മുക്കം: ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർക്ക് നീർനായയുടെ കടിയേറ്റു. മുക്കം പെരുമ്പടപ്പ് കരിമ്പ് ഉന്നതിയിൽ താമസിക്കുന്ന ഖദീജ, കഞ്ഞിരമുഴി സ്വദേശി ആദിദേവ് (15), കാരശ്ശേരി സ്വദേശി ഫിദൽ അഹമ്മദ് (9) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ പുഴയിലെ തുമ്പോണ കടവിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. എല്ലാവർക്കും കാലിന് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.











