പുകവലിയുടെ കെടുതികള്‍ മനസ്സിലാക്കുവാനും അതില്‍ നിന്ന് മോചനം നേടാനുമുള്ള ദിനമാണ് മേയ് 31. അന്നാണ് ലോക പുകയില വിരുദ്ധ ദിനം. മനുഷ്യന്റെ ആയുസ്സ് എത്താതെയുള്ള മരണത്തിന്റെ മുഖ്യകാരണം പുകവലിയാണ്. 85 ശതമാനം ശ്വാസകോശ കാന്‍സറും 60% തൊണ്ട, വായ്, അന്നനാള കാന്‍സറുകളും 28 ശതമാനം മറ്റു കാന്‍സറുകളും പുകയില മൂലം ഉണ്ടാകുന്നതാണ്. കാന്‍സര്‍ മരണങ്ങളില്‍ 80 – 90 ശതമാനവും തൊണ്ടയിലോ വായിലോ കാന്‍സര്‍ വന്നാണ് മരിക്കുന്നത്. ഇതിന് മുഖ്യകാരണം പുകവലിയാണ്. അതാണ് പുകവലിയെ ‘ടഹീം ജീശീെി’ എന്ന് പറയുന്നത്. പുകവലിയിലൂടെ മരണത്തെയാണ് നാം വലിച്ചു കയറ്റുന്നത്.
ഭീതി ജനിപ്പിക്കുന്ന കണക്കുകള്‍
ലോക ജനസംഖ്യയില്‍ പത്തിലൊന്നു വീതം പുകയില ജന്യ രോഗങ്ങള്‍ മൂലമാണ് മരിക്കുന്നത്. ആറ് സെക്കന്റില്‍ ഒരാള്‍ വീതം പുകയില ഉപയോഗം മൂലം ലോകത്ത് മരിക്കുന്നു. എട്ട് ദശലക്ഷം പേരാണ് പ്രതിവര്‍ഷം പുകയില ഉപയോഗം മൂലം മരിക്കുന്നത്. അതില്‍ 28 ശതമാനം കുട്ടികളാണ്.
ഭാരതത്തില്‍ പ്രതിവര്‍ഷം ഏകദേശം 13.5 ലക്ഷം പേര്‍ പുകയില സംബന്ധമായ രോഗങ്ങള്‍ മൂലം മരിക്കുന്നു. രാജ്യത്ത് 26.7 കോടി ആളുകള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
പ്രായപൂര്‍ത്തിയായവരില്‍ ഏകദേശം 29 ശതമാനം പേര്‍ ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കു ന്നവരാണ്. 15 വയസിന് മുകളിലുള്ള പുരുഷന്മാരില്‍ 38% പേര്‍ പുകയില ഉപയോഗിക്കുന്നു. ഭാരതത്തില്‍ 12 കോടി ജനങ്ങള്‍ പുകയിലക്ക് അടിമകളാണ്. പ്രതിവര്‍ഷം 10 ലക്ഷത്തിലധികം പേരാണ് പുകയില മൂലം മരണപ്പെടുന്നത്. കേരളത്തിലെ പുരുഷന്മാരിലെ പുകയിലയുപയോഗം ഏകദേശം 17 ശതമാനം മാത്രമാണ്. ദേശീയ ശരാശരിയേക്കാള്‍ കുറവാണിത്. കേരളത്തിലെ സ്ത്രീകളിലെ പുകയില ഉപയോഗം രണ്ടു ശതമാനം മാത്രമാണ്. പുകവലിക്കെതിരെയുള്ള ബോധവത്ക്കരണ ശ്രമങ്ങള്‍ കേരളത്തില്‍ വിജയകരമായിരുന്നു.
ആയുസ്സ് കുറയ്‌ക്കും
പുകവലിക്കുന്നയാളുടെ സമയത്തിന് മണിക്കൂറിന് 55 മിനിറ്റേയുള്ളു. അയാള്‍വലിക്കുന്ന ഓരോ സിഗരറ്റും സ്വന്തം ആയുസ്സില്‍ നിന്ന് 5 മിനിറ്റ് കുറയ്‌ക്കുന്നു. 25 വയസുള്ള ചെറുപ്പക്കാരന്‍ ദിവസം ശരാശരി 20 സിഗരറ്റ് വലിച്ചാല്‍ അയാള്‍ 5 വര്‍ഷം നേരത്തെ മരിക്കും. പുകവലിക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യത 70% വും ശ്വാസകോശ കാന്‍സര്‍ വരാനുള്ള സാധ്യത 25% വും കൂടുതലാണ്. 100 പേര്‍ പുകവലിക്കുന്നെങ്കില്‍ അതില്‍ 50 പേരും മരിക്കുന്നത് ഏതെങ്കിലും പുകയിലജന്യമായ രോഗത്താലായിരിക്കും.
കാന്‍സര്‍ വിതയ്‌ക്കുന്നു
പുകയിലയില്‍ ഏകദേശം 7000 രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അതില്‍ 250 എണ്ണം അപകടകാരികളാണ്. 70 എണ്ണം ഏതെങ്കിലും തരത്തിലുള്ള കാന്‍സറിന് കാരണമായവയാണ്. പുകവലി എല്ലാ അവയവങ്ങളെയും ബാധിക്കും.
പുകവലിയുടെ ഇരകള്‍
ബീഡി, സിഗരറ്റ്, സിഗാര്‍, ഹുക്ക, ഇ- സിഗരറ്റ്, പൈപ്പ്, പാന്‍ മസാല, പുകയില, മുറുക്ക്, മൂക്കിപ്പൊടി തുടങ്ങിയവയാണ് പുകയില ഉത്പന്നങ്ങള്‍. ഉപയോഗിക്കുന്നയാള്‍ മാത്രമല്ല അടുത്തിരിക്കുന്നവരും പുകവലിയുടെ ഇരകളാണ്. മറ്റുള്ളവര്‍ പുകവലിക്കുമ്പോള്‍ ആ പുക ശ്വസിക്കുന്ന അവസ്ഥയാണ് നിഷ്‌ക്രിയ ധൂപപാനം (ജമശൈ്‌ല ാെീസശിഴ). ഗര്‍ഭിണി പുകവലിച്ചാലും ഗര്‍ഭിണിയുടെ അടുത്തിരുന്ന് മറ്റൊരാള്‍ പുകവലിച്ചാലും അത് ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കും. കുഞ്ഞിന് ശരീരഭാരം കുറയാനും മാസം തികയാതെ പ്രസവിക്കാനും ഗര്‍ഭഛിദ്രം ഉണ്ടാകാനും ചാപ്പിള്ള ജനിക്കാനും സാധ്യതയുണ്ട്. കൂടാതെ ബുദ്ധിമാന്ദ്യം, ശ്രദ്ധക്കുറവ്, വൈകല്യങ്ങള്‍, ആന്തരികാവയങ്ങളുടെയും തലച്ചോറിന്റെയും വൈകല്യങ്ങള്‍, ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍, എന്നിവയും കുഞ്ഞിന് ഭാവിയില്‍ കാന്‍സറും ഉണ്ടാകാന്‍ ഇടയുണ്ട്.
നിരവധി രോഗങ്ങളുടെ ഹേതു
പുകവലിമൂലം കാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വന്ധ്യത, ബ്രൊ ങ്കൈറ്റിസ്, അല്‍ ഷിമേഴ്‌സ്, പക്ഷാഘാതം, ധമനി രോഗങ്ങള്‍, ആമാശയ, കുടല്‍ വൃണങ്ങള്‍, വലിവ്, ന്യൂമോണിയ, ടോണ്‍സലൈറ്റസ്, ചര്‍മ്മം കരുവാളിക്കല്‍, പല്ലിന് കേടുകള്‍, വായില്‍ വ്രണങ്ങള്‍ തുടങ്ങിയ ഉണ്ടാകാം.
നിക്കോട്ടിന്‍ എന്ന വിഷവസ്തു
പുകയിലയില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും മാരക വിഷ വസ്തുവാണ് നിക്കോട്ടിന്‍. കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍ എന്നിവയുടെ സംയുക്തമാണ് നിക്കോട്ടിന്‍ എന്ന വിഷവസ്തു. അരത്തുള്ളി ഗാഢ ലായനിക്ക് ഒരാളെ കൊല്ലാന്‍ കഴിയും. നിക്കോട്ടിനാണ് ആസക്തി ജനിപ്പിക്കുന്നത്. പുകവലിക്കുമ്പോള്‍ 20 സെക്കന്റിനുള്ളില്‍ നിക്കോട്ടിന്‍ ബ്രെയിനില്‍ ഉത്തേജനം സൃഷ്ടിക്കും. നിക്കോട്ടിന്‍ ലെവല്‍ താഴ്ന്നാല്‍ വീണ്ടും പുകവലിക്കാന്‍ തോന്നും.
ഡോപാമിന്‍ എന്ന ഹാപ്പി ഹോര്‍മോണ്‍
പുകവലിക്കുമ്പോള്‍ ഡോപാമിന്‍ എന്ന ഹാപ്പി ഹോര്‍മോണ്‍ തലച്ചോറില്‍ ഉണ്ടാകുന്നു. ഇതിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ആഹ്‌ളാദ അനുഭൂതികളുടെ അടിസ്ഥാനം. ഇക്കാരണത്താലാണ് ലഹരിവസ്തുക്കള്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും അതിന് അടിപ്പെടുന്നതും. ആദ്യം കിട്ടിയ അനുഭവം തുടര്‍ന്നു കിട്ടാന്‍ ഒന്നിലേറെ സിഗരറ്റ് പിന്നീട് വലിക്കേണ്ടിവരും. അങ്ങനെയാണ് ആസക്തിയിലേക്ക് നീങ്ങുക.
പുകവലിയില്‍ നിന്ന് മോചനം
പുകയില ഉപയോഗം ആരോഗ്യത്തെയും ജീവിതത്തേയും ഗുരുതരമായി ബാധിക്കുന്നതിനാല്‍ കലണ്ടറില്‍ ഒരു തിയതി കുറിച്ച് പുകവലിയില്‍ നിന്ന് പിന്മാറാന്‍ ദൃഢമായ തീരുമാനം എടുക്കുക. അതിന് സാധിക്കാതെ വരുന്നവര്‍ക്ക് കൗണ്‍സലിംഗ്, മറ്റ് ചികിത്സകള്‍, വൈദ്യസഹായം എന്നിവ ഇന്ന് ലഭ്യമാണ്. ആസക്തി കുറയ്‌ക്കാനുള്ള മരുന്നുകളും ക്രമേണ പുകവലി മാറ്റാനുള്ള മരുന്നുകളും ലഭ്യമാണ്. വലിക്കും തോറും നീളം കുറയുന്നത് സിഗരിറ്റിന് മാത്രമല്ല ആയുസ്സിന് കൂടിയാണ് എന്നോര്‍ത്ത് പുകവലിയില്‍ നിന്ന് പിന്മാറാന്‍ ലോക പുകയില വിരുദ്ധ ദിനം പ്രചോദനമേകട്ടെ.











