തിരുവനന്തപുരം: മൂന്നു സീറ്റില്‍ ഉജ്ജ്വല വിജയം നേടി ചരിത്രത്തിലാദ്യമായി നിയമസഭയില്‍ ശക്തമായ സാന്നിധ്യമുറപ്പിച്ച ബിജെപി സഭയില്‍ ആദ്യ രാഷ്ട്രീയ പോരാട്ടത്തിനൊരുങ്ങുന്നു. ഇന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കും.
ചാത്തന്നൂര്‍ എംഎല്‍എ ബി.ബി. ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്.
സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ബി.ബി. ഗോപകുമാറിന്റെ പേര് രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും ചേര്‍ന്ന് ഔദ്യോഗികമായി സഭയില്‍ നിര്‍ദേശിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എസി മൊയ്തീന് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയും.
ചരിത്രത്തിൽ ഇതാദ്യമായാണ് കേരള നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്. ഇന്ന് രാവിലെ ഒൻപതിന് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് സഭക്കുള്ളിൽ വോട്ടെടുപ്പ് നടക്കും. ഇരിപ്പിടം അനുസരിച്ചുള്ള വോട്ടെടുപ്പിൽ ആദ്യം വോട്ട് ചെയ്യുക മുഖ്യമന്ത്രി വി.ഡി. സതീശനാകും.
ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പടത്തിലേക്ക് ആനയിക്കും. 23 മുതൽ 28 വരെ സഭ ചേരില്ല. 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. ഒന്ന് മുതൽ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിന് മേൽ ചർച്ച നടക്കും.
















