ന്യൂദൽഹി : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ സംഘടനാ ശില്പിയും മുൻ ദേശീയ അധ്യക്ഷനുമായിരുന്ന പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷത്തോടനുബന്ധിച്ച് എബിവിപി ദൽഹിയിലെ ഡോ. ശ്യാമ പ്രസാദ് മുഖർജി സിവിക് സെന്ററിൽ ‘പ്രിയ ഖേൽക്കർ ജി’ എന്ന പേരിൽ വിപുലമായ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. രാഷ്‌ട്രീയ സ്വയംസേവക സംഘം സർകാര്യവാഹ് ശ്രീ ദത്താത്രേയ ഹൊസബാളെ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
മുൻ എ.ബി.വി.പി ദേശീയ അധ്യക്ഷൻ പ്രൊഫ. രാജ്കുമാർ ഭാട്ടിയ , ദേശീയ അധ്യക്ഷൻ പ്രൊഫ. രഘുരാജ് കിഷോർ തിവാരി , അഖില ഭാരതീയ ഛാത്ര കാര്യ പ്രമുഖ് മനു ശർമ്മ കട്ടാരിയ , എ.ബി.വി.പി ദൽഹി അധ്യക്ഷൻ ഡോ. തപൻ ബിഹാരി , എ.ബി.വി.പി ദൽഹി സെക്രട്ടറി സാർത്ഥക് ശർമ്മ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മുതിർന്ന ആർ.എസ്.എസ് പ്രചാരകർ, വിവിധ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാർ, രജിസ്ട്രാർമാർ, പ്രൊഫസർമാർ, ദൽഹി നിയമസഭാ സ്പീക്കർ, ദൽഹി സർക്കാർ മന്ത്രിമാർ, മറ്റ് സംഘപരിവാർ സംഘടനകളിലെ പ്രവർത്തകർ, വൻതോതിലുള്ള വിദ്യാർത്ഥി പങ്കാളിത്തം എന്നിവയാൽ ചടങ്ങ് ശ്രദ്ധേയമായി.
ദേശീയ ബോധത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രചോദന സ്രോതസ്സും സംഘടനാ ശില്പിയുമായ പ്രൊഫ. യശ്വന്ത്റാവു ഖേൽക്കർ 1925 ഏപ്രിൽ 25-ന് മഹാരാഷ്‌ട്രയിലെ സോലാപൂരിലെ പന്ഥർപൂരിലാണ് ജനിച്ചത്. വിദ്യാർത്ഥി കാലഘട്ടം മുതൽ രാഷ്‌ട്രസേവനം ജീവിതദൗത്യമായി സ്വീകരിച്ച അദ്ദേഹം 1945-ൽ ആർ.എസ്.എസ് പ്രചാരകനായി. 1955-ൽ നാഷണൽ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായി സേവനമനുഷ്ഠിക്കവേ, സംഘ നിർദ്ദേശപ്രകാരം എ.ബി.വി.പിയിൽ പ്രവർത്തനം ആരംഭിച്ചു. അദ്ദേഹത്തിന്റെ സവിശേഷമായ പ്രവർത്തന ശൈലിയിലൂടെ എ.ബി.വി.പിക്ക് പ്രത്യയശാസ്ത്രപരമായ വ്യക്തതയും ശക്തമായ സംഘടനാശേഷിയും പ്രാപ്തമായി. ഇത് സംഘടനയെ ഭാരതത്തിലുടനീളം ശക്തമായി വളരാൻ സഹായിച്ചു. വിദ്യാർത്ഥി ശക്തിയെ രാഷ്‌ട്രനിർമ്മാണത്തിനുള്ള ഒരു കരുത്തായി മാറ്റുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.
പരിപാടിയിൽ പുനെയിൽ നിന്നുള്ള മിലിന്ദ് ഭദ്ഗെയുടെ നേതൃത്വത്തിലുള്ള സംഘം ‘പ്രിയ ഖേൽക്കർ ജി’ എന്ന പ്രത്യേക കലാപരിപാടിയിലൂടെ പ്രൊഫ. ഖേൽക്കറുടെ ജീവിതവും ചിന്തകളും സംഘടനാ രീതികളും ഹൃദ്യമായി ആവിഷ്കരിച്ചു.
“ഡോ. ഹെഡ്ഗേവാറിന്റെ പൈതൃകത്തിന്റെ യഥാർത്ഥ പിൻഗാമി പ്രൊഫ. യശ്വന്ത്റാവു ഖേൽക്കർ ആണെന്ന് ബാലാസാഹേബ് ദേവറസ് ജി പറയുമായിരുന്നു. എ.ബി.വി.പി.യുടെ ശക്തമായ അടിത്തറ പണിത സംഘടനാ തത്വങ്ങൾ നൽകിയത് പ്രൊഫ. ഖേൽക്കറാണ്. എ.ബി.വി.പി കേവലം പ്രക്ഷോഭങ്ങളിൽ മാത്രം ഒതുങ്ങാതെ, സർഗ്ഗാത്മകമായ പ്രവർത്തനങ്ങളിലേക്കും രാഷ്‌ട്രനിർമ്മാണത്തിലേക്കും നയിക്കപ്പെടുന്നുവെന്ന് അദ്ദേഹം ഉറപ്പാക്കി. ടീം വർക്ക്, ലാളിത്യം, വിഭവങ്ങളുടെ ശരിയായ വിനിയോഗം, സ്നേഹനിർഭരമായ സംഘടനാ ശൈലി എന്നിവയിലൂടെ അദ്ദേഹം സംഘടനാ ജീവിതത്തിന്റെ ഉത്തമ മാതൃക കാഴ്ചവെച്ചു. അസൂയയോ വിദ്വേഷമോ ഇല്ലാതെ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ജീവിതം പ്രവർത്തകർക്ക് എന്നും പ്രചോദനമാണ്.”- സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ആർ.എസ്.എസ് സർകാര്യവാഹ് ശ്രീ ദത്തത്രേയ ഹൊസബാളെ ജി പറഞ്ഞു.
കൂടാതെ “പ്രൊഫ. യശ്വന്ത്റാവു ഖേൽക്കർ ജിയോടൊപ്പം പ്രവർത്തിക്കുമ്പോൾ എ.ബി.വി.പിയിൽ നിന്ന് എനിക്ക് ലഭിച്ച ജീവിത വീക്ഷണം, പിന്നീട് സംഘത്തിലൂടെ കൂടുതൽ പരിപോഷിപ്പിക്കപ്പെടുകയും സമ്പന്നമാവുകയും ചെയ്തു,” – അദ്ദേഹം കൂട്ടിച്ചേർത്തു
“പ്രൊഫ. യശ്വന്ത്റാവു ഖേൽക്കർ ജിയുടെ ജീവിതയാത്ര ഓരോ പ്രവർത്തകനും മാതൃകയാണ്. ഇന്ന് രാജ്യത്തുടനീളം എ.ബി.വി.പി പിന്തുടരുന്ന പ്രവർത്തന രീതി അദ്ദേഹം പകർന്നുനൽകിയതാണ്. ഒരു പ്രവർത്തകന്റെ വാക്കുകളും പ്രവർത്തിയും തമ്മിൽ വ്യത്യാസമുണ്ടാകരുത് എന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.”- എ.ബി.വി.പി ദേശീയ അധ്യക്ഷൻ പ്രൊഫ. രഘുരാജ് കിഷോർ തിവാരി പറഞ്ഞു.
“പ്രൊഫ. ഖേൽക്കറുടെ വ്യക്തിത്വവും എ.ബി.വി.പിയുടെ പ്രവർത്തന രീതിയും മനസ്സിലാക്കണമെങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തെയും ചിന്തകളെയും ആസ്പദമാക്കിയുള്ള സാഹിത്യങ്ങൾ ഗൗരവമായി പഠിക്കേണ്ടതുണ്ട്. എ.ബി.വി.പിയെ വ്യക്തിത്വ വികാസത്തിനുള്ള ഒരു പരീക്ഷണശാലയായാണ് പ്രൊഫ. ഖേൽക്കർ കണ്ടിരുന്നത്.”- മുൻ ദേശീയ അധ്യക്ഷൻ പ്രൊഫ. രാജ്കുമാർ ഭാട്ടിയ പറഞ്ഞു
















