മേടമാസത്തിലെ അമാവസിക്കുശേഷം വരുന്ന പ്രഥമ മുതല്‍ ഇടവമാസത്തിലെ അമാവാസി വരെയുള്ള ഒരു ചാന്ദ്രമാസമാണ് വൈശാഖമാസം അഥവാ മാധവമാസം. ഈ മാസം സൂര്യോദയം മുതല്‍ 6 നാഴികവരെ എല്ലാ ജലാശയങ്ങളിലും ഗംഗാദേവിയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ഈ സമയത്ത് നടത്തുന്ന സ്‌നാനം സര്‍വ്വതീര്‍ത്ഥ സ്‌നാനഫലം നല്കും എന്നും പറയുന്നു. പ്രകൃതി പൂര്‍ണതയില്‍ വിരിയുന്ന ഈ മാസം സര്‍വസല്‍ക്കര്‍മ്മങ്ങള്‍ക്കും ഏറ്റവും ഉചിതമായ സമയമാണ്. ഈ വര്‍ഷം മെയ് 2 മുതല്‍ ജൂണ്‍ 29 വരെയാണ് വൈശാഖപുണ്യമാസം ആചരിക്കുന്നത്. അക്കരെ കൊട്ടിയൂര്‍ വൈശാഖോത്സവം മെയ് 23 ന് നീരെഴുന്നള്ളത്തോടെ ആരംഭിച്ച് ജൂണ്‍ 24 തൃക്കലശാട്ടത്തോടെ അവസാനിക്കുന്നു. മെയ് 29 ന് നെയ്യാട്ടം, 30ന് ഭണ്ഡാരയെഴുന്നള്ളത്ത്. ജൂണ്‍ 5ന് തിരുവോണാരാധന, 7ന് ഇളനീര്‍വെയ്‌പ്പ്, 8ന് ഇളനീരാട്ടം 10ന് രേവതി ആരാധന 14 ന് രോഹിണിയാരാധന ജൂണ്‍ 16ന് തിരുവാതിര ചതുശ്ശതം, 17ന് പുണര്‍തം ചതുശ്ശതം 19ന് ആയില്യം ചതുശ്ശതം. മകം കലംവരവ് 20നാണ്. അത്തം ചതുശ്ശതം- വാളാട്ടം കലശപൂജ 23നും തൃക്കലശാട്ട് 24നും നടക്കും. മെയ് 30 അര്‍ദ്ധരാത്രി ഭണ്ഡാരം അക്കരെ സന്നിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പും ജൂണ്‍ 20 ലെ മകം ഉച്ചശീവേലിക്കു ശേഷവും അക്കരെ കൊട്ടിയൂരില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല.
തൃക്കൂറളവ്
ഉത്സവത്തിലെ ചടങ്ങാണ് സ്ത്രീകള്‍ക്കുള്ള തൃക്കൂറളവ്. മകീര്യം മുതല്‍ ആയില്യം വരെയുള്ള ഏതെങ്കിലും ദിവസം നിശ്ചയിച്ച് തൃക്കുറളവ് നടത്തും. കോട്ടയം രാജകുടുംബാംഗത്തിലേയും നാല് ഊരാളന്മാരുടേയും വാളശ്ശന്മാരുടെ കുടുംബത്തിലേയും സ്ത്രീകള്‍ക്കാണ് പെരുമാളിന്റെ പ്രസാദമായി അരി അളന്ന് നല്‍കുന്നത്. ആരണ്യ ക്ഷേത്രത്തിലെ വൈശാഖോത്സവത്തില്‍ നിന്ന് പ്രകൃതിയെ മാറ്റി നിര്‍ത്താന്‍ കഴിയാത്തതു പോലെ സ്ത്രീകളേയും മാറ്റി നിര്‍ത്താനാവില്ല.
തിരുവാതിര-പുണര്‍തം-ആയില്യം-അത്തം ചതുശ്ശതങ്ങള്‍
തിരുവാതിര, പുണര്‍തം, ആയില്യം അത്തം നാളുകളില്‍ ‘വലിയവട്ടളപായസം’ എന്ന വഴിപാടുണ്ട്. നിത്യോനയുള്ള പായസ നിവേദ്യം ഇവിടെയില്ല. 101 അളവ് അരിയും അതിനുവേണ്ട ശര്‍ക്കര, തേങ്ങ, നെയ്യ് എന്നിങ്ങനെ നാല് സാധനങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതുകൊണ്ടാണ് ‘ചതുശ്ശകം’ എന്ന പേരുവന്നതെന്ന് പറയപ്പെടുന്നു.
മകം നാള്‍
മകം നാള്‍ മുതല്‍ ഭൂതഗണങ്ങളുടെ ഉത്സവമാരംഭിച്ചെന്നാണ് സങ്കല്‍പ്പം. ഉത്സവാരംഭകര്‍മ്മങ്ങളില്‍ നിന്ന് ഇന്നേദിവസം മുതല്‍ മാറ്റം ഉണ്ടാകും. ഉച്ചശീവേലിക്കുശേഷം മഹാദേവന്റെയും പാര്‍വ്വതീദേവിയുടേയും തിടമ്പേറ്റിയ ആനകള്‍ ബലിബിംബങ്ങള്‍ താഴെയിറക്കിയശേഷം നമസ്‌ക്കരിച്ച് മൂന്നു തവണ തിരുവഞ്ചിറയില്‍ വലംവെക്കുന്നു. പിന്നീട് ആനകള്‍ക്ക് ചോറും പഴവും ശര്‍ക്കരയും നല്‍കി ആനകള്‍ തിരുവഞ്ചിറയിലൂടെ പടിഞ്ഞാറോട്ട് പിന്നോട്ട് നടന്ന് ബാവലിപ്പുഴ കടന്ന് വിടപറയുന്നു. ഒപ്പം വിശേഷ വാദ്യങ്ങളും സ്ത്രീഭക്തരും മടങ്ങുന്നു. പിന്നീട് യാഗഭൂമിയില്‍ സ്ത്രീയെന്ന നിലക്ക് തുടരാന്‍ ആവകാശമുള്ളത് കൂത്തിന്റെ ഭാഗമായ നങ്ങ്യാരമ്മക്കും ഒറ്റപ്പിലാന്‍ സ്ഥാനീയത്തിലെ കയ്യാലയിലുള്ള കുറിച്ച്യാര്‍ സ്ത്രീകള്‍ക്കും മാത്രമാണ്. മകം രാത്രി മുതല്‍ക്ക് പൂജാസമയത്ത് വൈദ്യുതി വിളക്കുകള്‍ ഒഴിവാക്കുന്നു. പിന്നെ തൃക്കലശാട്ടു വരെ ഗൂഢപൂജകളും ഗോപ്യകര്‍മ്മങ്ങളുമാണ്.
മകം കലംവരവ്
മകം നാളില്‍ സന്ധ്യയോടെ നല്ലൂരാന്റെ നേതൃത്ത്വത്തില്‍ മണ്‍കലങ്ങളുമായി പച്ചിലകള്‍ മാത്രം ധരിച്ച് ഭസ്മം പൂശി ഇക്കരെ കൊട്ടിയൂരിലെത്തി അട്ടഹാസ മുഴക്കും. ഈ സമയം ആരും പുറത്തിറങ്ങില്ല. രാവിന്റെ ഇരുട്ടില്‍ മനുഷ്യനേത്രങ്ങള്‍ കാണാതെ എല്ലാ വെളിച്ചവും അണച്ച് കലം വരവ് നടക്കും. സംഘം മണിത്തറയിലെത്തി കലം സമര്‍പ്പിച്ച് കൈയ്യാലകളിലേക്ക് മടങ്ങും. 156 കലങ്ങളാണ് കൊണ്ടുവരുന്നത്. ഇതില്‍ 142 എണ്ണം പൂജക്കെടുക്കും. ഈ സമയം ഒരു സ്ഥാനീയ ബ്രാഹ്‌മണന്‍ മാത്രം അവിടെ ഉണ്ടാകുകയുള്ളൂ. പുറം തിരിഞ്ഞാണ് ഇവര്‍ക്ക് പ്രസാദം നല്‍കുന്നത്. ഇതുകഴിഞ്ഞുമാത്രമേ കൈയ്യാലകളിലും മറ്റും വെളിച്ചം തെളിയുകയുള്ളൂ. മകം, പൂരം, ഉത്രം നാളുകളിലാണ് കലംപൂജ. ഈ നാളുകളില്‍ ഭൂതഗണങ്ങള്‍ എത്തുമെന്നാണ് വിശ്വാസം. യാഗഭൂമിയില്‍ ഇനി നിശബ്ദമായ അന്തരീക്ഷത്തില്‍ രഹസ്യ-ഗൂഢ പൂജയായ മകം കലംപുജാ സമയമാണ്. പുറംലോകത്തിന് അജ്ഞാതമായ കലം പൂജ. ഗൂഢപൂജ ആര്‍ക്കും കാണാന്‍ പാടില്ലയെന്നാണ് ശാസ്ത്രം. അത്തം നാളില്‍ കലംപൂജയില്ല. കലം പൂജക്ക് ശേഷം കൈയ്യാലകള്‍ തുറക്കുകയും രാത്രി ശീവേലിയും ശ്രീഭൂതബലിയും കഴിയുന്നതോടുകൂടി നേരം വെളുക്കും.
അത്തം ചതുശ്ശതം – വാളാട്ടം
അത്തം നാളില്‍ ഗജവീരന്മാരോ വാദ്യഘോഷങ്ങളോ ഇല്ലാതെയുള്ള അവസാന ശീവേലി നടക്കും. ഈ ശീവേലിയില്‍ ‘വാളാട്ടം’ എന്ന ചടങ്ങും കുടിപതികളുടെ ‘തേങ്ങയേറും’ നടക്കും. ദേവീ-ദേവന്മാരുടെ സാന്നിദ്ധ്യത്തില്‍ മൂന്നു വാളുകളും തിരുവഞ്ചിറയില്‍ എഴുന്നള്ളിക്കുന്നു. ഈ ദിവസം അത്താഴശീവേലിയില്ല. ഇനി അത്താഴശീവേലി അടുത്തവര്‍ഷം ഭണ്ഡാരയെഴുന്നള്ളിപ്പ് കഴിഞ്ഞു മാത്രമേ നടക്കുകയുള്ളൂ. കുടിപതികള്‍ മഹാഗണപതിക്കു മുമ്പില്‍ ആത്മ സമര്‍പ്പണം ചെയ്തുകൊണ്ട് വിഘ്‌നങ്ങള്‍ കരിമ്പാറക്കല്ലില്‍ എറിഞ്ഞുടച്ച് അക്കരെ കൊട്ടിയൂര്‍ വിട്ടൊഴിയുന്നു. കൂടാതെ വൈകുന്നേരം ‘ആയിരക്കുട’ത്തോടെ ചടങ്ങുകള്‍ക്ക് അവസാനമാകും. ഇനി വിളക്കുകള്‍ ഇല്ല. ഇന്നത്തെ പന്തീരടിനിവേദ്യത്തോടൊപ്പം ദേവസ്വത്തിന്റെ വകയായ വലിയവട്ടളപായസം നിവേദിക്കുന്നു. കൂടാതെ ചാക്യാര്‍കൂത്ത് അനുഷ്ടാനം അവസാനിപ്പിക്കുന്നു. പിന്നെ ആയിരംകുടവും നവകത്തോടുള്ള പൂജയും കഴിച്ച് ഈ വൈശാഖോത്സവ നിത്യനിദാന ചടങ്ങുകള്‍ക്ക് അവസാനമാകുന്നു.
ചിത്തിര തൃകലശാട്ട്
പടിഞ്ഞിറ്റ നമ്പൂതിരിയുടെ കാര്‍മ്മികത്ത്വത്തിലാണ് കലശപൂജ നടക്കുന്നത്. ചിത്തിര ദിവസം കാമ്പ്രം നെയ്യാട്ടം നടത്തിയതിനു ശേഷമാണ് തൃക്കലശാട്ട് നടക്കുന്നത്. തുടര്‍ന്ന് തൃത്തറ വിളക്കുകള്‍ മണിത്തറയില്‍ നിന്നും ഇറക്കുന്നു. മണിത്തറയിലെ താല്‍ക്കാലിക ശ്രീകോവില്‍ തൂണോടെ പിഴുത് തിരുവഞ്ചിറയില്‍ സമര്‍പ്പിക്കും. അമ്മാറക്കല്ലിലെ പെരുംകുടയും നീക്കം ചെയ്യുന്നു. പഞ്ചാക്ഷരീ മന്ത്രങ്ങള്‍ കൊണ്ട് മുഖരിതമായ യാഗഭൂമിയിലെ കൈയ്യാലകളിലെ അവസാന പകലില്‍ തിടമ്പുകളും പൂജാസാമഗ്രികളുമായി ശൈവസേവകന്മാര്‍ മണിത്തറയിലേക്ക് നീങ്ങും. കെടാവിളക്കുകള്‍ അണക്കുന്നു. നമ്പൂതിരി വാളറയില്‍ കയറി മുതിരേരി വാളെടുത്ത് സ്വയംഭൂവില്‍ ചേര്‍ത്തുവെച്ച് പെരുമാളെ സാഷ്ടാംഗം നമസ്‌ക്കരിച്ച് പടിഞ്ഞാറോട്ടിറങ്ങി മറയുന്നു. മണിത്തറയിലെ മുഴുവന്‍ വസ്തുക്കളും ഭണ്ഡാരങ്ങളും ബലിബിംബങ്ങളും വാളശ്ശന്മാരും അടിയന്തിരയോഗവും ഇക്കരക്ക് തിരിച്ചെഴുന്നള്ളുന്നു. ജന്മജന്മാന്തര സുകൃതം നല്‍കിയ കൊട്ടിയൂര്‍ ശങ്കരന്റെ യാത്രാബലി നടക്കും. യാത്രാബലിക്കുശേഷം മുതിരേരി വാള്‍ തിരിച്ച് മുതിരേരിക്കാവിലേക്ക് യാത്രതിരിക്കും.
മിഥുനചോതി നാള്‍ വറ്റടി
ചോതി നാളില്‍ പടിഞ്ഞിറ്റ നമ്പൂതിരിയുടെ കാര്‍മ്മികത്ത്വത്തില്‍ നിവേദ്യം അമ്മാറക്കലും പെരുമാളിനും നേദിക്കുന്നു. പിന്നീട് അഷ്ടബന്ധം കൊണ്ട് നാളം മൂടി സ്വയംഭൂവിനെ സംരക്ഷിക്കുന്ന ചടങ്ങ് നടത്തി വന്ദിച്ച് തിരിഞ്ഞുനോക്കാതെ സംഘം ഇക്കരക്ക് മടങ്ങുന്നു. ഉത്സവകാലങ്ങളില്‍ മാത്രം മനുഷ്യപ്രവേശനമുണ്ടായിരുന്ന ഇവിടം പടിഞ്ഞിറ്റ നമ്പൂതിരി ‘പെരുമാളി’നെ കുറിച്ച്യന് ഏല്‍പ്പിച്ച് മടങ്ങുകയാണ് ചെയ്യുന്നത്. ഇനി വരുന്ന പതിനൊന്ന് മാസം ഇവര്‍ കാത്തുസൂക്ഷിക്കുമെന്നാണ് വിശ്വാസം.
അവസാനം യാഗഭൂമിയിലെ കൈയ്യാലകള്‍ ചുറ്റുമുള്ള വെള്ളത്തില്‍ തള്ളുകയാണ് ചെയ്യുന്നത്. സാധാരണപോലെ യാഗശാല ചടങ്ങുകള്‍ക്ക് ശേഷം കത്തിക്കാറില്ല. സാധാരണ പൂജാക്രമത്തിന് വിരുദ്ധമായി ഇവിടെ ഏതു പൂജയില്‍ നിര്‍ത്തിയോ അതിന്റെ അടുത്ത പൂജയായിരിക്കും അടുത്ത വര്‍ഷം ആരംഭിക്കുക. യാഗം ഒരിക്കലും അവസാനിക്കുന്നില്ലയെന്നാണ് വിശ്വാസം. കൊട്ടിയൂര്‍ പെരുമാള്‍ ശരിക്കും പ്രകൃതിയാണ്. മഹാദേവനും പ്രകൃതിയും പരസ്പരം ലയിച്ചുള്ള പ്രകൃതിദത്ത ദൈവസങ്കല്‍പ്പം.














