ന്യൂദല്‍ഹി: ദല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും കോണ്‍ഗ്രസിനോടുള്ള അഭിപ്രായഭിന്നത മൂലം ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും വിട്ടുനിന്നു. തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിൽ നടൻ വിജയ്‌യുടെ ടിവികെയെ കോൺഗ്രസ് പിന്തുണച്ചതിനെത്തുടർന്നാണ് ഇന്ത്യാമുന്നണി യോഗം ഒഴിവാക്കാൻ ഡിഎംകെ തീരുമാനിച്ചത്.
ആം ആദ്മി പാർട്ടി ഔദ്യോഗികമായി സഖ്യത്തിൽ അംഗമാണെങ്കിലും, 2027 ൽ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന പഞ്ചാബിൽ കോൺഗ്രസുമായി തിരഞ്ഞെടുപ്പ് പോരാട്ടത്തിലായതിനാലാണ് വിട്ടുനില്‍ക്കുന്നത്.
. പതിറ്റാണ്ടുകൾ പഴക്കമുള്ള ഡിഎംകെ പങ്കാളിത്തം രാഷ്‌ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് ഉപേക്ഷിക്കുകയും “വഞ്ചിക്കുകയും” ചെയ്തുവെന്നാണ് ഡിഎംകെയുടെ വിമര്‍ശനം.
ഇന്ത്യാമുന്നണിയോഗത്തില്‍ രാഹുല്‍ ഗാന്ധി വലിയ വിമര്‍ശനം ഏറ്റുവാങ്ങി. അഖിലേഷ് യാദവും എന്‍സിപി നേതാക്കളും സിപിഎമ്മിനെ പ്രതിനിധീകരിച്ച ജോണ്‍ ബ്രിട്ടാസും കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ചു. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യാമുന്നണിയില്‍പ്പെട്ട മറ്റ് പാര്‍ട്ടികളെ ചീത്തവിളിക്കുന്നു എന്നതായിരുന്നു അഖിലേഷ് യാദവിന്റെയും ഇടത് പാര്‍ട്ടികളുടെയും പ്രധാന വിമര്‍ശനം. ഇത് ഇന്ത്യാമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നുവെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി.
25 പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. മമത ബാനര്‍ജി, അഖിലേഷ് യാദവ്, ശരദ് പവാറിന്റെ മകള്‍ സുനേത്ര പവാര്‍, സിപിഎമ്മിനെ പ്രതിനിധീകരിച്ച് ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ധവ് താക്കറെ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് ഹേമന്ത് സോറനും ഓണ്‍ലൈനായി പങ്കെടുത്തു.
കോക്രോച്ച് ജനതാ പാര്‍ട്ടിയെ പിന്തുണയ്‌ക്കാനും യോഗത്തില്‍ തീരുമാനമായി. ജനങ്ങളുടെ ആവശ്യങ്ങളോട് ഐക്യപ്പെടുന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തുന്നതെന്നും പല നേതാക്കളും അഭിപ്രായപ്പെട്ടു.
















