കൊച്ചി: ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ചും ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ചും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. അര്‍ജുന്‍ ആയങ്കി പൊലീസിനെ പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിനോട് തനിക്ക് ശക്തമായ വിയോജിപ്പുണ്ടെന്നും എന്നാല്‍ തെറ്റ് ചെയ്തുവെന്നതിന്റെ പേരില്‍ ഒരു പൗരനെ ‘വെടിവെച്ചുകൊല്ലാന്‍’ ഉത്തരവിടാന്‍ ഇത് ബുള്‍ഡോസര്‍ ഭരണമുള്ള ഉത്തര്‍പ്രദേശോ ബിഹാറോ അല്ല എന്നും ആകാശ് തില്ലങ്കേരി പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതികരണം.
ആദ്യമേ വ്യക്തമാക്കട്ടെ—ആർജ്ജുൻ ആയങ്കി പോലീസിനെ പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിനോട് എനിക്ക് ശക്തമായ വിയോജിപ്പുണ്ട്…
ഒരു കള്ളക്കേസിൽ കുടുക്കിയപ്പോൾ ഉണ്ടായ വികാരത്തള്ളിച്ചയിലാകാം അവൻ അങ്ങനെ പ്രതികരിച്ചത്…
ഒരു ജനാധിപത്യ സമൂഹത്തിൽ എതിർപ്പുകൾ പ്രകടിപ്പിക്കേണ്ടത് നിയമപരമായും രാഷ്‌ട്രീയമായുമാണ്.. അല്ലാതെ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടല്ല എന്നൊക്കെ പറയാൻ എളുപ്പമാണ്..അവന്റെ ആ എടുത്തുചാട്ടത്തെ വിമർശ്ശിക്കുമ്പോൾ അതിന് കാരണമായ പോലീസിന്റെ കള്ളക്കേസിനെ ഞാൻ നിസ്സാരവൽക്കരിക്കുന്നില്ല…അതിൽ അവനും കൂട്ടുകാർക്കും ഒപ്പം തന്നെയാണ് അന്നും ഇന്നും എന്നും നിലകൊള്ളുന്നത്..
പക്ഷേ…
ഒരു തെറ്റ് ചെയ്തു എന്നതിന്റെ പേരിൽ ഒരു പൗരനെ “വെടിവെച്ചുകൊല്ലാൻ” ഉത്തരവിടാൻ ഇത് സംഘപരിവാർ ബുൾഡോസർ ഭരണമുള്ള UPയോ ബീഹാറോ അല്ല…
ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും മഹത്വം പറയുന്ന കോൺഗ്രസ്സ് കേരളത്തിൽ സംഘപരിവാർ അജണ്ഡ നടപ്പാക്കാൻ ശ്രമിക്കുകയാണോ?
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടം, ഒരു പൗരന്റെ ജീവനെടുക്കാൻ ആഹ്വാനം ചെയ്ത് തുനിഞ്ഞിറങ്ങുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്…ഭരണകൂട ഭീകരതയ്‌ക്കും സംഘി മോഡൽ അടിച്ചമർത്തലുകൾക്കും മുന്നിൽ തലകുനിക്കാൻ ഉദ്ദേശിച്ചിട്ടില്ല…
നിയമപരമായ തെറ്റുകൾക്ക് നിയമപരമായ ശിക്ഷ നൽകട്ടെ…
അല്ലാതെ, ഭരണകൂടത്തിന്റെ തോക്കിൻമുന കാട്ടി ഭയപ്പെടുത്താമെന്നാണ് കോൺഗ്രസ് സർക്കാർ കരുതുന്നതെങ്കിൽ,
ആ ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ ചെറുത്തുതോൽപ്പിക്കാൻ ഞങ്ങളും മുന്നിൽ തന്നെയുണ്ടാകും..
ഇവിടെ ജനാധിപത്യമാണ്, രാജവാഴ്ചയല്ല..
തെറ്റിന് ശിക്ഷ കൊടുക്കേണ്ടത് കോടതിയാണ്, തോക്കല്ല..! ജനാധിപത്യത്തിലെ മനുഷ്യാവകാശങ്ങളെ കാറ്റിൽപ്പറത്തുന്ന ഭരണകൂട ഭീകരതയോട് ഒത്തുതീർപ്പില്ല..
നിയമം ഏവർക്കും സമമാണ്..അതിൽ തെറ്റ് തിരുത്തലും ഉണ്ടാകണം, നീതിയും നടപ്പിലാകണം..
വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകളിവിടെ തികയാതെ വരും മിസ്റ്റർ മിനിസ്റ്റർ..
















