കൊച്ചി: സിനിമ ഹിറ്റാകുമോ എന്ന് എഐ പറയുന്ന കാലവും വരികയായി. ഇതിനായി ആഗോള സിനിമ മേഖലയിലേക്ക് പുതിയ എഐ സാങ്കേതിക വിദ്യയുമായി മലയാളി സംരംഭകന്‍. കൊച്ചി സ്വദേശിയായ ആദിത് കളത്തില്‍ ബോസ് ന്യൂസീലന്‍ഡിലെ ടൗറംഗയില്‍ നിന്നാണ് ‘കലെസിയോ’ എന്ന എഐ പ്ലാറ്റ്‌ഫോം പുറത്തിറക്കിയത്. സിനിമ സ്‌ക്രിപ്റ്റുകള്‍ക്ക് പ്രേക്ഷക പ്രതികരണം മുന്‍കൂട്ടി വിലയിരുത്തുന്ന സംവിധാനമാണിത്.
സിനിമയാകുന്നതിന് മുന്‍പേ ഒരു കഥ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് എഐ വിലയിരുത്തും. ലോകത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ പ്ലാറ്റ്‌ഫോമാണിത്.
നാളിതുവരെ സിനിമാ റിലീസിന് ശേഷമാണ് തിരക്കഥയിലെ പുതുമ, ഉദ്വേഗജനകമായ നിമിഷങ്ങള്‍, സംഭാഷണങ്ങള്‍, ദൃശ്യാവിഷ്‌കാര ശൈലി തുടങ്ങിയവ പ്രേക്ഷകാനുഭവം, അനുഭൂതി എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ മുന്‍നിര്‍ത്തി വിജയ-പരാജയ സാധ്യതകള്‍ നിര്‍ണയിച്ചിരുന്നത്. ഇവിടെയാണ് കലെസിയോ പുതിയ വഴി തുറക്കുന്നത്. എഴുത്തുകാര്‍ക്കു സംവിധായകര്‍ക്കും നിര്‍മ്മാതാക്കളും സ്‌ക്രിപ്റ്റ് അപ്ലോഡ് ചെയ്യാം. തുടര്‍ന്ന് 10,000 വരെ എഐ പ്രേക്ഷകര്‍ അത് ദൃശ്യാവിഷ്‌കാരമായി ‘കണ്ട്’ വിലയിരുത്തും.
സ്‌ക്രിപ്റ്റുകളുടെ സ്വകാര്യതയും പകര്‍പ്പവകാശവും ഉറപ്പാക്കുന്ന സുരക്ഷാ സംവിധാനങ്ങളോടെയാണ് കലെസിയോ പ്രവര്‍ത്തിക്കുന്നതെന്ന് ആദിത് പറഞ്ഞു. അപ്ലോഡ് ചെയ്യുന്ന സ്‌ക്രിപ്റ്റുകള്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും ഇതില്‍ നല്‍കുന്നുണ്ട്.
പ്രായം, പ്രദേശം, അഭിരുചി എന്നിവയില്‍ വ്യത്യാസമുള്ളവരാണ് എഐ പ്രേക്ഷകര്‍. ഇവര്‍ കഥയോട് പ്രതികരിക്കും. പരസ്പരം സ്വാധീനിക്കും. യഥാര്‍ത്ഥ പ്രേക്ഷക പെരുമാറ്റം പോലെ പ്രതികരണം രൂപപ്പെടും. അവസാനം ‘ഗ്രീന്‍ലൈറ്റ് റിപ്പോര്‍ട്ട്’ ലഭിക്കും. പ്രതികരണം, സ്‌കോര്‍, പ്രേക്ഷക വിഭാഗങ്ങള്‍ എന്നിവ വിശദമായി ലഭിക്കും.
പ്രദേശവും ഭാഷയും പ്രായവും അനുസരിച്ച് പ്രേക്ഷക പ്രതികരണം മാറുന്നത് ഉള്‍ക്കൊണ്ടാണ് ഇത്തരം സംവിധാനത്തിന്റെ പ്രവര്‍ത്തനമെന്ന് ആദിത് ബോസ് പറഞ്ഞു. ഉദാഹരണത്തിന്, മലയാള സിനിമ പ്രേക്ഷകരുടെ യാഥാര്‍ത്ഥ്യബോധം, അഭിനയത്തെ സംബന്ധിച്ച സൂക്ഷ്മ നിരീക്ഷണം, ഇവിടുത്തെ സാമൂഹിക പശ്ചാത്തലങ്ങള്‍ എന്നിവ സമന്വയിക്കുന്ന മനസാണ് എഐ പ്രേക്ഷകര്‍ക്കുള്ളത്.
”മലയാളി പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കും എന്ന് കലെസിയോ മോഡല്‍ ചെയ്യുന്നു. അഭിപ്രായങ്ങള്‍ കൈമാറുന്നു. വിലയിരുത്തലുകള്‍ നടക്കുന്നു. ഇതിലൂടെ സാധാരണ പ്രവചനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തില്‍ ഒരു കഥ എങ്ങനെ സ്വീകരിക്കപ്പെടും എന്ന് മനസ്സിലാക്കാനുള്ള എഐ ടൂളാണിതെന്ന് അദ്ദേഹം പറഞ്ഞു.
സാങ്കേതിക വിദ്യക്ക് ന്യൂസീലന്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസില്‍ പ്രൊവിഷണല്‍ പേറ്റന്റ് ഫയല്‍ ചെയ്തിട്ടുണ്ട്. ലോക ബൗദ്ധിക സ്വത്തവകാശ സംഘടനാ സംവിധാനത്തിലേക്കും സമര്‍പ്പിച്ചിട്ടുണ്ട്. ആദിത്തിന്റെ മെന്ററും, മുന്‍ ടെക്‌നോപാര്‍ക്ക് സിഎഫ്ഒയുമായ ഡോ. കെ.സി. ചന്ദ്രശേഖരന്‍ നായരുടെ പ്രചോദനവും ഇതിന്റെ വികസനത്തിന് പിറകിലുണ്ട്. മലയാള സിനിമയില്‍ തുടങ്ങുന്ന കലെസിയോ പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക് സിനിമാ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി.
















