തിരുവനന്തപുരം: കവടിയാറിൽ ഭർത്താവിനൊപ്പം നടപ്പാതയിലൂടെ പോകുമ്പോൾ നവവധു , നിയന്ത്രണം വിട്ട കാർ ഇടിച്ച് മരിച്ച സംഭവം സമൂഹത്തിന്റെ ഇരട്ടമുഖത്തെ തുറന്നുകാട്ടുന്നതാണ്. ഒരുവശത്ത് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്നവരെ സഹായിക്കാൻ മടിച്ച്, മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താൻ തിരക്കുകൂട്ടിയ ജനക്കൂട്ടത്തിന്റെ നിർദയത; മറുവശത്ത് മനുഷ്യജീവൻ രക്ഷിക്കാനായി സ്വന്തം സുരക്ഷയും സൗകര്യവും നോക്കാതെ ഇടപെട്ട നന്മയുടെ ഉദാഹരണം.
തിരക്കേറിയ റോഡിൽ പട്ടാപകൽ നടന്ന അപകടത്തിന് പിന്നാലെ വലിയ ആൾക്കൂട്ടം രൂപപ്പെട്ടെങ്കിലും, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഉടൻ തയ്യാറാകാൻ പലർക്കും കഴിഞ്ഞില്ല. അപകടദൃശ്യങ്ങൾ പകർത്താനായിരുന്നു പലരുടെയും താൽപര്യം. ഈ സാഹചര്യത്തിലാണ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഇടപെട്ടത്.
സ്വന്തം കാറിലുണ്ടായിരുന്ന മകൾ സാവിത്രിയെയും കൂട്ടി യാത്ര ചെയ്യുന്നതിനിടെയാണ് സന്ദീപ് അപകടസ്ഥലത്തെത്തിയത്. രക്തത്തിൽ കുളിച്ചുകിടന്ന പരിക്കേറ്റവരെ കണ്ടപ്പോൾ മകളുടെ മാനസികാവസ്ഥയോ വാഹനത്തിലെ അസൗകര്യങ്ങളോ ചിന്തിക്കാതെ, ഗുരുതരമായി പരിക്കേറ്റ നവവധുവിനെയും മറ്റൊരു പരിക്കേറ്റയാളെയും സ്വന്തം കാറിൽ കയറ്റി പട്ടം എസ്‌യുടി ആശുപത്രിയിലേക്ക് അതിവേഗം എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചശേഷവുംകുട്ടിയെ ആശുപത്രി വരാന്തയിൽ കസേരയില്‍ ഇരുത്തിയിട്ട് ആവശ്യമായ ക്രമീകരണങ്ങൾക്കായി സന്ദീപ് ഓടിനടന്നു. പരിചയമുള്ള ആശുപത്രി ജീവനക്കാര്‍ വിളിച്ചറിയച്ചതിനെതുടര്‍ന്ന് സന്ദീപിന്റെ ഭാര്യ സബിത എത്തിയാണ് മകൾ സാവിത്രിയെ കൂട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ കുട്ടിക്ക് മാനസിക ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലെന്നും, കണ്ട സംഭവങ്ങൾ വ്യക്തമായി വിവരിച്ചുവെന്നും കുടുംബം പറയുന്നു.
സംഭവത്തെക്കുറിച്ച് സന്ദീപ് വിശദീകരിച്ചതിങ്ങനെ:
“പത്തുമിനിറ്റോളം ട്രാഫിക്കിൽപ്പെട്ടു. കുറച്ചുകഴിഞ്ഞാണ് വാഹനാപകടമാണെന്ന് മനസ്സിലായത്. ഉടൻ കാറിൽ നിന്നിറങ്ങി അപകടസ്ഥലത്തെത്തുമ്പോൾ കാണുന്നത് മൂന്ന് കാറുകളും സ്കൂട്ടറും അപകടത്തിൽ തകർന്നുകിടക്കുന്നതാണ്.
അപകടം നടന്നിട്ട് 20 മിനിറ്റോളം കഴിഞ്ഞിട്ടും ആരും പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചിരുന്നില്ല. റോഡ് ബ്ലോക്കായതോടെ പോലീസിനും ആംബുലൻസിനും അവിടേക്ക് എത്തിപ്പെടാനായില്ല.
പരിക്കേറ്റവരെ തന്റെ കാറിലേക്ക് കയറ്റാൻ സഹായിക്കണമെന്ന് അവിടെയുണ്ടായിരുന്നവരോട് അഭ്യർഥിച്ചു.
ഒരുപാട് പിന്നിൽ കിടന്ന തന്റെ കാറിലേക്ക് പരിക്കേറ്റ പെൺകുട്ടിയെയും മറ്റൊരാളെയും അവിടെയുണ്ടായിരുന്നവർ ചേർന്ന് കയറ്റാൻ സഹായിച്ചു. തുടർന്ന് വേഗത്തിൽ പട്ടത്തെ ആശുപത്രിയിലെത്തിച്ചു.എസ് യു ടി ആശുപത്രിയിലേക്ക് അക്ഷരാർത്ഥത്തിൽ പറക്കുകയായിരുന്നു. നിർത്താതെയുള്ള ഹോൺ കേട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങൾ ഒതുക്കി തരാൻ എല്ലാവരും തയ്യാറായി എന്നതാണ് ആകെയുള്ള ആശ്വാസം. വൺവേ ട്രാഫിക് ഒക്കെ തെറ്റിച്ചാണ് ആശുപത്രിയിൽ എത്തിയത്.
അൽപം കൂടി നേരത്തെ ആശുപത്രിയിലെത്തിക്കാനായിരുന്നുവെങ്കിൽ പെൺകുട്ടിയെ രക്ഷിക്കാനായേനെയെന്ന വേദന ഇപ്പോഴും മനസ്സിലുണ്ട്.”
ഈ സംഭവം ഒരു വലിയ ചോദ്യമാണ് സമൂഹത്തിന് മുന്നിൽ ഉയർത്തുന്നത് — ദുരന്തസമയങ്ങളിൽ നമ്മൾ കാണികളാകണമോ, കൈത്താങ്ങാകണമോ? സാങ്കേതിക വിദ്യ മനുഷ്യനിലവാരം കുറയ്‌ക്കുമ്പോഴും, ചിലരുടെ ഇടപെടലുകൾ മനുഷ്യസ്നേഹത്തിന്റെ വിളക്കായി തുടരുന്നുവെന്ന പ്രതീക്ഷയാണ് ഇത്തരം പ്രവർത്തികൾ നൽകുന്നത്.
കവടിയാര്‍ അപകടം
ഭര്‍ത്താവിനൊപ്പം നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന നവവധുവിന് അമിതവേഗത്തില്‍ പാഞ്ഞെത്തിയ കാറിടിച്ച് ദാരുണാന്ത്യം. രണ്ടു കാറുകളും സ്‌കൂട്ടറും ഇടിച്ചുതെറിപ്പിച്ച് നഗരത്തെ നടുക്കിയ അപകടപരമ്പരയില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഒരു മരണവും ആറുപേര്‍ക്ക് ഗുരുതരപരിക്കുമേറ്റു.
നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് ചിറ്റൂര്‍ പൊല്‍പ്പുള്ളി കമ്പിളിച്ചുങ്കം വേര്‍ക്കോലിയില്‍ നൗഷിജയാണ് (24) കവടിയാര്‍-കുറവന്‍കോണം റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് ആഷിക് സാനു ഉള്‍പ്പെടെയുള്ളവര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു നഗരത്തെ നടുക്കിയ അപകടപരമ്പര.
കഴിഞ്ഞ മാസം വിവാഹം കഴിഞ്ഞ നൗഷിജയും ആഷിക്കും മധുവിധു ആഘോഷിക്കാനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു. കുറവന്‍കോണം ഭാഗത്തുനിന്ന് അമിതവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു















