
കൊച്ചി: മുനമ്പം ജനതയെ ഒരിക്കല്‍ കൂടി വി.ഡി. സതീശന്‍ വഞ്ചിച്ചു. മുഖ്യമന്ത്രിയായശേഷം ഇന്നലെ എറണാകുളം ജില്ലയിലെ വിവിധ സ്വീകരണങ്ങളില്‍ പങ്കെടുക്കാനെത്തിയ സതീശന്‍ മുനമ്പം പ്രശ്‌നത്തിന് പരിഹാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കണ്ണില്‍ പൊടിയിടുന്ന തരത്തില്‍ വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചത്.
വഖഫ് ഭീകരതക്കെതിരെ മുനമ്പത്തെ ജനങ്ങളുടെ സമരം രൂക്ഷമായ സമയത്ത്, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ 10 മിനിറ്റുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതിപക്ഷ നേതാവായിരുന്ന സതീശന്‍ പ്രഖ്യാപിച്ചിരുന്നത്. മുനമ്പം സമര പന്തലില്‍ ജനങ്ങളെ അഭിസംബോധന ചെയ്തായിരുന്നു പ്രഖ്യാപനം. പത്ത് മിനിറ്റ് കൊണ്ട് എങ്ങനെയാണ് പ്രശ്‌നം പരിഹരിക്കുന്നതെന്നും സതീശന്‍ വിശദീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സെക്ഷന്‍ 97 അനുസരിച്ച് മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന് പ്രഖ്യാപിക്കണമെന്ന് വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെടണം. ഈ ഓര്‍ഡര്‍ അടിക്കാനുള്ള സമയം മാത്രമാണ് പത്ത് മിനിറ്റ് എന്നാണ് സതീശന്‍ പറഞ്ഞത്.
ഈ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് മുനമ്പം ജനത കണ്ടത്. എന്നാല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ച് കണ്ണില്‍ പൊടിയിടുന്ന തന്ത്രമാണ് സതീശന്‍ നടത്തിയത്. ആദ്യ മന്ത്രിസഭായോഗത്തില്‍ത്തന്നെ സില്‍വര്‍ ലൈന്‍ പദ്ധതി അവസാനിപ്പിച്ച് മഞ്ഞക്കുറ്റി നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തിരുന്നു. പദ്ധതിയുടെയും ഭൂമിയേറ്റെടുക്കലിന്റെയും വിജ്ഞാപനങ്ങള്‍ റദ്ദാക്കിയിരുന്നു. അതേ മാതൃകയില്‍ മുനമ്പത്തെ വഖഫ് പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തികഞ്ഞ കള്ളക്കളിയാണ് സതീശന്‍ നടത്തുന്നത്. ഇപ്പോഴാകട്ടെ മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന് ഉമിദ് പോര്‍ട്ടലില്‍ വഖഫ് ബോര്‍ഡ് കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തു. ഈ നീക്കത്തെ തടയാനും മുന്‍ സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡ് പിരിച്ചുവിടാനും സംസ്ഥാന സര്‍ക്കാരിന് കഴിയുമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ യാതൊരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടില്ല.
തങ്ങള്‍ പണം നല്‍കി വാങ്ങിയ ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് മുനമ്പത്തെ 610 കുടുംബങ്ങളാണ് സമരം ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം പാസാക്കിയതോടെയാണ് മുനമ്പം ജനതയ്‌ക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്നത്. മുനമ്പത്തേത് വഖഫ് സ്വത്തല്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വഖഫ് ബോര്‍ഡിന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുവാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. യുഡിഎഫ് ആകട്ടെ ഇതിനെ പിന്തുണക്കുകയും ചെയ്തു. ഇരുകൂട്ടരുടെയും കള്ളക്കളിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.