തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര ഉറപ്പാക്കുമെന്നും എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ലെന്നും ഗതാഗത മന്ത്രി സി. പി ജോൺ. പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായിരിക്കും. മന്ത്രിസഭായോഗത്തിന് ശേഷം പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിനും അന്തിമ തീരുമാനമെടുക്കുന്നതിനുമായി ഗതാഗത മന്ത്രി ഇന്ന് മുഖ്യമന്ത്രിയുമായി നിർണായക ചർച്ച നടത്തി. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ച് 100 ദിവസം ഇതിന്റെ പ്രായോഗികതയും സാമ്പത്തിക വശങ്ങളും വിശദമായി പഠിക്കാനാണ് നിലവിലെ ധാരണ. ഈ വിലയിരുത്തലുകൾക്ക് ശേഷമായിരിക്കും കൂടുതൽ ബസുകളിലേക്ക് മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുക. നഷ്ടം നികത്തുന്നത് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സൗജന്യ യാത്രാ ഓഡിനറിയിൽ മാത്രമാണെങ്കിൽ 712 കോടി രൂപയാകും. ഈ പണം കെഎസ്ആർടിസിക്ക് സർക്കാർ നൽകും. കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്ന് അത് കൊടുക്കാൻ കഴിയില്ല. കാരണം കെഎസ്ആർടിസി ഇപ്പോൾ തന്നെ നഷ്ടത്തിലാണ്. 15-ാം തീയതി മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും.
ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിക്കുന്നത് വടക്കൻ ജില്ലകളിൽ കാര്യമായ പ്രയോജനം ചെയ്യില്ലെന്ന പരാതി ഇതിനോടകം ഉയർന്നിട്ടുണ്ട്. ഓർഡിനറി സർവീസുകൾ കുറഞ്ഞ ഈ ജില്ലകളിലെ സ്ത്രീകൾക്ക് പദ്ധതിയുടെ ഗുണം പൂർണമായി ലഭിക്കണമെങ്കിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിലും യാത്രാസൗജന്യം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
പദ്ധതി നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിക്ക് സർക്കാർ നൽകേണ്ട തുക കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) വഴി വായ്‌പയായി ലഭ്യമാക്കാനാണ് നിലവിലെ നീക്കം. ഇന്നത്തെ ചർച്ചകളിലെ തീരുമാനങ്ങൾ ഉൾപ്പെടുത്തി ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുത്ത് ഉത്തരവിറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
















