പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ മാറ്റുരയ്‌ക്കാന്‍ 45കാരിയായ വീനസ് വില്ല്യംസും. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ സിംഗിള്‍സില്‍ പൊരുതാനിറങ്ങിയ വീനസ് പക്ഷെ ഫ്രഞ്ച് ഓപ്പണില്‍ വനിതാ ഡബിള്‍സില്‍ ആണ് പോരാട്ടത്തിനിറങ്ങുന്നത്. അമേരിക്കയില്‍ നിന്നുള്ള 21കാരി ഹെയ്‌ലി ബാപ്റ്റിസ്റ്റെ ആണ് വീനിസിന്റെ കൂട്ടാളി.
24നാണ് ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ആരംഭിക്കുക. ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ കളിക്കില്ലെന്ന് വീനസ് വില്ല്യംസ് താരം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സിംഗിള്‍സില്‍ പോരാടിയത് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ താരമായാണ്. ഫ്രഞ്ച് ഓപ്പണില്‍ വീനസ് ഒരിക്കല്‍ പോലും ജേതാവായിട്ടില്ല. 2002ല്‍ ഫൈനലിലെത്തിയെങ്കിലും സഹോദരി സെറീന വില്യംസിനോട് പരാജയപ്പെട്ടു. ഡബിള്‍സില്‍ 1999, 2010 വര്‍ഷങ്ങളില്‍ സഹോദരി സെറീനയ്‌ക്കൊപ്പം ടൈറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.















