തിരുവനന്തപുരം:മര്‍ദ്ദനമുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന ഡിവൈഎസ്പി മധുബാബുവിന് എസ്പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം.എസ്എഫ്ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടിനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ കോടതി ശിക്ഷിച്ച ആളാണ് ഡിവൈഎസ്പി മധുബാബു.കോടതി ശിക്ഷിച്ച വിവരം മറച്ചുവെച്ചാണ് മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കമെന്നാണ് വിവരം.
എസ് പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ ഡിപാര്‍ട്ട്‌മെന്റല്‍ പ്രോമോഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.വിവാദത്തെ തുടര്‍ന്ന് ക്രമസാമധാന ചുമതലയില്‍ നിന്ന് നേരത്തെ മധുബാബുവിനെ സര്‍ക്കാര്‍ മാറ്റിയിരുന്നു.നിലവില്‍ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ആലപ്പുഴ ഡിവൈഎസ്പിയാണ് മധു ബാബു.
മധുബാബു അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന് എസ്എഫ്‌ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോട് പരാതിപ്പെട്ടിരുന്നു.മധുബാബു കോന്നി സിഐ ആയിരിക്കെ നിരവധി കേസുകളില്‍ പെടുത്തിയെന്നും ക്രൂരമായി ഉപദ്രവിച്ചുവെന്നും വിജയന്‍ ആചാരി എന്നയാളും ആരോപിച്ചിരുന്നു.മോഷണ സ്വര്‍ണം വാങ്ങിയെന്ന് പറഞ്ഞ് മര്‍ദ്ദിച്ചെന്നും മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചെന്നും ഉള്‍പ്പെടെ വിജയന്‍ ആരോപിച്ചിരുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നും ഇദ്ദേഹത്തിനെതിരെ പരാതികളുയര്‍ന്നിരുന്നു.
















