസംഘടനയായ ഗുരുധര്‍മ്മ പ്രചരണ സഭയെ സംസ്ഥാന സര്‍ക്കാരിന്റെ മദ്യവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കുക തുടങ്ങിയ ആവശ്യങ്ങളും മഠം ഉന്നിയിച്ചു.