Kerala

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: കായംകുളത്തെ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിൽ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ വിമർശനവുമായി പാർട്ടി അംഗങ്ങൾ രംഗത്തെത്തി. യു.പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച പ്രതികാരം എന്ന് പാർട്ടി അംഗങ്ങളുടെ സമൂഹമാധ്യമ കുറിപ്പുകൾ. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ള നേതാക്കളുടെ പേര് പറഞ്ഞും വിമർശനമുണ്ട്.

കായംകുളത്ത് പാർട്ടിയും അവിടത്തെ എംഎൽഎ ആയിരുന്ന യു.പ്രതിഭയും തമ്മിൽ വർഷങ്ങളായി അസ്വാരസ്യം നിലനിന്നിരുന്നു. അതിന്റെ തന്നെ പ്രതികാരമായി പാർട്ടി തന്നെ പ്രതിഭയെ തോൽപ്പിക്കുകയായിരുന്നുവെന്നാണ് ഒരു വിഭാഗം പാർട്ടി അംഗങ്ങൾ പറയുന്നു. വോട്ടെണ്ണലിൽ മൂന്നു പഞ്ചായത്തുകളിൽ ശക്തമായ കാലുവാരൽ നടന്നു. കായംകുളം നഗരസഭയിൽ മാത്രം എണ്ണായിരം വോട്ടുകൾക്ക് പ്രതിഭ പിന്നിൽ പോയിരുന്നു.

പാർട്ടി ഉരുക്കുകോട്ടകളെന്ന് വിശേഷിപ്പിച്ചിരുന്ന ചെട്ടിക്കുളങ്ങരയും പത്തിയൂരും സിപിഎമ്മിന് വലിയ തിരിച്ചടി ഉണ്ടായി. ഇതെല്ലാം പാർട്ടിയിലെ പല നേതാക്കളും അറിഞ്ഞുകൊണ്ടാണെന്നാണ് ഒരു വിഭാഗം അംഗങ്ങൾ വ്യക്തമാക്കുന്നത്. കൂടാതെ ബൂത്തുതലത്തിലെ പ്രവർത്തനങ്ങളും വളരെ മോശമായിരുന്നു. പല ബൂത്തുകമ്മിറ്റികളും യോഗം ചേർന്നിരുന്നില്ലെന്ന വിമർശനവുമുണ്ട്. അഭ്യർത്ഥനകൾ വീടുകളിൽ എത്തിക്കുന്നതിലും വീഴ്ചയുണ്ടായിയെന്നും വിമർശനം.

പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞതായും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും പ്രതിഭ പറഞ്ഞു. യഥാർഥ ശ്രീനാരായണീയയായ തനിക്കെതിരേ വെള്ളാപ്പള്ളി കരുനീക്കം നടത്തിയെന്നും സംസ്ഥാനത്തുടനീളം ഇത്തരത്തിൽ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നുവെന്നും പ്രതിഭ കുറ്റപ്പെടുത്തി. യുഡിഎഫ് സ്ഥാനാർഥി എം. ലിജുവാണ് ഇത്തവണ പ്രതിഭയ്‌ക്കെതിരേ വിജയം നേടിയത്. യുഡിഎഫ് 76,651 വോട്ടുകൾ നേടിയപ്പോൾ പ്രതിഭയ്‌ക്ക് 61,079 വോട്ടുകളാണ് ലഭിച്ചത്.

Recent Posts