തിരുവനന്തപുരം: 15 കോടിയോളം വിലവരുന്ന ഭൂമി മലപ്പുറത്ത് നിന്നുള്ള ഭൂമാഫിയ തട്ടിയെടുത്തതായി പരാതി. കിളിമാനൂര്‍ സ്വദേശി കെ. വിശ്വംഭരന്റെ തിരുവനന്തപുരം – കൊട്ടാരക്കര ഹൈവേയില്‍ കാരേറ്റ് ടൗണില്‍ ഉള്ള 83 സെന്റ് വസ്തുവാണ് തട്ടിയെടുത്തത്. കോടതി ഇടപെട്ടിട്ടും വില്‍പ്പനകരാര്‍ രജിസ്റ്റര്‍ ചെയ്യാതെ ഭൂമി തട്ടിയെടുത്തെന്നാണ് പരാതി. മലപ്പുറം ജില്ല കല്‍പകഞ്ചേരി സ്വദേശി ആനപ്പടിക്കല്‍ ആസാദിനും കൂട്ടര്‍ക്കുമെതിരെയാണ് പരാതി.
വസ്ത്ര വ്യാപാരിയായിരുന്ന വിശ്വംഭരന്‍ ബാങ്കിന്റെ ചതിയില്‍പ്പെട്ട് കടക്കാരനായപ്പോള്‍ ബാങ്കിന് എതിരെ 14 വര്‍ഷത്തെ നിയമ പോരാട്ടം നടത്തി നേടിയെടുത്തതായിരുന്നു കാരേറ്റ് ടൗണിലുള്ള 83 സെന്റ് വസ്തു. നിലവില്‍ 15 കോടിയോളം രൂപ വിലവരുന്നതാണെന്ന് 2017ല്‍ തന്നെ കോടതിയുടെ നിര്‍ദേശപ്രകാരം ബാങ്ക് വിലയിട്ടിട്ടുണ്ട്. ആ വസ്തു ബാങ്കില്‍ നിന്നും ജപ്തിയിയിലേക്ക് നീങ്ങിയപ്പോള്‍ ഹൈക്കോടതി വിശ്വംഭരന് ലേലത്തില്‍ പിടിക്കാന്‍ അനുമതി നല്‍കി. ബാങ്കില്‍ മറ്റ് വസ്തുക്കളില്‍ ബാധ്യത നിലനില്‍ക്കുന്നതിനാല്‍ പകരം ആളായാണ് ആസാദിനെ ഏര്‍പ്പെടുത്തുന്നത്. ഇരുവരും തമ്മില്‍ കരാര്‍ തയാറാക്കിയാണ് വസ്തു ലേലത്തില്‍ പിടിച്ചത്.
എന്നാല്‍ ആസാദ് പണം നല്‍കുകയോ കരാറുകള്‍ രജിസ്റ്റര്‍ ആക്കുകയോ ചെയ്തില്ല. തുടര്‍ന്ന് ആറ്റിങ്ങല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചു. നിയമപ്രകാരം കരാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചിട്ടും അതിന് തയാറായിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. മലപ്പുറം ജില്ലയിലെ രാഷ്‌ട്രീയ നേതൃത്വത്തില്‍ നിന്ന് സഹായം കിട്ടുമെന്നും രാജ്യത്തിന് അകത്തും പുറത്തും സ്വാധീനമുണ്ടെന്നും ചൂണ്ടിക്കാട്ടി ഭീഷണി തുടരുകയാണെന്നും പരാതിയില്‍ പറയുന്നു.











