വൈയക്തിക അബോധത്തില്‍ നിന്ന് യുങ് നീങ്ങുന്നത് വ്യക്തിയെ സമഷ്ടിയുമായി ബന്ധിപ്പിക്കുന്ന അന്തരംഗത്തിലെ അഗാധതലത്തിലേക്കാണ്. ഇവിടെ വൈയക്തിക സവിശേഷതകള്‍ അവസാനിക്കുന്നു. പകരം കാണാന്‍ സാധിക്കുന്നത് മനുഷ്യരാശിക്ക് മാത്രമല്ല, ജീവിവര്‍ഗ്ഗത്തിനാകെ സമാനമായിട്ടുള്ള പ്രാഗ്ഭാവങ്ങളാകുന്നു. നിഗൂഢമായ ഈ തലം ബോധമനസ്സിന്റെ സൃഷ്ടിയല്ല. ബോധമനസ്സ് ഈ അബോധ മനസ്സിന്റെ സൃഷ്ടിയാകുന്നുവെന്നാണ് യുങ്ങിന്റെ അപഗ്രഥനം വ്യക്തമാക്കുന്നത്.
സമാഹൃത അബോധം അഥവാ കളക്ടിവ് അണ്‍കോണ്‍ഷ്യസ് എന്നു വിളിക്കപ്പെടുന്ന ഈ തലം മനുഷ്യവര്‍ഗ്ഗത്തിന്റെ സമാന ജന്മവാസനകളും പ്രാഗ്ഭാവങ്ങളായിട്ടുള്ള ആദിരൂപങ്ങളും (Archteypes) ഉള്‍പ്പെടുന്നതാണ്. യുങ് രേഖപ്പെടുത്തുന്ന പ്രധാന വാസനകള്‍-വിശപ്പ്, ലൈംഗികത, ക്രിയാശേഷി, മനന ശേഷി, സര്‍ഗാത്മകത എന്നിവയാണ്. ഇവയ്‌ക്ക് രൂപവും ദിശയും നല്‍കുന്നത് ആദിരൂപങ്ങളാണ്. മാതൃരൂപം, നായകരൂപം, ആചാര്യരൂപം, ദൈവിക രൂപം, എതിര്‍ലിംഗ ഭാവം മുതലായവയാണ് ആദിരൂപങ്ങളില്‍പ്പെടുന്നവ. അമാനുഷിക സ്വഭാവമുള്ള പുരാവൃത്ത രൂപങ്ങളും ഇവയില്‍പ്പെടുന്നതാണ്. ഈ ആദിരൂപങ്ങളെ ബോധമനസ്സ് അതിനു സ്വന്തമാണെന്നു ധരിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവ അബോധ മനസ്സിന്റേതാണ്. ഇവയുടെ സ്വാധീനമാണ് ബോധമനസ്സില്‍ അനുഭവപ്പെടുന്നത്. ഇവ ചിലപ്പോള്‍ സ്വപ്നങ്ങളുടെ രൂപത്തിലും പ്രതീകാത്മകമായും പ്രത്യക്ഷപ്പെടാവുന്നതുമാണ്.
അബോധത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന ആദിബിംബങ്ങള്‍ ബോധതലത്തിലേക്ക് കടന്നുവരുമ്പോള്‍ ബോധമുള്ളവയാകുന്നു. അതിനുമുമ്പ് ബോധമനസ്സിനെ സംബന്ധിച്ച് അവ അബോധങ്ങളാകുന്നു. ബൗദ്ധിക തലത്തിന്റെ നിയമങ്ങള്‍ അവയ്‌ക്ക് ബാധകമല്ല. എന്നാല്‍ അവയ്‌ക്ക് അവയുടേതായ സ്വതന്ത്രമായ പ്രവര്‍ത്തനക്രമങ്ങളുണ്ടെന്നാണ് യുങ് പറയുന്നത്. ആദിരൂപങ്ങള്‍ വൈയക്തികമല്ലെന്നും സമാനമാണെന്നുമാണ് യുങ് സമര്‍ത്ഥിക്കുന്നത്. ഇവ ബോധതലത്തിന്റെ ഭ്രമങ്ങളില്‍പ്പെടുന്നവയല്ലെന്നും വാസ്തവികമായ രൂപങ്ങളാണെന്നും ‘സിമ്പള്‍സ് ഓഫ് ട്രാന്‍സ്ഫൊര്‍മേഷന്‍’ എന്ന കൃതിയില്‍ യുങ് വാദിക്കുന്നു.
ബര്‍ക്ക്ലിയുടെ വ്യക്തിനിഷ്ഠ ആദര്‍ശവാദം
യുങ്ങിന്റെ ഈ നിലപാട് പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആംഗലേയ-ഐറിഷ് ദാര്‍ശനികനായ ജോര്‍ജ് ബര്‍ക്ക്ലിയുടെ സിദ്ധാന്തമായ വ്യക്തിനിഷ്ഠ ആദര്‍ശവാദത്തോട് സാമ്യം പുലര്‍ത്തുന്നതു കാണാം. ബര്‍ക്ക്ലി വാദിക്കുന്നത്, നമ്മുടെ ബാഹ്യലോകം നമ്മുടെ തന്നെ ആശയങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്നും, മനസ്സ് ലോകത്തെ ആശയരൂപത്തില്‍ അനുഭവിക്കാത്തപ്പോള്‍ നമ്മെ സംബന്ധിച്ചിടത്തോളം ലോകം നിലനില്‍ക്കുന്നില്ലെന്നുമാണ്. ഇവിടെ ചോദ്യമുയര്‍ന്നത്, അനുഭവിക്കാന്‍ ജീവികളില്ലെങ്കില്‍ പുറംലോകം ഇല്ലാതാകുമോ? അതുപോലെ ഒരാള്‍ കണ്ണടയ്‌ക്കുമ്പോള്‍ അയാള്‍ക്ക് ലോകം താല്‍ക്കാലികമായി അവസാനിക്കുകയും പിന്നീട് കണ്ണുതുറക്കുമ്പോള്‍ ലോകം വീണ്ടും ഉണ്ടാവുകയുമാണോ? ഇതിനുള്ള ബര്‍ക്ക്ലിയുടെ മറുപടി ഇപ്രകാരമാണ്: ഒരാള്‍ കണ്ണടയ്‌ക്കുമ്പോള്‍ ബാഹ്യലോകം അസ്തമിക്കുന്നില്ല, ജീവികള്‍ മുഴുവന്‍ അവസാനിച്ചാലും ലോകം അവസാനിക്കുന്നില്ല, കാരണം അത് സദാ ദൈവിക ബോധത്തിന്റെ ആശയങ്ങളുടെ രൂപത്തില്‍ സ്ഥിതി ചെയ്യുന്നു. അതിനാല്‍ നമ്മുടെ ബോധം ഗ്രഹിച്ചില്ലെങ്കിലും ലോകം നിലനില്‍ക്കുന്നതാണ്. ഇപ്രകാരം യുങ്ങിന്റെ ആദിരൂപങ്ങള്‍ ബോധ മനസ്സില്‍ പ്രത്യക്ഷീഭവിച്ചില്ലെങ്കിലും അബോധ തലത്തില്‍ നിലനില്‍ക്കുന്നവയാണ്. യുങ്ങിന്റെ അബോധ മനസ്സിനെ ദൈവിക മനസ്സായി പരിഗണിക്കാവുന്നതാണ്. കാരണം അതിന്റെ ഉദ്ഭൂതങ്ങളാകുന്ന ആദിരൂപങ്ങള്‍ അനശ്വര സത്തകളാകുന്നു എന്നാണ് യുങ്ങിന്റെ വാദം.
ആദിരൂപങ്ങള്‍ വ്യക്തിയുടെ ബോധതലത്തില്‍ പ്രവേശിക്കുമ്പോള്‍ അഹംബോധം ഇവയെ സ്വന്തമാണെന്ന് ധരിക്കുന്നു. അതോടെ ഇവ വൈയക്തിക സ്വഭാവമാര്‍ജിക്കുന്നു. ഇപ്രകാരമാണ് സാമാന്യമാകുന്ന ആദിരൂപങ്ങള്‍ വിശേഷസ്വഭാവം കൈയ്വരിക്കുന്നത്. സാധാരണമനസ്സുകളില്‍ ആദിരൂപങ്ങള്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മാനസിക രോഗാവസ്ഥയില്‍ ബോധമനസ്സിനെ സംഘര്‍ഷത്തിലാഴ്‌ത്തിക്കൊണ്ട് ഇവ പ്രത്യക്ഷീഭവിക്കുന്നതാണ്. എന്നാല്‍ യുങ് നിര്‍ദ്ദേശിച്ചിട്ടുള്ള വ്യക്തി-വികാസ സിദ്ധാന്തമനുസരിച്ച് നിഗൂഢവും അതീന്ദ്രിയവുമായിട്ടുള്ള അബോധതലത്തിലെ ശക്തിവിശേഷങ്ങളാകുന്ന ആദിരൂപങ്ങളെ ധൈര്യസമേതം നേരിട്ടാല്‍ ബോധമനസ്സിന് അവയെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.
ഭാരതീയ പ്രമാണങ്ങള്‍ അനുസരിച്ച് മാനസിക തലം ഏറെ വിസ്തൃതമാക്കപ്പെട്ട യോഗികള്‍ ഇവയെ പ്രത്യക്ഷമാക്കുന്നവരാകുന്നു. ഇന്ദ്രിയ സഹായം കൂടാതെ മനസ്സുകള്‍ തമ്മില്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നത്, ദിവ്യദൃഷ്ടി, ഭാവി പ്രവചനം, പ്രതിഭ മുതലായ സിദ്ധികള്‍ക്ക് ആധാരം അബോധതലത്തിലെ ഊര്‍ജശേഖരങ്ങളായ ആദിരൂപങ്ങളുടെ ഉദാത്തവല്‍ക്കരണമാകുന്നു. ഇവിടെ യുങ്ങിന്റെ വ്യക്തി-വികാസ സിദ്ധാന്തം ഭാരതീയ സമ്പ്രദായങ്ങളുമായി കൈയ്‌കോര്‍ക്കുന്നതു കാണാം.
മിത്തുകളുടെ വാസ്തവിക ലോകം
ഭാരതീയ ഇതിഹാസങ്ങളിലും പുരാണങ്ങളിലും സുലഭമായിട്ടുള്ള പുരാവൃത്തങ്ങളിലെ അഥവാ മിത്തുകളിലെ ഉള്ളടക്കം യുങ്ങിന്റെ ആദിരൂപങ്ങളില്‍പ്പെടുന്നവയാണ്. ഭാരതീയരുടെ പ്രണവം വാക്കിന്റെ ആദിരൂപമാകുന്നു. ഇന്ദ്രിയദേവതകളുടെ അധിപനായ ഇന്ദ്രന്‍, അനുരാഗത്തിന്റെ പ്രതീകങ്ങളാകുന്ന രതിമന്മഥന്മാര്‍, സംഗീതത്തിന്റെ പ്രതീകമാകുന്ന ഗന്ധര്‍വ്വന്‍, ആദിദൈത്യനാകുന്ന ഹിരണ്യാക്ഷന്‍, അതുപോലെ തന്നെ കല്‍പ്പവൃക്ഷം, കാമധേനു, കാലം, സ്വര്‍ഗംഗ, അപ്സരസ്സ് തുടങ്ങി അനേകം ആദിരൂപങ്ങള്‍ പുരാണേതിഹാസങ്ങളില്‍ കഥാപാത്രങ്ങളാവുന്നുണ്ട്. ഭഗവദ്ഗീതയിലെ പത്താം അധ്യായത്തില്‍ ശ്രീകൃഷ്ണന്‍ സ്വന്തം വിഭൂതികളെപ്പറ്റി അര്‍ജ്ജുനന് വ്യക്തമാക്കിക്കൊടുക്കുന്ന വേളയില്‍ അശ്വങ്ങളില്‍ ഉച്ചൈഃശ്രവസ്സും, ഗജേന്ദ്രന്മാരില്‍ ഐരാവതവും, ശിക്ഷകരില്‍ യമനും, ഗ്രസിക്കുന്നവയില്‍ കാലവും ഭഗവാന്‍ തന്നെയാകുന്നുവെന്ന് പറയുന്നു. ഒടുവില്‍ അര്‍ജ്ജുനന്റെ ആഗ്രഹപ്രകാരം സൂക്ഷ്മദൃഷ്ടി പ്രദാനം ചെയ്തു കൊണ്ട് ശ്രീകൃഷ്ണന്‍ സ്വന്തം വിശ്വരൂപം കാട്ടിക്കൊടുക്കുന്നു. മനസ്സിന്റെ എല്ലാ സ്ഥായി സഞ്ചാരി ഭാവങ്ങളെയും ഇപ്രകാരം സാമാന്യ തത്ത്വങ്ങളായിട്ടാണ് ഭാരതീയ തത്ത്വശാസ്ത്രം കാണുന്നത്. സ്മൃതി, ബുദ്ധി, ക്ഷമ, തൃഷ്ണ, ജ്ഞാനം, നീതി തുടങ്ങിയവയും സൂക്ഷ്മ തത്ത്വങ്ങളാണ്.
പ്ലേറ്റോയെപ്പോലുള്ള ആദര്‍ശവാദികള്‍ക്ക് സാമാന്യങ്ങള്‍ അനശ്വരമായ സത്യങ്ങളാണ്. പക്ഷേ ഭാരതീയ തത്ത്വചിന്തയില്‍ അവ ആത്യന്തികമായി ശാശ്വതമല്ല. സൃഷ്ടിയുടെ പ്രളയാവസ്ഥയില്‍ അവ ആദിശക്തിയിലേക്ക് ലയിക്കുന്നു. ഭാരതീയ തത്ത്വശാസ്ത്രത്തില്‍ സൃഷ്ടിസംബന്ധമായ വര്‍ണനയില്‍ പൊതുവെ മൂന്നു തലങ്ങള്‍ കല്‍പ്പിക്കാറുണ്ട് – സ്ഥൂലം, സൂക്ഷ്മം, പാരമാര്‍ത്ഥികം. ഇവയില്‍ സൂക്ഷ്മതല നിവാസികളാണ് ആദിരൂപങ്ങള്‍. ഇവ പാരമാര്‍ത്ഥിക സത്യത്തിന്റെ പരിണാമഫലങ്ങളാകുന്നു. ഇവയ്‌ക്ക് സൃഷ്ടി നിലനില്‍ക്കുന്നതു വരെ മാത്രമേ അസ്തിത്വമുള്ളൂ. എന്നാല്‍ സൂക്ഷ്മതല തത്ത്വങ്ങളാകുന്ന ഈ ആദിരൂപങ്ങള്‍ ദൃശ്യപ്രപഞ്ചത്തിന്റെ ആധാര ശിലകള്‍ ആണെന്നതും സ്ഥൂലലോക വസ്തുക്കളുടെ മൂന്നു കാലാംശങ്ങളിലും ഇവ നിലനില്‍ക്കുന്നുവെന്നതും, ഈ സാമാന്യങ്ങള്‍ക്ക് വ്യക്തികളെക്കാള്‍ സ്ഥൈര്യമുണ്ടെന്നതുമാണ് ഇവിടെ പ്രസക്തമായിട്ടുള്ളത്. ഇവ മിത്തുകളുടെ രൂപത്തില്‍ ഋഷിരചനകളില്‍ അവതരിപ്പിക്കപ്പെട്ടതിന്റെ കാരണം ഇതുതന്നെയാകുന്നു. പുരാണേതിഹാസങ്ങളെ ഭാരതീയര്‍ ദിവ്യമായിക്കരുതുന്നതും ഇക്കാരണത്താലാകുന്നു.
സര്‍ഗ്ഗാത്മകതയും ആദിരൂപങ്ങളും
ഭാരതീയര്‍ പുരാതന കാലത്തു തന്നെ ഭാഷയുടെയും കലാ-സാഹിത്യത്തിന്റെയും അടിസ്ഥാനങ്ങളെ അത്യന്തം ആഴത്തില്‍ പഠനവിധേയമാക്കിയിരുന്നു. ഇവയുടെയെല്ലാം ആധാരത്തെ ശബ്ദബ്രഹ്‌മം, സ്ഫോടം, നാദബ്രഹ്‌മം, ഓങ്കാരം എന്നിങ്ങനെ വിവിധ നാമങ്ങളില്‍ വിവക്ഷിക്കുകയുണ്ടായി. കലയുടെ രസാസ്വാദനം അന്തഃകരണ ശുദ്ധീകരണത്തിനും ചിത്ത വികാസത്തിനും വഴിയൊരുക്കുന്നുവെന്നും, ഇതിനു കാരണം കലയുടെ ഉത്ഭവസ്ഥാനം ദൈവികമാണെന്നുമാണ് ഭരതമുനിയുടെ ലോകപ്രശസ്ത കൃതിയായ ‘നാട്യശാസ്ത്രം’ ഉദ്ബോധിപ്പിക്കുന്നത്. അബോധ മനസ്സിലെ ആദിരൂപങ്ങളാകുന്ന സൂക്ഷ്മ സത്തകളെ ബോധ മനസ്സിന് ഉദാത്തവല്‍ക്കരിക്കാന്‍ സാധിച്ചാല്‍ അത് വ്യക്തിവികാസത്തിലേക്ക് നയിക്കുമെന്ന യുങ്ങിന്റെ സിദ്ധാന്തം ഇതിന്റെ പശ്ചാത്തലത്തിലും കാണാവുന്നതാണ്. കാരണം യുങ്ങിന്റെ സിദ്ധാന്തത്തില്‍ സര്‍ഗ്ഗാത്മകതയും ആദിരൂപങ്ങളുടെ പട്ടികയില്‍പ്പെടുന്നതാണ്.
ഭാഷയുടെ അടിസ്ഥാനം അതീന്ദ്രീയമായിട്ടുള്ള സൂക്ഷ്മതത്ത്വമാണെന്നാണ് ഭര്‍ത്തൃഹരിയുടെയും ഭാഷാദര്‍ശനം. ഭാഷയുടെ ഈ അടിസ്ഥാനത്തെയാണ് വൈയ്യാകരണന്മാര്‍ ‘സ്ഫോടം’ എന്നു വിളിച്ചത്. ‘വാക്യപദീയ’ത്തില്‍ ഭര്‍ത്തൃഹരി ശബ്ദത്തിന്റെ സൂക്ഷ്മാവസ്ഥകളെ വിസ്തരിക്കുന്നുമുണ്ട്. ശബ്ദം പുറപ്പെടുന്നതിനു മുമ്പ് വക്താവിന്റെ മനസ്സില്‍ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ അതിനു മുമ്പ് ‘പശ്യന്തി’ എന്ന അവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ശബ്ദത്തെ ബോധ മനസ്സിന് ഗ്രഹിക്കാന്‍ സാധ്യമല്ല. പശ്യന്തിയുടെയും അടിസ്ഥാന തലമാണ് ശബ്ദത്തിന്റെ പരാവസ്ഥ. ഇവിടെ യുങ്ങിന്റെ അബോധതലത്തെ ശബ്ദത്തിന്റ പരാവസ്ഥയായും, അതില്‍ നിന്നുദ്ഭവിക്കുന്ന ആദിരൂപമാകുന്ന സര്‍ഗ്ഗാത്മകതയെ പശ്യന്തി അവസ്ഥയിലുള്ള സൂക്ഷ്മ ശബ്ദമായും താരതമ്യം ചെയ്യാവുന്നതാണ്.
‘നാട്യശാസ്ത്ര’ത്തെ വ്യാഖ്യാനിച്ച ഭട്ടനായകന്‍, അഭിനവ ഗുപ്തന്‍ മുതലായ കാവ്യ മീമാംസകര്‍ കലാസാഹിത്യത്തിന്റെ ആധാരം അനശ്വര സത്യത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വ്യക്തമാക്കിയതാണ്. ഭട്ടനായകന്റെ, കലാസ്വാദനത്തില്‍ സംഭവിക്കുന്ന ‘സാധാരണീകരണ’ത്തില്‍ ഭാവങ്ങള്‍ വൈയക്തിക ബന്ധങ്ങളും സ്ഥല-കാല പരിമിതികളും വിട്ട് അവയുടെ സ്വാഭാവികമായിട്ടുള്ള നിര്‍മലാവസ്ഥ പ്രാപിക്കുമ്പോള്‍ അവയെല്ലാം തന്നെ സമാനമായി ബ്രഹ്‌മാനന്ദ സദൃശം രസകരമാകുന്നു. അഭിനവ ഗുപ്തന്‍ വ്യക്തമാക്കുന്നത്, ഈ ഭാവങ്ങള്‍ രസത്തെ ജനിപ്പിക്കേണ്ടതില്ല, ഇവ സ്വാഭാവികമായിത്തന്നെ രസാത്മകമാണ്. വിഘ്നങ്ങള്‍ മാറുമ്പോള്‍ സഹജമായ നിര്‍മലാവസ്ഥ പ്രാപിക്കുന്നതോടെ ഇവയുടെ രസം അഭിവ്യക്തമാവുകയാണ്.
രണ്ടുപേരുടെയും അപഗ്രഥനത്തില്‍ വൈയക്തിക സ്വഭാവവും സ്ഥല-കാല പരിമിതികളും വിടുമ്പോള്‍ ഭാവരസം അനശ്വരമായ ബ്രഹ്‌മാനന്ദത്തോട് സാദൃശ്യമുള്ളതാകുന്നു. വൈയക്തികതയില്‍ നിന്നു മുക്തമാകുന്നതിനാല്‍ ഇവിടെ എല്ലാവരിലുമുള്ള എല്ലാ ഭാവരസങ്ങളും ഒരുപോലെ ആനന്ദദായകമാകുന്നു. അതായത് കാവ്യരസം അതിന്റെ ആധാരമാകുന്ന ഏറ്റവും അനശ്വരവുമാകുന്ന സത്തയിലേക്ക് ആസ്വാദകരെ നയിക്കുന്നുവെന്നതാണ് ദര്‍ശനം. ഇതിനാലാണ് ഭരതമുനി, ഭര്‍ത്തൃഹരി, ഭട്ടനായകന്‍, അഭിനവ ഗുപ്തന്‍ മുതലായ ആചാര്യന്മാരുടെ പ്രബോധനത്തില്‍ ഭാഷയും കലാസാഹിത്യവും സത്യസാക്ഷാത്കാരത്തിലേക്കുള്ള മാര്‍ഗ്ഗങ്ങളാകുന്നത്. ഇവരുടെ ദര്‍ശനങ്ങള്‍ യുങ്ങിന്റെ അപഗ്രഥനത്തിലെ സമാഹൃത അബോധത്തെയും അതിന്റെ സൃഷ്ടികളാകുന്ന ആദിരൂപങ്ങളെയും കുറിച്ചുള്ള സിദ്ധാന്തത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്.
ബോധ സമാഹൃതം
ഒരു മനുഷ്യന്റെ ബോധമനസ്സ് മറ്റ് മനുഷ്യരുടെ ബോധമനസ്സില്‍ നിന്ന് വ്യത്യസ്തമാണ്. എന്നാല്‍ ഈ വ്യത്യസ്ത മനസ്സുകള്‍ തമ്മില്‍ ബന്ധം പുലര്‍ത്തുന്നുണ്ടല്ലോ. ഈ സമ്പര്‍ക്കത്തെ അടിസ്ഥാനപ്പെടുത്തി യുങ് ‘ബോധ സമാഹൃതം’ എന്ന സംജ്ഞ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് മനുഷ്യസമൂഹം എന്ന അര്‍ത്ഥം മാത്രമേ യുങ് കല്‍പ്പിച്ചിട്ടുള്ളൂ. ബോധമനസ്സുകളുടെ സമൂഹം അഥവാ ‘ബോധ സമാഹൃതം’ സമാഹൃത അബോധത്തെപ്പോലെയല്ല. ബോധ മനസ്സുകള്‍ തമ്മില്‍ വ്യത്യസ്തത പുലര്‍ത്തുന്നതിനാല്‍ ബോധ സമാഹൃതത്തിന്റെ നൈരന്തര്യത്തെയോ സമഷ്ടിയെയോ കുറിച്ച് പറയാനാവില്ല. എന്നാല്‍ അവയുടെ ഉള്ളടക്കത്തിലും പ്രവര്‍ത്തനങ്ങളിലും ചില സമാനതകളുണ്ട്. ദേഷ്യം, സ്നേഹം മുതലായ അവസ്ഥകളും, ബാഹ്യലോക അനുഭൂതങ്ങള്‍ സ്വീകരിക്കുക, അവയോട് പ്രതികരിക്കുക മുതലായ പ്രവര്‍ത്തനങ്ങളും മറ്റും എല്ലാ മനസ്സുകള്‍ക്കുമുള്ളതാണ്. ഇതിനര്‍ത്ഥം ബോധമനസ്സുകള്‍ തമ്മില്‍ നൈരന്തര്യമില്ലെങ്കിലും അവയുടെയെല്ലാം സ്രോതസ്സ് ഏകമാണെന്നാകുന്നു. ഇത് അബോധതലമാണ്. അതായത് ജീവികളുടെ അബോധതലങ്ങള്‍ തമ്മില്‍ നൈരന്തര്യമുണ്ട്. അനുസ്യൂതവും ഏകവുമായിട്ടുള്ള ഈ തലത്തില്‍ നിന്നാണ് വ്യത്യസ്തങ്ങളായിട്ടുള്ള ബോധ മനസ്സുകള്‍ ഉദ്ഭവിക്കുന്നത്.
അടുത്തത്: ശൈവ തന്ത്രവും യുങ്ങിന്റെ തെറ്റിദ്ധാരണകളും














