വായൂപുത്രനായ ഹനൂമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്. ശനിദശാകാലത്തും ഏഴരശനി, കണ്ടകശനി ,അഷ്ടമ ശനി എന്നീ ദോഷകാലങ്ങളിലും ഹനൂമാൻസ്വാമിയെ ഭജിച്ചാൽ ദോഷ കാഠിന്യം കുറയുമെന്നാണ് വിശ്വാസം.
ഹനൂമാൻ സ്വാമിയെ ഭജിക്കാൻ ഏറ്റവും ഉത്തമമാർഗമാണ് ചാലിസ ജപം. പ്രായഭേദമെന്യേ എല്ലാവർക്കും ഹനൂമാൻ ചാലിസ ജപിക്കാം. നിത്യേന പ്രഭാതത്തിൽ ഹനൂമാൻ ചാലിസ ജപിക്കുകയാണെങ്കിൽ വളരെയധികം പോസിറ്റീവ് ഊർജം നമ്മിൽ നിറയുമെന്നും ആ ദിനം ഗുണപ്രദമാകുമെന്നുമാണ് വിശ്വാസം. ശരീരശുദ്ധിയോടെയും തികഞ്ഞ ഭക്തിയോടെയും ആവണം ജപം എന്നു മാത്രം.
ഹനൂമാൻ ചാലിസയുടെ പ്രാരംഭ ശ്ലോകങ്ങൾ ജപിക്കുന്നതിലൂടെ ഈജന്മത്തിലും കഴിഞ്ഞ ജന്മത്തിലും ചെയ്ത പാപങ്ങളിൽനിന്നു മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഉത്തമഭക്തിയോടെ ജപിച്ചാൽ തന്റെ ഭക്തനെ യാതൊരുവിധത്തിലുള്ള ക്ലേശങ്ങളിലും അകപ്പെടാതെ ഹനൂമാൻ സ്വാമി കാത്തുരക്ഷിക്കും എന്നാണ് വിശ്വാസം . ചാലിസ ജപിക്കുന്നതുപോലെതന്നെ ഉത്തമമാണ് ഭക്തിയോടെ ആ ജപം കേൾക്കുന്നതും.
ശനിയാഴ്ച തോറും ചാലിസ ജപിച്ചാൽ ജീവിതത്തിൽ സമാധാനവും ഐശ്വര്യവും നിലനിൽക്കുമെന്നു ഭക്തർ കരുതുന്നു. ഭഗവാന് പ്രാധാന്യമുള്ള ചൊവാഴ്ച ജപിക്കുന്നതും നന്ന് . ശത്രുദോഷം, ബാധദോഷം എന്നിവയിൽനിന്നു മുക്തി ലഭിക്കും
ആഗ്രഹപൂർത്തീകരണത്തിന് ഏറ്റവും ഉത്തമമാർഗമാണത്. ചാലിസ നിത്യേന ജപിച്ചാൽ ദൈവികമായ ആത്മജ്ഞാനം, ധൈര്യം, മനോനിയന്ത്രണം, ബുദ്ധിശക്തി എന്നിവ സ്വായത്തമാകുമെന്നും അലസതയും മടിയും നീക്കി ജീവിതം കാര്യക്ഷമമാകുമെന്നും ജീവിതശൈലീ രോഗങ്ങൾപോലും മാറി നിൽക്കുമെന്നും കരുതപ്പെടുന്നു.
















