ന്യൂയോര്‍ക്ക്: ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ സഹ ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ ആരായിരിക്കും റഫറി എന്നതിന് ഉത്തരമായി. ബ്രസീലിയന്‍ റഫറി വില്‍ട്ടണ്‍ സാംപയോ ഈ മത്സരം നിയന്ത്രിക്കും. നാളെ ആസ്‌ടെക്ക സ്റ്റേഡിയത്തിലാണ് കിക്കോഫ്. ബ്രസീലില്‍നിന്നുതന്നെയുള്ള ബ്രൂണോ പിറസ്, ബ്രൂണോ ബോച്ച്‌ലിയ എന്നവര്‍ സഹ റഫറിമാരുമായിരിക്കും. 2022 ഖത്തര്‍ ലോകകപ്പിലും സാംപായോ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. അവിടെ വാര്‍ റഫറിയായിരുന്നു സേവനം. 2013 മുതല്‍ സാംപയോ ഫിഫ റഫറിയാണ്.
ദക്ഷിണ കൊറിയയും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള രണ്ടാമത്തെ ഗ്രൂപ്പ് എ മത്സരം ഈജിപ്ഷ്യന്‍ റഫറി അമിന്‍ മുഹമ്മദ് നിയന്ത്രിക്കും.
കാനഡയും ബോസ്‌നിയയും ഹെര്‍സഗോവിനയും തമ്മിലുള്ള മത്സരം അര്‍ജന്റീനയില്‍നിന്നുള്ള ഫസുണ്ടോ ടെല്ലോ നിയന്ത്രിക്കും. 52 റഫറിമാരും 88 അസി. റഫറിമാരും മത്സരങ്ങള്‍ നിയന്ത്രിക്കാനായി ഫിഫ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബാക്കി മത്സരങ്ങളില്‍ ആരാകും മത്സരം നിയന്ത്രിക്കുക എന്നതു സംബന്ധിച്ച് പിന്നീടാവും തീരുമാനമുണ്ടാവുക.
അതേസമയം അമേരിക്ക വിസ നിഷേധിച്ച സൊമാലിയന്‍ റഫറി ഒമര്‍ അബ്ദുള്‍കാദിര്‍ അര്‍താന്‍ ലോകകപ്പില്‍ മത്സരങ്ങള്‍ നിയന്ത്രിക്കാനുണ്ടാകില്ലെന്ന് ഫിഫ സ്ഥിരീകരിച്ചു. അമേരിക്കയിലേക്ക് പ്രവേശനമില്ലാത്ത രാജ്യങ്ങളിലൊന്നാണ് സൊമാലിയ. ഇക്കാരണത്താലാണ് അദ്ദേഹത്തിന് അമേരിക്ക വിസ നിഷേധിച്ചത്.
‘വിസ വിധിനിര്‍ണ്ണയങ്ങള്‍ ഉള്‍പ്പെടെയുള്ള ആതിഥേയ രാജ്യങ്ങളുടെ എമിഗ്രേഷന്‍ നടപടിക്രമങ്ങളില്‍ ഫിഫ ഇടപെടില്ല. അതുകൊണ്ടുതന്നെ അര്‍താനെ മത്സരങ്ങള്‍ നിയന്ത്രിക്കുന്നവരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി. ഫിഫയുടെ നിയമങ്ങള്‍ക്ക് അനുസൃതമായി, ആര്‍ക്കാണ് വിസ നല്‍കേണ്ടതെന്നും ആരെയാണ് അവരുടെ രാജ്യത്ത് പ്രവേശിപ്പിക്കേണ്ടതെന്നും ഏതു രാജ്യമാണോ ആതിഥേയര്‍, അവിടുത്തെ സര്‍ക്കാരാണ് ആത്യന്തികമായി തീരുമാനിക്കുന്നത്- ഫിഫ വക്താവ് പറഞ്ഞു.
കഴിഞ്ഞ രണ്ടു ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലും ഏറ്റവും മികച്ച റഫറിയായി തെരെഞ്ഞെടുക്കപ്പെട്ട ആളാണ് ഒമര്‍ അര്‍താന്‍. ലോകകപ്പിനെ രാഷ്്ട്രീയവുമായി കൂട്ടിയിണക്കരുതെന്ന് നിരവധി ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ദിവസം മയാമി അന്താരാഷ്്ട്ര വിമാനത്താവളത്തില്‍ അര്‍താനെ അധികൃതര്‍ തടയുകയും പിന്നീട് നാട്ടിലേക്ക് തിരിച്ചയയ്‌ക്കുകയുമായിരുന്നു. അണ്ടര്‍-20 ലോകകപ്പും രണ്ടു തവണ ആഫ്രിക്കന്‍ നേഷന്‍സ് കപ്പും നിയന്ത്രിച്ച റഫറിയാണ് അദ്ദേഹം. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നിയന്ത്രിക്കുന്ന ആദ്യ സൊമാലിയന്‍ റഫറി കൂടിയാണ് അര്‍താന്‍.
സംഭവത്തില്‍ കടുത്ത അമര്‍ഷമാണ് സൊമാലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനും സര്‍ക്കാരും രേഖപ്പെടുത്തിയത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഏഴ് പേരാണ് ഇത്തവണ ലോകകപ്പ് നിയന്ത്രിക്കുന്നത്. ഗാബണ്‍, മൗറിട്ടാനിയ, അള്‍ജീരിയ, മൊറോക്കോ, അമിന്‍ മുഹമ്മദ് ഒമര്‍, ഈജിപ്ത്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ള റഫറിമാരാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നവര്‍.
















